ന്യൂയോർക്ക് : അമേരിക്കയിലെ ജനപ്രിയ ഗായകൻ ടോണി ബെനറ്റ് (96) വിട പറഞ്ഞു. അമേരിക്കൻ പാട്ടിന്റെ അനശ്വരസ്വരമായി ലോകമെമ്പാടും 5 കോടി ആൽബങ്ങൾ വിറ്റുപോയ ജനപ്രിയ ഗായകന്റെ മരണം ന്യൂയോർക്കിലെ വീട്ടിൽവച്ചായിരുന്നു. 7 വർഷം മുൻപ് അൽസ്ഹൈമേഴ്സ് രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും സംഗീതരംഗത്ത് സജീവമായി തുടരുകയായിരുന്നു.
ജാസ്, പോപ് വിഭാഗങ്ങളിലുൾപ്പെടെ എഴുപതിലേറെ ആൽബങ്ങളിറക്കി ഗായകരിലെ സൂപ്പർതാരമായി മാറിയ ബെനറ്റിന് സമഗ്രസംഭാവനയ്ക്കുള്ളതടക്കം 20 ഗ്രാമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘ഏറ്റവും നല്ല പാട്ടുകാരൻ’ എന്നു സമകാലികനായ ഫ്രാങ്ക് സിനാട്ര വിശേഷിപ്പിച്ച ബെനറ്റ് നല്ല ചിത്രകാരനുമായിരുന്നു.
ന്യൂയോർക്കിലെ ക്വീൻസിൽ കുടിയേറിയ ദരിദ്ര ഇറ്റാലിയൻ കുടുംബത്തിൽ 1926 ഓഗസ്റ്റ് 3നാണ് ആന്തണി ഡോമിനിക് ബെനെഡെറ്റോ എന്ന ടോണി ബെനറ്റിന്റെ ജനനം. രണ്ടാം ലോകയുദ്ധത്തിൽ സൈനികസേവനമനുഷ്ഠിച്ചു തിരികെ വന്നതിനു ശേഷം പാട്ടുകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ബിക്കോസ് ഓഫ് യു (1951) എന്ന ഗാനം സൂപ്പർഹിറ്റായതു വഴിത്തിരിവായി. പിറ്റേവർഷം അദ്ദേഹത്തിന്റെ വിവാഹം ദുഃഖാർത്തരായ ആരാധികമാർ ഇരച്ചുകയറി അലങ്കോലപ്പെടുത്തിയതിൽ വരെയെത്തി താരപദവി.
ദ് വേ യു ലുക്ക് ടുനൈറ്റ്, ബോഡി ആൻഡ് സോൾ, ഐ ലെഫ്റ്റ് മൈ ഹാർട്ട് ഇൻ സാൻഫ്രാൻസിസ്കോ തുടങ്ങിയവ ലോകം ഹൃദയത്തിൽ സ്വീകരിച്ച പാട്ടുകളാണ്. ലേഡി ഗാഗയ്ക്കൊപ്പം 2014 ലെ ചീക് ടു ചീക് ജനപ്രിയ പാട്ടുകളിൽ ഒന്നാമതായിരുന്നു. ഈ കൂട്ടുകെട്ടിലെ രണ്ടാമത്തേത് ‘ലവ് ഫോർ സെയിൽ’ 2021 ൽ പുറത്തിറങ്ങി. ക്ലാസിക് ഗാനങ്ങൾ പാടിയെന്നു മാത്രമല്ല ബെനറ്റ് ഒരു അമേരിക്കൻ ക്ലാസിക് തന്നെയായിരുന്നെന്ന് യുഎസ് സർക്കാർ അനുസ്മരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം