രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും ‘പദ്മിി’ സിനിമയുടെ പ്രമോഷന് പങ്കെടുത്തില്ലെന്ന ആരോപണവുമായി നിർമാതാവ് രംഗത്തെത്തിയത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ സ്വന്തം അനുഭവം വെളിപ്പെടുത്തുകയാണ് നിർമാതാവ് ജോളി ജോസഫ്. താൻ നിർമിച്ച സിനിമകളിലൊന്നിന്റെ തിരക്ക് പിടിച്ച ഷൂട്ടിങ്ങിനിടയിൽ, ഒരു വാക്കുപോലും പറയാതെ നായക നടൻ മറ്റൊരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ പോയെന്നും അതുമൂലം തനിക്കു നഷ്ടപ്പെട്ടത് പണം മാത്രമല്ല മറ്റുള്ളവർക്കു നൽകിയ വാക്ക് കൂടിയായിരുന്നുവെന്ന് ജോളി ജോസഫ് പറയുന്നു. പ്രതിഫലം നൽകുമ്പോൾ പ്രമോഷനുവേണ്ടിയെന്നതു കൂടി കൃത്യമായി കരാറുകളിൽ ചേർത്താൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോളി ജോസഫിന്റെ വാക്കുകൾ:
‘‘കുരിശിലേറ്റപ്പെട്ട കുഞ്ചാക്കോ ബോബൻ
അഭിലാഷ് ജോർജ്, പ്രശോഭ് കൃഷ്ണ, സുവിൻ കെ. വർക്കി എന്നിവർ നിർമിച്ച് സെന്നെ ഹെഗ്‌ഡെ സംവിധാനം ചെയ്ത ‘പദ്മിനി’ നല്ല അഭിപ്രായമുള്ള സിനിമയാണ്. എല്ലാവരും അടുത്തുള്ള തിയറ്ററിൽ പോയി കാണുമെന്ന് വിശ്വസിക്കുന്നു. തിയറ്ററുകളിൽ ഇപ്പോൾ നന്നായി ഓടുന്ന സിനിമയിൽ ചാക്കോച്ചനെ കൂടാതെ എന്റെ മകളായി ‘ദ് ഫേസ് ഓഫ് ദ് ഫേസ് ലെസ്സ്’ എന്ന സിനിമയിൽ അഭിനയിച്ച, പ്രശസ്ത സംവിധായകൻ ലാൽ ജോസ് കണ്ടെത്തിയ വിൻസി അലോഷ്യസ്, മാളവിക മേനോൻ, ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, സീമ ജി. നായർ, സജിൻ ചെറുകയിൽ, അൽത്താഫ്, സലിം ഗണപതി എന്നീ താരങ്ങൾ അവരവരുടെ വേഷങ്ങൾ വളരെ ഭംഗിയായും വൃത്തിയായും വെടിപ്പായും ചെയ്തിട്ടുണ്ട്.
‘പദ്മിനി’ എന്ന സിനിമയിൽ പ്രതിഫലം വാങ്ങി നായകനായി അഭിനയിച്ച, സിനിമാ കുടുംബത്തിൽ നിന്നും വരുന്ന നിർമാതാവും നടനുമായ ചാക്കോച്ചനെക്കുറിച്ച് നിർമാതാവ് സുവിൻ കെ. വർക്കിയുടെ, അക്ഷരാർഥത്തിൽ എന്നെ ഞെട്ടിച്ച ആരോപണം അറിഞ്ഞതിലാണ് എന്റെ ഈ കുറിപ്പ്. അടപടലം താരരാജാക്കന്മാരെന്ന് സ്വയം വിശ്വസിച്ച് വാഴുന്ന വിലസുന്ന ഇന്നലെ മുളച്ച ചില തകര കൂട്ടങ്ങൾ കാണിക്കുന്ന കോപ്രായങ്ങളേക്കാൾ എത്രയോ വ്യത്യസ്തനാണ് ചാക്കോച്ചനെന്ന് ഒട്ടനവധി നല്ല നിർമാതാക്കളും സംവിധായകരും സഹപ്രവർത്തകരും എന്നോട് പറഞ്ഞിട്ടുണ്ട്. കൃത്യസമയത്തു സെറ്റിൽ വരുന്ന എല്ലാവരോടും വലിപ്പച്ചെറുപ്പമില്ലാതെ നന്നായി ഇടപഴകുന്ന, വർഷങ്ങളായി എനിക്കറിയാവുന്ന ചങ്ങാതിയും തികച്ചും മാന്യനുമായ ചാക്കോച്ചനെ നായക കഥാപാത്രമാക്കി പലപ്രാവശ്യം ആലോചിച്ചെങ്കിലും ഇന്നേവരെ ഒരു സിനിമയെടുക്കാനുള്ള സൗഭാഗ്യം എനിക്കുണ്ടായിട്ടില്ല.
ഞാൻ നിർമിച്ച സിനിമകളിലൊന്നിന്റെ തിരക്ക് പിടിച്ച ഷൂട്ടിങ്ങിനിടയിൽ, വലിയൊരു സംവിധായകന്റെ സിനിമയ്ക്കു വേണ്ടി, എന്നോട് പറയാതെ അടുത്ത കൂട്ടുകാരൻ കൂടിയായിരുന്ന നായക കഥാപാത്രം വണ്ടി കയറിയപ്പോൾ, എനിക്കു നഷ്ടപ്പെട്ടത് പണം മാത്രമല്ല സർവത്ര പ്ലാനിങ്ങുകളും പലരോടും ഞാൻ നൽകിയ വാക്ക് കൂടിയായിരുന്നു. കുറച്ചുകാലം മുൻപ് വളരെ പ്രശസ്ത സംവിധായകൻ എടുത്തൊരു വലിയ സിനിമയിൽ മികച്ചൊരു കഥാപാത്രമായി അഭിനയിക്കാൻ അവസരം നൽകുകയും അന്ന് മുതൽ വളർന്നു പന്തലിച്ച നടനെ നായകനാക്കി അടുത്ത കാലത്ത് റിലീസായ അതേ സംവിധായകന്റെ സിനിമയുടെ ഒരു പോസ്റ്റർ പങ്കുവയ്ക്കാൻ പോലും നായക നടൻ തയാറായില്ല എന്നതാണ് വാസ്തവം. വളർച്ചയുടെ ഗുണം!
എല്ലാവിധ പ്രമോഷനുകളും ഉൾപ്പെട്ട പരിപാടികളിൽ പങ്കെടുക്കുകയും, നിർഭാഗ്യവശാൽ അവസാനത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാൽ നായക നടനെ സോഷ്യൽ മീഡിയയിലും ഒട്ടനവധി വേദികളിലും ‘പൊരിച്ച’ നിർമാതാവിനെയും എനിക്കറിയാം. പുറമെ ധൈര്യം നടിച്ച് പലരും പലതും പറയുമെങ്കിലും കഥപറച്ചലിന്റെ ദൃശ്യാവിഷ്ക്കാരം താരങ്ങളെ സുഖിപ്പിക്കുന്ന രീതിയിൽ ചുട്ടെടുക്കുന്ന നട്ടെല്ലില്ലാത്ത നന്മനിറഞ്ഞ ചില സിനിമാപ്രവർത്തകരുള്ള മലയാള സിനിമാലോകത്തെ ആജ്ഞാനുവർത്തികൾ ഉണ്ടാക്കിവയ്ക്കുന്ന ദോഷം ചെറുതല്ല. തീർച്ചയായും എല്ലാവരുമല്ല, അങ്ങനെയുള്ളവരുടെ കാര്യം മാത്രമാണ് എഴുതിയത്. പണം കൊടുക്കാനുള്ള എഗ്രിമെന്റിൽ ഒരു കാര്യം കൂടി അടയാളപ്പെടുത്തിയാൽ കുറെയെങ്കിലും നന്നാവും, തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സാധിക്കും എന്നാണ് എന്റെ പക്ഷം. ‘ഷൂട്ടിങ്ങിന് പുറമെ, സിനിമ റീലീസിനു മുൻപേ അഞ്ചോ ഏഴോ ദിവസത്തെ പ്രമോഷനും ചേർത്തതാണ് പ്രതിഫലം.
ഇന്ന് എറണാകുളത്ത് നടക്കുന്ന മലയാളം സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താൻ പോകുന്ന, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അന്തസ്സായി തോറ്റ എന്നെ മറ്റുള്ളവർ കുരിശിൽ കയറ്റില്ലെന്ന വിശ്വാസത്തോടെ, സസ്നേഹം ജോളി ജോസഫ്.’’
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം