പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇത്തവണ മുതല്‍ മികച്ച വെബ്‌സീരീസിനുള്ള പുരസ്‌കാരവും നല്‍കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രഖ്യാപിച്ചു.ഇന്ത്യന്‍ ഭാഷയില്‍ ചിത്രീകരിച്ച ഒറിജിനല്‍ സീരീസുകള്‍ക്കാണ് പുരസ്‌കാരം ലഭിക്കുക. ട്വിറ്ററിലൂടെയാണ് മന്ത്രി ഐ.എഫ്.എഫ്.ഐയിലെ പുതിയ മത്സരവിഭാഗം പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ ഒടിടി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചലച്ചിത്രമേളയില്‍ വെബ്‌സീരീസുകള്‍ക്കുള്ള പുരസ്‌കാരവും നല്‍കുന്നത്. പുതിയ സൃഷ്ടികള്‍ ഉണ്ടാകുക, ഇന്ത്യന്‍ ഭാഷകളിലെ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുക, അസാധാരണമായ കഴിവുകളെ തിരിച്ചറിയുക, ഒടിടി വ്യവസായത്തിന്റെ വളര്‍ച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുക എന്നീ കാര്യങ്ങളും പുരസ്‌കാരം ലക്ഷ്യമിടുന്നുണ്ട്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വെബ്‌സീരീസുകള്‍ക്കുള്ള പുരസ്‌കാരവും ഉള്‍പ്പെടുത്തുന്നതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു.
‘അസാമാന്യ പ്രതിഭകളാല്‍ സമ്പന്നമാണ് ഇന്ത്യ. ലോകത്തെ നയിക്കാന്‍ തയ്യാറുള്ള, ഒരു കോടി സ്വപ്നങ്ങളുള്ള, ഉയര്‍ച്ചയും അഭിലാഷവുമുള്ള ഒരു പുതിയ ഇന്ത്യയുടെ കഥ പറയാന്‍ ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഏതെങ്കിലും ഒടിടി പ്ലാറ്റ്ഫോമില്‍ സംപ്രേക്ഷണം ചെയ്യുന്ന, ഇന്ത്യന്‍ ഭാഷയില്‍ ചിത്രീകരിച്ച യഥാര്‍ത്ഥ വെബ് സീരീസിനാണ് പുരസ്‌കാരം നല്‍കുന്നത്. ഈ വര്‍ഷം മുതല്‍ എല്ലാവര്‍ഷവും വെബ്‌സീരീസുകള്‍ക്കുള്ള പുരസ്‌കാരം നല്‍കും.’ അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. 2023 നവംബര്‍ 20 മുതല്‍ നവംബര്‍ 28 വരെയാണ് 54-ാമത് ഐഎഫ്എഫ്‌ഐ നടക്കുക.
Also read :ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ ശക്തമാകും
അതിനിടെ ബുധനാഴ്ച പ്രമുഖ ഓ.ടി.ടി പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളുമായി മന്ത്രി സംവദിച്ചു. ഉള്ളടക്ക നിയന്ത്രണം, ഉപയോക്തൃ അനുഭവം, പ്രത്യേക കഴിവുള്ളവര്‍ക്കുള്ള പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കല്‍, ഓ.ടി.ടി മേഖലയുടെ മൊത്തത്തിലുള്ള വളര്‍ച്ചയും നവീകരണവും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഓ.ടി.ടി പ്ലാറ്റ്ഫോമുകള്‍ വിപ്ലവം സൃഷ്ടിച്ചു. പുതിയ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ആഗോള തലത്തില്‍ പ്രാദേശിക ഉള്ളടക്കം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സ്വന്തം പ്ലാറ്റ്‌ഫോം അശ്ലീലത നിറഞ്ഞ ഉള്ളടക്കം സര്‍ഗാത്മക പ്രകടനമായി മറച്ചുവെച്ച് പ്രചരിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം അതാത് കമ്പനികള്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
‘ഇന്ത്യ വൈവിധ്യമുള്ള രാജ്യമാണ്. ഓ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ രാജ്യത്തിന്റെ കൂട്ടായ മനസ്സാക്ഷിയെ പ്രതിഫലിപ്പിക്കുകയും എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് ആരോഗ്യകരമായ കാഴ്ചാനുഭവം നല്‍കുകയും വേണം. ഇന്ത്യയുടെ സര്‍ഗ്ഗാത്മക സംവിധാനത്തെ നാം തുറന്നുപ്രകടിപ്പിക്കുമ്പോള്‍ നമ്മുടെ സാംസ്‌കാരിക വൈവിധ്യങ്ങളോടും പ്ലാറ്റ്‌ഫോമുകള്‍ സംവേദനക്ഷമമായിരിക്കണം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി കൂടുതല്‍ പങ്കാളിത്തങ്ങളും ഇടപെടലുകളും ഐ ആന്‍ഡ് ബി മന്ത്രാലയം പ്രതീക്ഷിക്കുന്നു’. അനുരാഗ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം