തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ‘ഇല്ലാ ഇല്ലാ മരിക്കില്ലാ’ എന്ന മുദ്രാവാക്യ വിളികളോടെ പ്രവർത്തകർ പ്രിയ നേതാവിനെ യാത്രയാക്കി. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴി കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. എംസി റോഡിൽ പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30ന് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.
ആൾക്കൂട്ടത്തെ ശ്വസിക്കുകയും അവരിലൊരാളായി ജീവിക്കുകയും ചെയ്ത ഉമ്മൻ ചാണ്ടി ആദ്യമായി ശാന്തമായി കണ്ണടച്ചുകിടന്നു. ആയിരക്കണക്കിനു മനുഷ്യരുടെ കണ്ണീർക്കടലിലൂടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് അവസാനമായി ഒഴുകിനീങ്ങി. മുൻ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനസഞ്ചയമാണു തലസ്ഥാനത്തേക്ക് ഒഴുകിയത്. പ്രിയ നേതാവിനെ ഒരുനോക്കു കാണാൻ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും സെന്റ് ജോർജ് കത്തീഡ്രലിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലും ആൾക്കൂട്ടം ആർത്തലച്ചെത്തി. ജനത്തിരക്ക് ഇഷ്ടപ്പെട്ടയാൾക്ക് ജനസാഗരം സാക്ഷിയാക്കി യാത്രാമൊഴി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദർബാർ ഹാളിൽ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു. ഉമ്മൻ ചാണ്ടി കരുത്തനായ നേതാവായിരുന്നെന്നും അടുത്ത സുഹൃത്തിനെയാണു നഷ്ടമായതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. നിയന്ത്രണാതീതമായ തിരക്ക് കാരണം നേരത്തെ നിശ്ചയിച്ച സമയത്തിൽനിന്ന് ഏറെ വൈകിയാണ് മൃതദേഹം വഹിച്ചുള്ള വാഹനം നീങ്ങിയത്.
ചൊവ്വാഴ്ച ൈവകിട്ട് മൂന്നു മണിയോടെത്തന്നെ ജനങ്ങൾ സെക്രട്ടേറിയറ്റ് പരിസരത്ത് തടിച്ചു കൂടിയിരുന്നു. ഏഴു മണിയോടെ ക്യൂ ദർബാർ ഹാളിൽനിന്ന് നബാർഡ് ഓഫിസ് വരെ നീണ്ടു. ഹാളിലെ ഇരുവാതിലുകളിലൂടെയും ആളുകൾ അകത്തേക്ക് കയറിയതോടെ നിയന്ത്രണങ്ങൾ പാളി. ഫാനുകളില്ലാത്ത ഹാളിൽ ജനം ഉരുകിയൊലിച്ചു. പൊതുദർശനം തുടങ്ങി ഒരു മണിക്കൂറിനുശേഷമാണ് കുടുംബാംഗങ്ങൾക്ക് ഇരിക്കാൻ കസേര ലഭിച്ചത്. ബെംഗളൂരുവിൽ മുൻ കർണാടക മന്ത്രി അന്തരിച്ച ടി.ജോണിന്റെ വസതിയിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എം.കെ.സ്റ്റാലിൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരടക്കം ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖർ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലിയർപ്പിച്ചു.
Also read :ആലപ്പുഴയിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കൊട്ടേഷന്‍ സംഘം നടുറോഡില്‍ വെട്ടിക്കൊന്നു
ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു ഉമ്മൻ ചാണ്ടി (79) യുടെ വിയോഗം. ഏറെ നാളായി കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടർന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിൻമയ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളിൽ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവർ ഒപ്പമുണ്ടായിരുന്നു. രണ്ടു തവണയായി ആറേമുക്കാൽ വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ കർമമണ്ഡലമായിരുന്ന തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക വിമാനത്തിൽ മൃതദേഹമെത്തിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും കെപിസിസി ഓഫിസിലും പൊതുദർശനം. ആൾക്കൂട്ടത്തിലലിഞ്ഞായിരുന്നു തലസ്ഥാന നഗരിയിലെ അന്ത്യയാത്ര. പ്രിയനേതാവിനെ അവസാന നോക്കു കാണാനെത്തിയവർ കരഞ്ഞും മുദ്രാവാക്യം വിളിച്ചും പൂക്കളെറിഞ്ഞും വിട ചൊല്ലി.
1970 മുതൽ തുടർച്ചയായി 53 വർഷം (12 തവണ) പുതുപ്പള്ളി എംഎൽഎയായ ഉമ്മൻ ചാണ്ടിയുടെ പേരിലാണ് കൂടുതൽ കാലം നിയമസഭാ സാമാജികനെന്ന റെക്കോർഡ്. പുതുപ്പള്ളിയിലെ വീട്ടിലും പൊതുദർശനം. 1943 ഒക്ടോബർ 31നു പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബിയുടെയും മകനായി ജനിച്ച ഉമ്മൻ ചാണ്ടി, ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ മുത്തച്ഛൻ വി.ജെ.ഉമ്മന്റെ പാത പിന്തുടർന്നാണു രാഷ്ട്രീയത്തിലെത്തിയത്. ആലപ്പുഴ കരുവാറ്റ കുഴിത്താറ്റിൽ കുടുംബാംഗംവും കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥയുമായ മറിയാമ്മയാണു ഭാര്യ. മറിയ (ഏൺസ്റ്റ് ആൻഡ് യങ്, ടെക്നോപാർക്ക്), അച്ചു (ബിസിനസ്, ദുബായ്), യൂത്ത് കോൺഗ്രസ് നാഷനൽ ഔട്ട്റീച് സെൽ ചെയർമാൻ ചാണ്ടി ഉമ്മൻ എന്നിവർ മക്കൾ. മരുമക്കൾ: പുലിക്കോട്ടിൽ കുടുംബാംഗം ഡോ. വർഗീസ് ജോർജ്, തിരുവല്ല പുല്ലാട് ഓവനാലിൽ കുടുംബാംഗം ലിജോ ഫിലിപ് (ദുബായ്). ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്നലെ സംസ്ഥാനത്തു പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക ദുഃഖാചരണം ഇന്നും തുടരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം