തിരുവനന്തപുരം : ലോകപ്രശസ്ത ഡെന്റൽ സർജന്മാരുള്ള എഡിൻബർഗ്ഗിലെ റോയൽ കോളേജുമായി സഹകരിക്കാൻ സവീത ഡെന്റൽ കോളജ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി റോയൽ കോളജിലെ വിദഗ്ധരുടെ ഒരുസംഘം സവീത ഡെന്റൽ കോളജ് സന്ദർശിച്ചു. ഡെന്റൽ സർജറി ഫാക്കൽറ്റി ഡീൻ പ്രൊഫസർ ഫിലിപ്പ് ടെയ്ലർ, ഡെന്റൽ എജ്യുക്കേഷൻ കൺവീനർ ഡോ. ലോചന നാനായക്കര, പ്രൊഫസർ ഗ്രാന്റ് മക്കിന്റയർ എന്നിവരുടെ സംഘമാണ് കോളജിൽ സന്ദർശനം നടത്തിയത്.
ഡെന്റൽ രംഗത്ത് രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായ സവീത ഡെന്റൽ കോളജിന്റെ അടിസ്ഥാന സൗകര്യങ്ങളിലും ശസ്ത്രക്രിയാ വിദ്യാഭ്യാസ രീതിയിലും തുടർന്നുള്ള പരിശീലനത്തിലും സംഘം പൂർണ തൃപ്തി രേഖപ്പെടുത്തി. ആശയങ്ങളുടെ കൈമാറ്റവും വ്യത്യസ്ത രീതിയിലുള്ള പര്യവേക്ഷണവും മൊത്തത്തിലുള്ള വിജ്ഞാന അടിത്തറ വർദ്ധിപ്പിക്കുകയും ഈ മേഖലയിലെ പ്രൊഫഷണലുകളുടെ തുടർച്ചയായ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി സംഘം വിലയിരുത്തി. തുടർന്ന് മെഡിക്കൽ വിദ്യാർത്ഥികളുമായി സംഘം സംവദിച്ചു.
ദന്തചികിത്സ മേഖലയിലെ ക്രോസ്-കൾച്ചറൽ പഠനരീതിയിലെ നവീകരണത്തിനും സഹകരണത്തിനും ഇരു കോളജുകളും തമ്മിൽ ധാരണയായി. ദന്ത ചികിത്സാരംഗത്തു പ്രൊഫഷണലുകളെ വാർത്തെടുക്കുന്ന സവീത ഡെന്റൽ കോളജിന് ലഭിച്ച അംഗീകാരമാണ് റോയൽ കോളജിലെ വിദഗ്ധരുടെ സന്ദർശനം.