പട്ടാമ്പി: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുകയായിരുന്ന കഞ്ചാവ് കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കുലുക്കല്ലൂർ പ്രഭാപുരം വെറ്റിലപ്പാറ പരവക്കൽ വീട്ടിൽ മുഹമ്മദ് ജസീൽ (21)നെയാണ് മട്ടാഞ്ചേരി എക്സൈസ് ഓഫിസിലെ പ്രിവെന്റീവ് ഓഫിസർ കെ.പി. ജയറാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രഭാപുരത്തെ ക്വാർട്ടേഴ്സിൽനിന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2020 ൽ കാസർഗോഡ് നെക്രാജെ ഗ്രാമത്തിലെ ചൂരിപ്പള്ളം റസ്മല ക്വാർട്ടേഴ്സിൽ താമസക്കാരനായിരുന്ന ഇയാൾ രണ്ട് കിലോ കഞ്ചാവ് വിൽപനക്കായി കടത്തി കൊണ്ടുവരുമ്പോഴാണ് മട്ടാഞ്ചേരി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
കേസിൽ റിമാൻഡ് ചെയ്യപ്പെട്ടെങ്കിലും ജാമ്യം നേടി ഒളിവിൽ പോവുകയായിരുന്നു. പാലക്കാട് എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ കെ. വസന്തകുമാറാണ് പ്രഭാപുരം വെറ്റിലപ്പാറയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വർഷമായി കുടുംബത്തോടൊപ്പം കൊപ്പം, ചുണ്ടമ്പറ്റ-പള്ളിപ്പടി, മിഠായി തെരുവ്, പ്രഭാപുരം, വടക്കുമുറി, വണ്ടുംതറ തുടങ്ങിയ സ്ഥലങ്ങളിൽ പത്തോളം വാടക ക്വാർട്ടേഴ്സുകളിൽ മാറി മാറി താമസിച്ചു വരികയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി.
ഇയാളെ എറണാകുളം അഡീഷണൽ സെഷൻസ് കോടതി -8 മുമ്പാകെ ഹാജരാക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു. മയക്കുമരുന്നിന് അടിമയായ മുഹമ്മദ് ജസീൽ വീട്ടിലും നാട്ടിലും സമീപ പ്രദേശങ്ങളിലും വലിയ ശല്യക്കാരനായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം