തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധി വിശദീകരിച്ച് കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ (സിഎംഡി) ബിജു പ്രഭാകർ. കെഎസ്ആർടിസിയെ സംബന്ധിച്ച കാര്യങ്ങൾ ഫേസ്ബുക്ക് ലൈവ് വഴിയാണ് അദ്ദേഹം വിശദീകരിച്ചത്. ഇന്ന് മുതൽ യൂട്യൂബിൽ അഞ്ച് എപ്പിസോഡുകളിലായി കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ താനുണ്ടാക്കിയതല്ല. കെഎസ്ആർടിസിയോട് ഉള്ള താത്പര്യം കാരണം അഞ്ച് വർഷത്തെ പദ്ധതിയുമായിട്ടാണ് താന്‍ വന്നത്. കോവിഡ് പ്രതിസന്ധിയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൃത്യമായി നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി ഉണ്ടാക്കുന്ന എല്ലാ നഷ്ടവും സർക്കാർ നൽകണമെന്ന് പറയാൻ കഴിയില്ല. സർക്കാർ സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
200 കോടി വരുമാനം ലഭിച്ചാൽ 160 കോടിയും മുൻകൂർ ചെലവാകുന്ന അവസ്ഥയാണുള്ളത്. ശമ്പളം നൽകാൻ കെഎസ്ആർടിസിയുടെ കൈവശമുണ്ടാകുന്നത് ശരാശരി 40 കോടി രൂപ മാത്രം. ശമ്പളം പൂർണമായും നൽകാൻ സർക്കാർ കുറഞ്ഞത് 38 കോടിയെങ്കിലും നൽകണം. പണം കൈയിൽവച്ച് ശമ്പളം നൽകാതിരിക്കുന്നില്ല. ശമ്പളം നൽകാൻ കഷ്ടപ്പെടുകയാണെന്ന് വിമർശകർ മനസിലാക്കണമെന്നും ബിജു പ്രഭാകർ പറഞ്ഞു. ഒരു വിഭാഗം തനിക്കെതിരെ അജണ്ടയുമായി മുന്നോട്ടുപോകുകയാണ്. തന്നെ അഴിമതിക്കാരനാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം എഫ്ബി ലൈവിൽ പറഞ്ഞു.
Read more: ഏക സിവിൽകോഡ്: ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണം; യുസിസി സെമിനാറിൽ യെച്ചൂരി
ചിലർ എന്തും പറയാം എന്ന തലത്തിലേക്ക് എത്തി. യൂണിയനുകളല്ല ചില ജീവനക്കാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ച് ബസുകളിൽ ബോർഡ് പതിപ്പിച്ചു. അവർക്കെതിരെ നടപടി സ്വീകരിച്ചില്ല. സമരം നടത്തിയ യൂണിയനുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. കെഎസ്ആർടിസി എന്തുവന്നാലും നന്നാക്കണം എന്നാണ് സർക്കാർ നിലപാട്. വരുമാനത്തിൽനിന്ന് ശമ്പളം കൊടുത്തശേഷം ബാക്കി ചെലവുകൾ നോക്കിയാൽപോരെ എന്നാണ് ചിലരുടെ വാദം. ഡീസലടിച്ചാലേ വണ്ടി ഓടൂ. വണ്ടി ഓടിയാലേ ശമ്പളം കൊടുക്കാന്‍ പൈസ കിട്ടൂ. ഡിഡി നേരത്തെ കൊടുത്താലേ ഡീസൽ കിട്ടൂ. 200 കോടിരൂപ പ്രതിമാസ വരുമാനമുണ്ടെങ്കിൽ 50 കോടിരൂപ ഡീസലിനുപോകും. ബാങ്കുകളിലെ ലോൺ തിരിച്ചടവ് 30 കോടിരൂപയാണ്. 5 കോടിരൂപ ബാറ്റയ്ക്കായി പോകും. സ്പെയർപാട്സും മറ്റു ചെലവുകളും ചേർത്ത് 25 കോടിരൂപ വേണം. 40 കോടിരൂപയാണ് പിന്നെ ശേഷിക്കുന്നത്. ശമ്പളം കൊടുക്കാൻ പ്രതിമാസം 91.92 കോടിരൂപ വേണം. സർക്കാർ സഹായമായി ബാക്കി തുക ലഭിച്ചാലേ മുന്നോട്ടു പോകാന്‍ കഴിയൂ.
പൈസ കയ്യിൽ വച്ചിട്ട് ശമ്പളം നൽകാത്തതല്ല എന്ന് എല്ലാവരും മനസിലാക്കണം. തെറ്റിദ്ധരിച്ച് വിമർശിക്കരുത്. താൻ സിഎംഡിയായിട്ട് ജൂണിൽ മൂന്നു വർഷമാകുന്നു. ട്രാൻസ്പോർട്ട് സെക്രട്ടറിയും സിഎംഡിയുമായി ഒരുദ്യോഗസ്ഥൻ പ്രവർത്തിക്കുന്നതും ആദ്യമാണ്. കെഎസ്ആർടിസിയെ മുന്നോട്ടു നയിക്കാൻ എല്ലാവരുടെയും പിന്തുണ സിഎംഡി അഭ്യർഥിച്ചു.
ശമ്പളപ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിജു പ്രഭാകര്‍ ഗതാഗത മന്ത്രിയോടും ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നു. വരവ് ചെലവ് കണക്കുകൾ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിടുമെന്ന് ബിജു പ്രഭാകർ നേരത്തെ പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















