തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭവും കടലാക്രമണവും രൂക്ഷമാകുന്നു. വലിയതുറ, കഠിനംകുളം, മുതലപ്പൊഴി, അഞ്ചുതെങ്ങ്, വർക്കല മേഖലകളിലാണ് കടൽക്ഷോഭവും കടലാക്രമണവും രൂക്ഷമായി തുടരുന്നത്.
അഞ്ചുതെങ്ങിൽ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. പൂത്തുറ, മാന്പള്ളി, അഞ്ചുതെങ്ങ് ജംഗ്ഷൻ, കായിക്കര, വേലിക്കകം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. മുതലപ്പൊഴി- അഞ്ചുതെങ്ങ് തീരദേശ റോഡിലും വെള്ളം കയറിയിട്ടുണ്ട്. ഇത് കാരണം വാഹനഗതാഗതം നേരിയ തോതിൽ തടസപ്പെട്ടിരുന്നു.
കടലിലെ കൂറ്റൻ തിരമാലകൾ കരയിലേക്ക് കയറിയാണ് റോഡിൽ വെള്ളം കയറിയത്. ഇതിനെ ചെറുക്കാൻ നാട്ടുകാർ തീരത്ത് മണൽചാക്കുകൾ നിരത്തിയെങ്കിലും പരിഹാരമായിട്ടില്ല.
കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം ഉയരുകയാണ്. കോട്ടയം–കുമരകം– ചേർത്തല റോഡിൽ ഇല്ലിക്കലിൽ റോഡിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കോട്ടയം, ഏറ്റുമാനൂർ നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലേക്കും മീനച്ചിലാർ കരകവിഞ്ഞെത്തി.
കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായി. ചെറുപുഴ ഉദയംകാണാക്കുണ്ടിൽ ഉരുൾപൊട്ടി, റോഡ് ഒലിച്ചുപോയി. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിനു സമീപവും ഉരുൾപൊട്ടി. മുഴപ്പിലാങ്ങാട് വീടുകളിൽ വെള്ളം കയറി. എട്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
Read more: തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി
കൊല്ലത്ത് കനത്ത മഴയിൽ ഇതുവരെ 40 വീടുകൾ തകർന്നുവെന്നാണ് കണക്ക്. 38 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നു. കൊല്ലം ബീച്ചിന് സമീപം കടൽക്ഷോഭം രൂക്ഷമാണ്. വലിയ ഉയരത്തിൽ തിരമാലകൾ ഇവിടെ വീശിയടിക്കുന്നുണ്ട്. മുണ്ടയ്ക്കൽ പ്രദേശവും കടലാക്രമണ ഭീഷണിയിലാണ്.
ജില്ലയിൽ ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകളൊന്നും തുറന്നിട്ടില്ല. കടലാക്രമണം ഇനിയും രൂക്ഷമായാൽ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കേണ്ടി വരുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
പത്തനംതിട്ടയിൽ പമ്പാ നദി കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഇരവിപേരൂർ ജംക്‌ഷനിൽ വെള്ളം കയറി. ആലപ്പുഴയില്‍ ചമ്പക്കുളം മാനങ്കരി ഇളംപാടത്ത് മട വീണു. സംസ്ഥാനപാതയില്‍ നെടുമ്പ്രത്ത് വെള്ളംകയറി. തിരുവല്ല തിരുമൂലപുരത്ത് എംസി റോഡിലും വെള്ളം കയറി. ഒറ്റപ്പാലം വാണിയംകുളത്ത് കാറ്റിലും മഴയിലും രണ്ടിടങ്ങളിൽ മരങ്ങൾ വീണു ഗതാഗതം തടസ്സപ്പെട്ടു.
കോഴിക്കോട് കരുവഞ്ചാൽ മുണ്ടച്ചാലിൽ മൂന്നു വീടുകളിൽ വെള്ളം കയറി. കടവത്തൂർ ടൗൺ വെള്ളത്തിലാണ്. നിരവധി വീടുകളിൽ വെള്ളം കയറി. തൂവക്കുന്നിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. മഴയെത്തുടർന്നു മരം വീണ് കൊയിലാണ്ടി ദേശീയപാതയിൽ മൂടാ ടിവി മംഗലം സ്കൂളിനു സമീപം ഗതാഗതം സ്തംഭിച്ചു. കോഴിക്കോട് കാരശേരി ചെറുപുഴ കരകവിഞ്ഞു, വല്ലത്തായിപ്പാറ പാലം മുങ്ങി. ജില്ലയിൽ നൂറോളം വീടുകളിൽ വെള്ളം കയറി. വടകര നഗരസഭ മുതൽ ചോറോട് പഞ്ചായത്ത് അതിർത്തി വരെയാണ് മഴദുരിതം. തളീക്കരയിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി, ഗതാഗതം മുടങ്ങി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം