ആലപ്പുഴ: എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കൊച്ചിയിലെ ഓറിയോൺ ഏജൻസി ഉടമ പിടിയിൽ. സജു എസ് ശശിധരൻ ആണ് പിടിയിലായത്. ഇയാൾ പിടിയിലായതോടെ മറ്റാർക്കെങ്കിലും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോയെന്നുള്ളതും പൊലീസിന് കണ്ടെത്താനാകും. നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റിനൊപ്പം മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ടിസി തുടങ്ങിയവയാണ് നല്‍കിയിരുന്നത്.
മാൾട്ടയിൽ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയെടുത്ത കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ ഇയാൾ പൊലീസിന്റെ പിടിയിലായിരുന്നു. തട്ടിപ്പിനിരയായ അങ്കമാലി സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി. എട്ട് പേരിൽ നിന്ന് വിസക്കായി പണം വാങ്ങിയതിന് എറണാകുളം നോർത്ത് പൊലീസിലും ഇയാൾക്കെതിരെ കേസുണ്ട്.
നിഖിൽ തോമസിന് വ്യാജ ഡിഗ്രിക്കായി രണ്ടാം പ്രതി അബിൻ സി രാജ് ആദ്യം സമീപിച്ചത് ഓറിയോണിൻ്റെ തിരുവനന്തപുരം ശാഖയിലായിരുന്നു. കൊവിഡ് കാലത്ത് ഈ ശാഖ പൂട്ടിയതോടെ ശ്രമം നടന്നില്ല. തുടർന്നാണ് ഓറിയോണിൻ്റെ കൊച്ചി ശാഖയിലെത്തിയത്. നിഖിലിൻ്റെ എം കോം പ്രവേശനമായിരുന്നില്ല മുഖ്യ ലക്ഷ്യം. വിദ്യാർത്ഥി അല്ലാതായാൽ എസ് എഫ് ഐ യിലെ ഭാരവാഹിത്വം നഷ്ടപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് ബികോം ഡിഗ്രി വാജമായി ഉണ്ടാക്കിയതെന്നാണ് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം