മദ്യം നിരുപദ്രവകാരിയായ പാനീയമോ ഒരു ഭക്ഷണ പദാര്‍ഥമോ അല്ല. വിവിധ പേരുകളിലും തരത്തിലും നിറങ്ങളിലുമൊക്കെ ലഭ്യമാണെങ്കിലും മദ്യത്തിലടങ്ങിയിരിക്കുന്ന അടിസ്ഥാനഘടകം ഈതൈല്‍ ആല്‍ക്കഹോള്‍ ആണ്. ഓരോ തരം മദ്യത്തിലും ആല്‍ക്കഹോളിന്‍റെ സാന്ദ്രത വ്യത്യസ്ഥമായിരിക്കുമെന്നു മാത്രം. വിസ്കി, ബ്രാണ്ടി, റം എന്നിവയില്‍ 42.86 ശതമാനവും ജിന്നില്‍ 35 ശതമാനം വരെയും ഈതൈല്‍ ആല്‍ക്കഹോള്‍ ഉണ്ടാകും. ബിയറില്‍ 6% വരെയും വൈനില്‍ 8% മുതല്‍ 15.5% വരെയും വിവിധതരം കള്ളില്‍ 4.9% മുതല്‍ 8.1% വരെയും ഈതൈല്‍ ആല്‍ക്കഹോള്‍ ഉണ്ടാകും..
മദ്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍
മദ്യം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നു. മദ്യപാനം മനുഷ്യനെ മാനസികമായും ശാരീരികമായും രോഗിയാക്കി മാറ്റുന്നു.
മാനസിക പ്രശ്നങ്ങള്‍
മദ്യപാനം തുടങ്ങി ഏകദേശം പതിനഞ്ചു മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ പ്രശ്നങ്ങളും ആരംഭിക്കുന്നു. മദ്യം നമ്മുടെ കേന്ദ്ര നാഡീവ്യൂഹത്തെ തളര്‍ത്തുന്നു. മദ്യപാനത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ തലച്ചോറിനുണ്ടാകുന്ന മന്ദത മൂലം മദ്യപാനി ‘താന്‍ ശക്തിശാലി’ യാണെന്ന് തെറ്റിദ്ധരിക്കുകയും അപകടകരമായ പ്രവൃത്തികള്‍ക്ക് മുതിരുകയും ചെയ്യുന്നു.
മദ്യപാനം മൂലം തലച്ചോറിനുണ്ടാകുന്ന മന്ദത പലരിലും പല സാഹചര്യത്തിലും വ്യത്യസ്തമാകാം. സാധാരണയായി മദ്യപാനത്തിന് തൊട്ടുമുന്‍പുള്ള മാനസികാവസ്ഥയെ മദ്യപാനം താല്‍ക്കാലികമായി ശക്തിപ്പെടുത്താറുണ്ട്. അതായത് ദുഖിതനായിരിക്കുന്ന അവസ്ഥയില്‍ മദ്യപിക്കുന്നയാള്‍ കൂടുതല്‍ ദുഖമനുഭവിക്കാനും സന്തോഷവാനായിരിക്കുന്ന അവസ്ഥയില്‍ മദ്യപിക്കുന്നയാള്‍ താല്‍ക്കാലികമായി കൂടുതല്‍ സന്തോഷവാനാകാനും സാധ്യതയുണ്ട്. മദ്യപാനം കേന്ദ്ര നാഡീവ്യൂഹത്തെ തളര്‍ത്തുകയും ആലോചിച്ച് തീരുമാനമെടുക്കാനുള്ള ശേഷി നശിപ്പിക്കുകയും ചെയ്യുന്നു. താന്‍ ചെയ്യുന്ന കാര്യത്തെക്കുറിച്ചുള്ള തിരിച്ചറിവ് കൂടി നഷ്ടപ്പെടുന്നതോടെ മദ്യപിക്കുന്നയാള്‍ അപകടകരമായ പ്രവൃത്തികളിലേര്‍പ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. വാഹനാപകടങ്ങള്‍, ജോലി സംബന്ധമായ അപകടങ്ങള്‍, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവയ്ക്കെല്ലാം ഇത് കാരണമാകുന്നു.മദ്യപിച്ച് വാഹനം ഓടിക്കുന്നത് വന്‍ ദുരന്തങ്ങള്‍ക്ക് ഇടയാക്കുന്നു.
വാഹനാപകടത്തിന്‍റെ കാര്യം തന്നെ എടുക്കാം. പലരും എത്ര മദ്യപിച്ച് കഴിഞ്ഞാലും താന്‍ ഓ.കെ. ആണെന്നും വാഹനമോടിക്കുന്നതില്‍ ഒരു വീഴ്ചയും വരില്ലായെന്നും വിശ്വസിച്ച് മദ്യപിച്ച് വാഹനമോടിക്കാന്‍ ശ്രമിക്കാറുണ്ട്. മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ നമ്മുടെ വാഹനം അബദ്ധവശാല്‍ എതിര്‍ദിശയിലേക്ക് സഞ്ചരിച്ചാലോ, എതിരെ വരുന്ന വാഹനം നമ്മുടെ മുന്നിലേക്ക് വരുന്ന സാഹചര്യമുണ്ടായാലോ അത് കണ്ട് തിരിച്ചറിയുന്നതിന് മദ്യലഹരിയിലിരിക്കുന്ന ഡ്രൈവര്‍ വൈകുന്നു. അപകടസാധ്യത തിരച്ചറിഞ്ഞുകഴിഞ്ഞാലും അതിനേക്കുറിച്ച് ആലോചിച്ച് സ്വന്തം വാഹനത്തിന്‍റെ ദിശ അനുയോജ്യമായ വിധത്തില്‍ മാറ്റുവാനുള്ള തീരുമാനമെടുക്കുന്നതിനും വൈകുന്നു. സ്വന്തം വാഹനം നേര്‍ദിശയിലാക്കുന്നതിനുള്ള തീരുമാനം തലച്ചോറിനുള്ളില്‍ എടുത്തുകഴിഞ്ഞാലും ആ സന്ദേശം മദ്യലഹരിയില്‍ വാഹനമോടിക്കുന്നയാളുടെ കൈകാലുകളിലെ പേശികളിലേക്ക് എത്താനും വൈകുന്നു. അതുകൊണ്ടുതന്നെ വാഹനത്തെ നിയന്ത്രിക്കുന്നതിലും നേര്‍ദിശയിലാക്കുന്നതിലും വീണ്ടും ഒരു വൈകല്‍ (Delay) സംഭവിക്കുന്നു. ഇത് പലപ്പോഴും അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
മദ്യപിച്ച് കഴിഞ്ഞുള്ള ഉറക്കത്തിന്‍റെ ആദ്യപകുതിയില്‍ അഗാധമായ ഉറക്കം ലഭിക്കുമെങ്കിലും മറ്റേ പകുതിയില്‍ ലഭിക്കുന്നത് അസ്വസ്ഥമായ ഉറക്കമായിരിക്കും. മദ്യപാനത്തിന്‍റെ തൊട്ടടുത്ത ദിവസം രാവിലെ ‘ഹാങ്ങ് ഓവര്‍’ എന്ന പ്രതിഭാസം അനുഭവിക്കാറുണ്ട്. ശക്തമായ തലവേദന, തലകറക്കം, വിറയല്‍, ക്ഷീണം, വയറെരിച്ചില്‍,ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍.
ശാരീരിക ബുദ്ധിമുട്ടുകള്‍
ദഹനേന്ദ്രിയ വ്യൂഹം (Gastro intestinal system)
- മദ്യം ചെറിയ അളവില്‍ ഉപയോഗിക്കുമ്പോള്‍ ആമാശയത്തില്‍ അമ്ലത്തിന്‍റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും വിശപ്പ് കൂടുകയും ചെയ്യുന്നു.
- മദ്യം ആമാശയത്തിലെ മൃദുലമായ മ്യൂക്കസ് പാളികളില്‍ മുറിവുണ്ടാക്കും. വയറില്‍ അള്‍സര്‍ രോഗമുണ്ടാകുവാനും ഉള്ളത് വര്‍ദ്ധിക്കുവാനും ഇത് ഇടവരുത്തുന്നു.
- ഛര്‍ദ്ദി, ആമാശയത്തിലും അന്നനാളത്തിലും രക്തസ്രാവം എന്നിവയും മദ്യപാനം മൂലം ഉണ്ടാകാം.
- ദഹനക്കുറവ് ഉണ്ടാക്കുന്നു.
- മദ്യം അന്നനാളത്തിന്‍റെ ആരംഭത്തിലും അവസാനത്തിലുമുള്ള സ്ഫിംഗ്ടറുകളുടെ നിയന്ത്രണത്തില്‍ ക്രമക്കേടുകളുണ്ടാക്കുകയും നെഞ്ചെരിച്ചിലിന് ഇടയാക്കുകയും ചെയ്യുന്നു.
ഹൃദയം
- രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു.
- രക്തക്കുഴലുകളെ വികസിപ്പിക്കുകയും തന്മൂലം ത്വക്കിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
- മദ്യം ഹൃദയത്തിന്‍റെ (പ്രത്യേകിച്ചും ഇടതു വെന്‍ട്രിക്കിളിന്‍റെ) പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നു.
- മദ്യപിക്കുന്നവരില്‍ ഹൃദയാഘാതം ഉണ്ടാകുന്നത് അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. ഹൃദയാഘാതം മൂലമുള്ള വേദന അനുഭവവേദ്യമാകുന്നതിലുള്ള കുറവുമൂലമാണങ്ങനെ സംഭവിക്കുന്നത്.
- കാര്‍ഡിയോ മയോപ്പതി ( ഹൃദയ പേശികളുടെ ശക്തി കുറയുന്നു )
പേശികള്‍
- ആല്‍ക്കഹോളിക് മയോപ്പതി: മദ്യപാനം മൂലമുണ്ടാകുന്ന ഈ രോഗം പേശികളെ തകരാറിലാക്കുകയും ശക്തി കുറയ്ക്കുകയും ചെയ്യുന്നു.
ശ്വാസകോശം
- ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു.
- ഓക്കാനവും ഛര്‍ദ്ദിയും ചിലപ്പോള്‍ ആഹാരശകലങ്ങള്‍ ശ്വാസനാളത്തിലേയ്ക്ക് പ്രവേശിക്കാന്‍ ഇടവരുത്തുകയും തന്മൂലം ന്യുമോണിയ (ആസ്പിരേഷന്‍ ന്യുമോണിയ) ഉണ്ടാവുകയും ചെയ്യുന്നു.
നാഡീവ്യവസ്ഥ
- ഓര്‍മ്മക്കുറവ്
- ഡിമെന്‍ഷ്യ
- പെരിഫെറല്‍ ന്യൂറോപ്പതി
- സെറിബല്ലത്തിന് ക്ഷതം
- വെര്നിക്കേ-കോര്‍സക്കോഫ്- സിന്‍ഡ്രോം
രക്തം
- വിളര്‍ച്ച
- ശ്വേത രക്താണുക്കളുടെയും പ്ലേറ്റ്ലെറ്റുകളുടെയും കുറവ് (ഇതുമൂലം അണുബാധ, രക്തസ്രാവം) എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു.
കരള്‍
മദ്യം ഓക്സീകരിക്കപ്പെടുന്നത് കരളില്‍ വച്ചാണ്. അതിനാല്‍ മദ്യപാനം കരളിന്‍റെ പ്രവര്‍ത്തനഭാരം വര്‍ദ്ധിപ്പിക്കുകയും വിവിധ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കരള്‍വീക്കം, സീറോസിസ്, മഞ്ഞപ്പിത്തം എന്നിവയാണ് പ്രധാനമായും മദ്യം മൂലമുണ്ടാകുന്ന കരള്‍ രോഗങ്ങള്‍. മദ്യപാനത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടി കരള്‍വീക്കം ഉണ്ടാകുന്നു. മദ്യം ഉപേക്ഷിക്കുകയാണെങ്കില്‍ കരളിന്‍റെ ആരോഗ്യം ഈ ഘട്ടത്തില്‍ വീണ്ടെടുക്കാന്‍ കഴിയും. എന്നാല്‍ മദ്യപാനം തുടരുന്ന പക്ഷം കരളിലെ കോശങ്ങള്‍ നശിച്ച് സിറോസിസ് രോഗമായി മാറുന്നു. സിറോസിസ് ബാധിച്ചുകഴിഞ്ഞാല്‍ കരളിനെ സാധാരണ ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധ്യമല്ല. സിറോസിസ് ബാധിച്ചുകഴിഞ്ഞയാള്‍ മദ്യം ഉപേക്ഷിക്കുകയും ആധുനിക വൈദ്യശാസ്ത്രചികിത്സ തേടുകയും ചെയ്താല്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ ജീവിതദൈര്‍ഘ്യം താരതമ്യേന വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. മദ്യം ഉപയോഗിക്കുന്നത് കൊണ്ട് ശരീരത്തിനുണ്ടാകുന്ന (പ്രത്യേകിച്ചും കരളിന്) ദോഷങ്ങളെ വേണ്ടവിധത്തില്‍ പ്രതിരോധിക്കാന്‍ കഴിയുന്ന ശാസ്ത്രീയമായ പ്രതിവിധികളൊന്നും ഇന്ന് നിലവിലില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ ‘പുര കത്തുമ്പോള്‍ ബീഡി കത്തിക്കുക’ എന്ന പോലെ ദുഷ്ടലാക്കോടു കൂടിയ കച്ചവടലക്ഷ്യങ്ങള്‍ മാത്രമാണെന്ന് ഓര്‍ക്കുക. മദ്യപാനം കൊണ്ടുള്ള ദുരന്തം ഒഴിവാക്കുവാന്‍ മദ്യപാനം ഒഴിവാക്കുകയെന്ന മാര്‍ഗമേയുള്ളൂ.
കാന്‍സര്‍
വായ്, അന്നനാളം, വന്‍കുടല്‍, കരള്‍ എന്നിവിടങ്ങളില്‍ കാന്‍സര്‍ ഉണ്ടാകാന്‍ മദ്യം കാരണമാകുന്നു. മദ്യപിക്കുന്ന സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പോഷകാഹാരക്കുറവ്
സ്ഥിരമായ മദ്യപാനം തയാമിന്‍, പിരിഡോക്സിന്‍, വിറ്റാമിന്‍ എ, ഫോളിക് ആസിഡ്, അസ്കോര്‍ബിക് ആസിഡ് എന്നിവയുടെ അളവ് ശരീരത്തില്‍ കുറയാനിടയാക്കുന്നു. രക്തത്തിലെ പഞ്ചസാര, കാത്സ്യം, മഗ്നീഷ്യം എന്നിവ കുറയാനും മദ്യപാനം കാരണമാകാം.
മേല്‍പ്പറഞ്ഞ ഘടകങ്ങളുടെ കുറവ് വിവിധതരം രോഗങ്ങള്‍ക്ക് കാരണമാകുന്നു.
മറ്റു രോഗങ്ങള്‍
- ക്ഷയരോഗം, സോറിയാസിസ്, എന്നിവയില്‍ നിന്നും മുക്തി നേടുന്നതിന് മദ്യപാനം തടസ്സമാകാറുണ്ട്.
- അസ്ഥികളുടെ തേയ്മാനം
- ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രോം (മദ്യപാനികളായ സ്ത്രീകള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് വരുന്ന രോഗം)
- അപകടങ്ങള്‍
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം