കാസർകോട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കരിന്തളം സർക്കാർ കോളജിൽ ജോലി നേടിയ കേസിൽ എസ്.എഫ്.ഐ മുന്‍ നേതാവായ കെ വിദ്യ നാളെ നീലേശ്വരം പൊലീസിന് മുന്നിൽ ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങൾ കാരണം നാളെ ഹാജരാകാനാകില്ലെന്നും പകരം ചൊവ്വാഴ്ച ഹാജരാകാമെന്നും വിദ്യ അറിയിച്ചു. കോടതി നിർദ്ദേശപ്രകാരം തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നീലേശ്വരം പൊലീസ് നേരത്തെ വിദ്യയ്ക്ക് നോട്ടീസ് നൽകിയിരുന്നു.
മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ കരിന്തളം കോളജിൽ അധ്യാപികയായെന്നാണ് കേസ്. കരിന്തളം ഗവണ്‍മെന്‍റ് കോളേജിൻ്റെ പരാതിയിൽ ഈ മാസം 8 ന് നീലേശ്വരം പൊലീസ് കേസ് എടുക്കുകയായിരുന്നു. തുടർന്ന് പൊലീസ് കരിന്തളം ഗവണ്‍മെന്‍റ് കോളേജിൽ പരിശോധന നടത്തി. പ്രിൻസിപ്പൾ ഇൻ ചാർജിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദ്യയെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
Also read: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്
വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സ്വന്തം ഫോണിൽ നിന്നാണ് നിർമ്മിച്ചതെന്ന് വിദ്യ സമ്മതിച്ചതായി അഗളി പൊലീസ് ഇന്നലെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വ്യാജ സർട്ടിഫിക്കറ്റിന്‍റെ അസൽ അട്ടപ്പാടി ചുരത്തിൽ കീറി കളഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ നീലേശ്വരം പൊലീസ് പരിശോധിക്കും.
വ്യാജ പ്രവൃത്തി സർട്ടിഫിക്കറ്റ് കേസിലാണ് കെ.വിദ്യ അറസ്റ്റിലായത്. ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അഗളിപൊലീസ് വിദ്യയെ പിടികൂടുന്നത്. കാലടി സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്‌സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്‌ചറർ തസ്‌തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം