പട്ന: ബിജെപിക്കെതിരെ പടയൊരുക്കവുമായി പ്രതിപക്ഷ പാർട്ടികൾ. ഞങ്ങള്‍ പ്രതിപക്ഷമല്ല, ദേശീയവാദികളാണെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പട്നയിൽ ചരിത്രം തുടങ്ങുകയാണെന്നും മമത വ്യക്തമാക്കി. 2024ൽ ഒരുമിച്ചു ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെ പറഞ്ഞു. വിയോജിപ്പുകൾ ഉണ്ടെങ്കിലും എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്തയോഗം ഷിംലയിൽ ചേരുമെന്നും തിരഞ്ഞെടുപ്പിലെ പൊതുഅജൻഡ ഈ യോഗത്തിൽ തയാറാക്കുമെന്നും ഖർഗെ പറഞ്ഞു. ഷിംലയിൽ ചേരുന്ന യോഗത്തിൽ, തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട്, സീറ്റ് എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ജൂലൈ 10നോ 12നോ ആയിരിക്കും ഷിംലയിൽ യോഗം ചേരുക. വിവിധ സംസ്ഥാനങ്ങളിൽ സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആലോചിച്ചു തീരുമാനിക്കും.
ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്ന് രാഹുൽ പറഞ്ഞു. ‘‘അഭിപ്രായ വ്യത്യാസം ഉണ്ടാകാം. പക്ഷേ, നമ്മുടെ ആശയങ്ങൾ സംരക്ഷിക്കാൻ ഒരുമിച്ചു നിൽക്കണം’’– രാഹുൽ ഓർമിപ്പിച്ചു. ഇതൊരു പുതിയ തുടക്കമാണെന്നും നല്ലകാര്യങ്ങൾ സംഭവിക്കുമെന്നും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപിയെ തോൽപ്പിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്ന് സിപിഐ നേതാവ് ഡി.രാജ പ്രതികരിച്ചു. യോഗത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളും, ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനും പങ്കെടുത്തില്ല. വിമാനം വൈകുന്നതിനാലാണ് ഇവർ വാർത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് നിതീഷ് വിശദീകരിച്ചു.
Read more: ടൈറ്റനിലെ ഓക്‌സിജന്‍ സപ്ലെ തീര്‍ന്നതായി റിപ്പോര്‍ട്ട്; പ്രതീക്ഷ മങ്ങുന്നു
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനുള്ള വഴികൾ തേടിയാണ് പ്രതിപക്ഷ യോഗം. നിതീഷ് കുമാർ മുൻകയ്യെടുത്ത് വിളിച്ച യോഗത്തിൽ കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ, എഎപി, സമാജ്‌വാദി പാർട്ടി, സിപിഎം, സിപിഐ, ആർജെഡി, ജെഡിയു, എൻസിപി, ശിവസേന (ഉദ്ധവ് താക്കറെ), ജെഎംഎം, പിഡിപി, നാഷനൽ കോൺഫറൻസ്, മുസ്‌ലിം ലീഗ്, ആർഎസ്പി, കേരള കോൺഗ്രസ് (എം) എന്നിവയടക്കം 16 കക്ഷികൾ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം