വാഷിങ്ടൻ: യുഎസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിൽ വമ്പൻ സ്വീകരണം. യുഎസ് സമയം വ്യാഴാഴ്ച രാവിലെ വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ നിരവധി ഇന്ത്യക്കാർ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു.
തനിക്ക് ലഭിച്ച വരവേൽപ്പ് 140 കോടി ഇന്ത്യാക്കാർക്കുള്ള ആദരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസംഗത്തിൽ പറഞ്ഞു. ഇത്രയധികം പേർക്കായി വൈറ്റ് ഹൗസിന്റെ വാതിലുകൾ തുറന്നുകൊടുക്കുന്നത് ആദ്യമായാണെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യക്കാർക്കും ഇന്ത്യൻ അമേരിക്കക്കാർക്കും ഇതൊരു ബഹുമതിയാണ്. 140 കോടി ഇന്ത്യക്കാർക്കു വേണ്ടി പ്രസിഡന്റ് ജോ ബൈഡനും ജിൽ ബൈഡനും നന്ദി പറയുന്നതായും മോദി പറഞ്ഞു.
read also: അൻസിൽ ജലീൽ ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതെന്ന് എഫ്ഐആർ
താൻ ആദ്യമായി വൈറ്റ് ഹൗസ് സന്ദർശിച്ച സമയം പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. ഇന്ത്യൻ ജനതയ്‌ക്കും ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനും ലഭിച്ച അംഗീകാരമാണ് ഇത്. ഇതാദ്യമാണ് ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിനായി വൈറ്റ് ഹൗസിന്റെ കവാടം തുറക്കുന്നത്. 30 വർഷം മുൻപ് ഒരു സാധാരണക്കാരനായി വന്നപ്പോൾ വൈറ്റ് ഹൗസിന് പുറത്ത് നിന്നാണ് കണ്ടത്.
ഇന്ത്യയുടെ മഹത്വം വർദ്ധിപ്പിക്കുന്നതിലുള്ള ഇന്ത്യൻ വംശജരുടെ പങ്കിനെ പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു. ‘ഇന്ത്യൻ വംശജർ അവരുടെ കഴിവ്, കഠിനാധ്വാനം, വിശ്വാസം എന്നിവയിലൂടെ യുഎസിൽ ഇന്ത്യയുടെ മഹത്വം ഉയർത്തുന്നു. അവർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. യുഎസിലെ ഇന്ത്യക്കാരോട് നിങ്ങളാണ് യഥാർത്ഥ ശക്തിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും ഇന്ത്യൻ സമൂഹത്തിലെ ജനങ്ങൾ യുഎസിൽ ഇന്ത്യയുടെ മഹത്വം വർദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സന്ധു തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം വൈറ്റ് ഹൗസിലെത്തിയിട്ടുണ്ട്. ഓവൽ ഓഫിസിൽ ഇരുവരും ഉഭയകക്ഷി ചർച്ച നടത്തി. പ്രതിരോധം, ബഹിരാകാശം, ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക സാങ്കേതികവിദ്യകൾ തുടങ്ങിയവ ചർച്ചയായെന്നാണ് വിവരം. ബൈഡനൊപ്പം വാർത്താസമ്മേളനത്തിൽ മോദി പങ്കെടുക്കും. കോൺഗ്രസ് സംയുക്ത സമ്മേളനത്തിലും പ്രസംഗിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം