എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസുകാരെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ആമസോൺ കാടുകളേക്കാൾ വന്യമൃഗങ്ങളുള്ള മനുഷ്യവാസമില്ലാത്ത കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ നിന്നും വെറും 16 ദിവസങ്ങൾകൊണ്ട് കെ. വിദ്യയെ കസ്റ്റഡിയിൽ എടുത്തുതെന്നും ഇത് കേരള പൊലീസിന്റെ കിരീടത്തിലെ പൊൻതൂവലാണെന്നും ഹരീഷ് പേരടി പറയുന്നു. സർട്ടിഫിക്കറ്റ് വിവാദത്തിൽ കേസ് റജിസ്റ്റർ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്. വിദ്യയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ മെല്ലെപ്പോക്കിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഹൈക്കോടതി കെ.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനു പിന്നാലെയാണ് പിടിയിലായത്. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണു വിദ്യ പിടിയിലായത്.
Read More:കൊതുകുകൾ വിമാനം പിടിച്ച് വരരുത്
‘‘അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ നിഗൂഢതകളിൽ കാണാതായ അന്തർവാഹിനിയെ കണ്ടെത്താൻ കഴിയാതെ അമേരിക്കയുടെയും കാനഡയുടെയും നേവിയും കോസ്റ്റ് ഗാർഡും ലോകത്തിനു മുന്നിൽ തലതാഴ്ത്തി നിൽക്കുമ്പോൾ എന്തിന് ആമസോൺ കാടുകളിൽനിന്ന് നാല് കുട്ടികളെ കണ്ടെത്താൻ മാസങ്ങൾ എടുത്ത കൊളംബിയൻ സൈന്യം പോലും കേരളാ പൊലീസിന്റെ മുന്നിൽ ഇന്ന് നാണം കെട്ടു.
അറ്റ്ലാന്റിക്ക് സമുദ്രത്തേക്കാൾ നിഗൂഢതയുള്ള ആമസോൺ കാടുകളേക്കാൾ വന്യമൃഗങ്ങളുള്ള മനുഷ്യവാസമില്ലാത്ത കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ നിന്നും വെറും 16 ദിവസങ്ങൾകൊണ്ട് കെ. വിദ്യയെ കസ്റ്റഡിയിൽ എടുത്തു.ഇത് കേരളാ പൊലീസിന്റെ കീരിടത്തിലെ പൊൻതൂവലാണ്. ലോകത്തിനുതന്നെ മാതൃകയാണ് എന്റെ നമ്പർ വൺ കേരളം.’’–ഹരീഷ് പേരടി പറയുകയുണ്ടായി .
അതേസമയം കേസിൽ അറസ്റ്റിലായ വിദ്യയെ പ്രാഥമിക ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. മഹാരാജാസിന്റെയെന്നല്ല ഒരു കോളജിന്റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ വിദ്യ പറഞ്ഞത്. ‘‘അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്, പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണ്. കടുത്ത മാനസിക സമ്മര്‍ദത്തിലാണ് താനും കുടുംബവും’’– വിദ്യ പൊലീസിൽ മൊഴിനൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം