തിരുവനന്തപുരം: ഷാജൻ സ്‌കറിയയുടെ കൂട്ടാളി സുദർശ് നമ്പൂതിരി പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സുദർശിനെ കസ്റ്റഡിയിലെടുത്തു. സ്ത്രീയെ അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് നടപടി. കൊച്ചി പൊലീസിന് സുദർശിനെ കൈമാറും. കോടതി ഇന്നലെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ഇന്ന് രാവിലെ മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ നിന്നുമാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ നടപടികള്‍ക്കായി കൊച്ചി പൊലീസിന് സുദര്‍ശ് നമ്പൂതിരിയെ കൈമാറുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു. കൊച്ചി പൊലീസ് നേരിട്ടെത്തി ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.
മരിച്ചുപോയ എസ്.വി പ്രദീപ് നടത്തിയിരുന്ന ഭാരത് ലൈവ് എന്ന യൂട്യൂബ് ചാനല്‍ വഴി ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട ഒരു യുവതിയുടെ സ്വകാര്യ വീഡിയോ പ്രദര്‍ശിപ്പിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.
കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഐ.പി.സി 354എ , 509, 34 എന്നീ വകുപ്പുകളും ഐടി ആക്ടിലെ 66 ഇ, 67 എ എന്നീ വകുപ്പുകളും പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധന നിയമത്തിലെ 3(1)(r), 3(1)(s), 3(1)(w)(2) എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Read more: നീതി ലഭിക്കുന്നില്ല; തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാർ അടിച്ചു തകർത്തു
അതേസമയം പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്‍ സ്‌കറിയയുടേതെന്നു വിമര്‍ശിച്ചാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഹർജി പരിഗണിച്ചത്.
കുന്നത്ത് നാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ എളമക്കര പോലിസാണ് ഷാജനെതിരേ കേസെടുത്തത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയും ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഷാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.
അറസ്റ്റ് തടയാന്‍ ഉത്തരവിടാത്ത കോടതി ഷാജന്റെ മാധ്യമ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് പറഞ്ഞ ഹൈക്കോടതി ഷാജന്റെ മാധ്യമ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















