കെ കെ മേനോന്‍
സംഗീതം സാന്ത്വനമാണ്! പ്രണയത്തിൽ ഉണ്ട്, മോഹങ്ങളിൽ ഉണ്ട്, മരണത്തിൽ ഉണ്ട്! ജീവൻ നിലനിർത്തുന്ന വായുവിൽ പോലും സംഗീതം ഉണ്ട്! ഏകാന്തതകളിലും, നൊമ്പരങ്ങളിലും, വേർപാടു കളിലും സംഗീതമുണ്ട്. പ്രപഞ്ചമാകെ സംഗീതമുണ്ട്! മഴയിലും, മഞ്ഞിലും, ഗ്രീഷ്മ ത്തിലും, വസന്തത്തിലും, പ്രകൃതി ഒരുക്കുന്ന സംഗീത വിസ്മയം കാലങ്ങൾ ക്കൊപ്പം അനുനിമിഷം നമ്മോടൊപ്പം സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. അത് ആർക്കാണ് ഉന്മേഷവും ഊർജ്ജവും പകരാത്തത്? A. P. J. അബ്ദുൽകലാമിന്റെ വാക്കുകൾ ഉദ്ധരിക്കുക യാണെങ്കിൽ ” ദിവസത്തിൽ കുറച്ചുനേരം സംഗീതം ആസ്വദിക്കുക! സംഗീതം നിങ്ങളുടെ മനസ്സിന് സമാധാനം നൽകാനുള്ള ഉന്മേഷ കരമായ മാർഗ്ഗമാണ്.
ഇന്ന്, ജൂൺ മാസം 21, ലോക സംഗീത ദിനം. സംഗീതത്തിന് ഭാഷയില്ല, അതിരുകളില്ല, മതമില്ല. ഭാഷ കൊണ്ടല്ല, ഹൃദയംകൊണ്ട് ആസ്വദിക്കണം സംഗീതം! വേദനകളെ ഒഴുക്കിക്കളയുന്ന നദിയാണ് സംഗീതം, എന്നാണ് പഴമൊഴി. സംഗീതം അഖണ്ടാനന്ദം പകരുന്നു! സംഗീതത്തെ കുറിച്ച് എത്ര പറഞ്ഞാലും, എഴുതിയാലും മതിയാവില്ല. അതൊരു മഹാസമുദ്രം പോലെയാണ്.
സംഗീതത്തിലെ വിവിധ ഭാവങ്ങൾ, അത് പലർക്കും പല വിധത്തിലുള്ള ആസ്വാദന അനുഭവങ്ങളാണ് പകർന്നു തരുന്നത്. സന്തോഷം ഉള്ളപ്പോൾ സംഗീതവും, മനസ്സിൽ വേദനകൾ ഉള്ളപ്പോൾ രചന അല്ലെങ്കിൽ സാഹിത്യവും, ശ്രദ്ധിക്കുവാൻ പ്രേരിപ്പിക്കപ്പെടുന്നു. മധുരമായ ഓർമകളും ഹൃദയത്തോടു ചേർത്തു വയ്ക്കുന്ന സംഗീതവും നമ്മേ വേറെ ഏതോ ഒരു ലോകത്തിലേക്ക് നയിക്കുന്നു. കവി ശ്രേഷ്ഠർ എഴുതിയപോലെ, സംഗീതം ലോകത്തിന്, മനുഷ്യ ജന്മത്തിന് ദേവലോകം നൽകിയ വരദാനമാണ്!
എന്റെ സംഗീതയാത്ര എന്ന് പറഞ്ഞാൽ, സംഗീതവും ആയുള്ള അടുത്ത ബന്ധം 1980 ൽ തുടങ്ങി. Tea estate manager ആയി ജോലി നോക്കി കൊണ്ടിരിക്കുമ്പോഴാണ്, വളരെ ആകസ്മികമായി മദ്രാസിൽ HMV എന്ന മ്യൂസിക് കമ്പനിയിൽ ജോലി ലഭിക്കുന്നതും, പീരുമേട്ടിലെ എസ്റ്റേറ്റ് ബംഗ്ലാവ്, മറ്റെല്ലാ സുഖസൗകര്യങ്ങൾ ഇവയെല്ലാം ഉപേക്ഷിച്ചു, സംഗീതം എന്ന മോഹവുമായി, ഒരു പക്ഷേ അതിനെ ഭ്രാന്ത് എന്ന് തന്നെ പറയാം, മദ്രാസിലേക്ക് വണ്ടി കയറുന്നതും. അതൊരു സുദീർഘമായ യാത്രയുടെ തുടക്കം മാത്രമായിരുന്നു. അതുകൊണ്ടാണ് ഞാൻ അതിനെ സംഗീത യാത്ര എന്ന് വിശേഷിപ്പിച്ചത്.
സംഭവബഹുലമായ ദിവസങ്ങൾ,ആഴ്ചകൾ, മാസങ്ങൾ പിന്നിട്ടപ്പോൾ ജീവിതത്തിൽ കാണാനും പരിചയപ്പെടാനും ആയി മോഹിച്ചു നടന്നിരുന്ന ഗായിക ഗായകന്മാർ, സംഗീതസംവിധായകർ, ഗാന രചയിതാക്കൾ എന്നീ ശ്രേഷ്ഠ വ്യക്തികളുമായി വളരെ അടുത്ത സൗഹൃദബന്ധം സ്ഥാപിച്ചെടുക്കാൻ സാധിച്ചു. M. S. വിശ്വനാഥൻ, ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി, K. V. മഹാദേവൻ, പുകഴേന്തി അർജുനൻ മാസ്റ്റർ, ഭാസ്കരൻ മാസ്റ്റർ, ശ്രീകുമാരൻ തമ്പി, ബിച്ചുതിരുമല, യേശുദാസ്, ജയചന്ദ്രൻ, ഉണ്ണി മേനോൻ, ജാനകി, സുശീല, ചിത്ര എന്നീ പ്രതിഭകൾക്ക് പുറമേ T. M. S, SPB, ശീർകാഴി,A. M. രാജ, L. R. ഈശ്വരി തുടങ്ങി ഇതര ഭാഷകളിലുള്ള നിരവധി പ്രഗൽഭരായ കലാകാരൻമാരും ആയും അടുത്തബന്ധം തന്നെ ആ കാലങ്ങളിൽ ഉണ്ടായിരുന്നു.
കർണാടക സംഗീതത്തിലെ മഹാരഥന്മാർ ആയിരുന്ന ഡോക്ടർ ബാലമുരളീകൃഷ്ണ, D. K. ജയറാം, മഹാരാജപുരം സന്താനം, M. S. സുബ്ബലക്ഷ്മി, MLV, ലാൽഗുഡി ജയറാം, കുന്നക്കുടി വൈദ്യനാഥൻ എന്നീ മഹദ്വ്യക്തികളുമായുള്ള ബന്ധം കർണാടക സംഗീതത്തെ കുറിച്ച്, മനസ്സിലാക്കുവാനും, വിവിധ രാഗങ്ങൾ, താളങ്ങൾ, എന്നീ കാര്യങ്ങളെകുറിച്ച് ഒരു അടിസ്ഥാനപരമായ അറിവ് സമ്പാദിക്കുവാനും സാധിച്ചു.
HMV ക്ക് വേണ്ടി നിരവധി റെക്കോർഡിങ് നടത്തുവാനുള്ള അവസരങ്ങൾ, മനസ്സിലെ പല നൂതന ആശയങ്ങളും സംഗീത ആൽബങ്ങൾ ആയി പുറത്തിറക്കുവാൻ വേണ്ടി വിനിയോഗിച്ചു. ശബരിമല യാത്ര( ശ്രീകുമാരൻ തമ്പി കെ വി മഹാദേവൻ ), പരശുറാം എക്സ്പ്രസ്സ് ( ബിച്ചു തിരുമല ഒടുവിൽ ഉണ്ണികൃഷ്ണൻ ) തായമ്പക (ആലിപറമ്പ് ശിവരാമ പൊതുവാൾ ) കഥകളിപ്പദങ്ങൾ (ശങ്കരൻ എമ്പ്രാന്തിരി& വെൺമണി ഹരിദാസ് ) എന്നിവ അവയിൽ ചിലവ മാത്രം.
HMV ക്ക് ശേഷം CBS, MAGNASOUND ( Lucensees of Warner Musuc), ABCL, BMG എന്നീ സ്ഥാപനങ്ങളിൽ, ഉന്നതസ്ഥാനങ്ങളിൽ ജോലി ചെയ്യുവാനുള്ള ഭാഗ്യം ലഭിച്ചപ്പോൾ, തുടർന്നുള്ള എന്റെ സംഗീത യാത്രയിൽ കണ്ടുമുട്ടിയ പ്രതിഭകൾ നിരവധിയാണ്. അമിതാബച്ചൻ, രജനീകാന്ത്,ഇളയരാജ, സംവിധായകർ ബാലചന്ദർ, മണിരത്നം, ഹരിഹരൻ,ഭരതൻ, പ്രിയദർശൻ മമ്മൂട്ടി,മോഹൻലാൽ അങ്ങനെ പോകുന്നു ആ ലിസ്റ്റ്.
ആ കാലങ്ങളിൽ ഞാൻ ചെയ്ത രസകരമായ, അവിസ്മരണീയമായ ചില റെക്കോർഡിങ്സിനെ കുറിച്ച് എഴുതിയില്ലെങ്കിൽ ഈ ലേഖനം പൂർണമാകില്ല.1988 ൽ CBS നു വേണ്ടി ചെയ്ത നാമജപം ( പ്രാചീന ഹിന്ദു ഭക്തിഗാനങ്ങൾ ) അവയിലൊന്നാണ്. സംഗീതം ടി എസ് രാധാകൃഷ്ണജി. വളരെ പ്രശസ്തനായ ഗസൽ സിംഗർ ഹരിഹരനെ കൊണ്ട് ഈ ആ ൽബത്തിലെ രണ്ടുമൂന്നു ഗാനങ്ങൾ പാടിക്കുവാൻ തീരുമാനിക്കുകയും വേറിട്ട ശബ്ദത്തിൽ പുറത്തിറങ്ങിയ ആ ഗാനങ്ങൾ വൻവിജയമായി തീരുകയും ചെയ്തു. ജന്മംകൊണ്ട് മലയാളിയാണെങ്കിലും ബോംബെയിൽ സ്ഥിരതാമസമാക്കിയ ഹരിഹരന് മലയാളം ഭാഷയിൽ പ്രാവീണ്യം കുറവായിരുന്നുവെങ്കിലും, ഞങ്ങളോട് ആത്മാർത്ഥമായി സഹകരിച്ച് ഗാനങ്ങൾ വളരെ മനോഹരം ആക്കുകയും ചെയ്തു. ഹരിഹരനെ പോലെ ഒരു വലിയ ഗായകനെ ഒരു ദക്ഷിണേന്ത്യൻ ഭാഷയിൽ ആദ്യമായി അവതരിപ്പിക്കുവാൻ ഭാഗ്യമുണ്ടായി എന്നോർക്കുമ്പോൾ ഏറെ ചാരിതാർത്ഥ്യവും അഭിമാനവുമുണ്ട്.
പല്ലാവൂർ കുഞ്ഞുകുട്ടൻ മാരാർ, അപ്പുമാരാർ തുടങ്ങി കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് വളരെ സ്ഥലപരിമിതി ഉള്ള സ്റ്റുഡിയോവിനകത്ത് വെച്ച് 1989 ൽ ചെയ്ത പഞ്ചവാദ്യം റെക്കോർഡിങ് വേറിട്ട അനുഭവമായിരുന്നു. എല്ലാ വാദ്യോപകരണങ്ങളും തുല്യമായി ബാലൻസിങ് ചെയ്തെടുക്കുക എന്ന വളരെ ദുഷ്കരമായ ദൗത്യത്തിൽ വേണ്ട നിർദ്ദേശങ്ങൾ നൽകി ഞങ്ങളെ സഹായിച്ച ദേവസ്സി എന്ന റെക്കോർഡിങ് എൻജിനീയറുടെ സേവനം നന്ദിപൂർവ്വം സ്മരിക്കുന്നു. വളരെ കാലം പിണക്കത്തിൽ ആയിരുന്ന കുഞ്ഞുകുട്ടൻ മാരാർ, അപ്പുമാരാർ എന്നീ സഹോദരന്മാർ ഈ റെക്കോർഡിങ്ങനോടുകൂടി എല്ലാ പിണക്കവും മറന്ന് പൂർവ്വാധികം സ്നേഹത്തിൽ ആവുകയും തുടർന്ന് മരണംവരെ എല്ലാ പഞ്ചവാദ്യം പരിപാടികളിലും ഒരുമിച്ച് പങ്കെടുത്തിരുന്നു എന്നും പറയുമ്പോൾ അനന്യമായ സന്തോഷമുണ്ട്.
പഞ്ചവാദ്യം റെക്കോർഡിങ്ങ്നു ശേഷം തുടർന്ന് പെരുവനം കുട്ടൻ മാരാർ നയിച്ച ഇലഞ്ഞിത്തറമേളം, മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ തായമ്പക, തുടങ്ങി നിരവധി കേരളക്ഷേത്ര വാദ്യ കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് റെക്കോർഡിങ്സ് അനുസ്യൂതം നടത്തുവാൻ സാധിച്ചു. മട്ടന്നൂരുമായി വളരെ അതിഗഹനമായ സൗഹൃദബന്ധം സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞു എന്ന കാര്യം വളരെ അഭിമാനപൂർവ്വം ഞാനിവിടെ പറഞ്ഞോട്ടെ. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മക്കൾ ശ്രീകാന്ത്, ശ്രീരാജ് എന്നീ കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് ചെയ്ത ശ്രുതിപഞ്ചാരിമേളം റെക്കോർഡിങ് ധാരാളം വിമർശനങ്ങളോടോപ്പം അതിലേറെ അനുകീർത്തനങ്ങളും മട്ടന്നൂരിനു നേടികൊടുത്ത ഒരു റെക്കോർഡിങ് ആണ്. അദ്ദേഹത്തിന്റെ കലാജീവിതത്തിലെ ഒരു പൊൻതൂവലാണ് ശ്രുതി പഞ്ചാരിമേളം എന്ന് നിസ്സംശയം പറയാം. 1988 ൽ അക്കാലത്ത് തായമ്പക ചക്രവർത്തി എന്നറിയപ്പെട്ടിരുന്ന തൃത്താല കേശവപ്പൊതുവാളുടെ തായമ്പക റെക്കോർഡിങ് ചെയ്യുവാനുള്ള ഭാഗ്യം ലഭിച്ചു എന്ന് പറയുമ്പോൾ, ഏറ്റവും നിർഭാഗ്യമെന്നു പറയട്ടെ, കസെറ്റ് പുറത്തിറങ്ങുന്നതിന്നു തലേദിവസം വൈകുന്നേരം കോട്ടക്കലിൽ വെച്ചുള്ള ആ കലാകാരന്റെ മരണം അചിന്തിതമായിരുന്നു. വളരെക്കാലം എന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു വേർപാട് ആയിരുന്നു അത്.
ഞാൻ ചെയ്ത നിരവധി റെക്കോർഡിങ്സിൽ മാഗ്ന സൗണ്ട് ഇറക്കിയ പടിപ്പാട്ട്, ദേവി ഗീതം, വിഘ്നേശ്വരം എന്നിവ നാഴികക്കല്ലുകൾ ആയിരുന്നു. ചിത്രയുടെ ഏറ്റവും പ്രചാരത്തിലുള്ള ഭക്തിഗാന സമാഹാരമാണ് ദേവിഗീതം എന്ന് നിസ്സംശയം പറയാം. ആ കാലങ്ങളിൽ ഞാൻ ഇറക്കിയ ദേവാസുരം, തമ്മിൽ കണ്ടപ്പോൾ, ബന്ധുക്കൾ ശത്രുക്കൾ, പവിത്രം, മിഥുനം, റോജ ഹിന്ദി സിനിമകളിലെ ഗാനങ്ങൾ ഇന്നും വളരെ പ്രചാരത്തിലുള്ളവയാണെന്നു പറഞ്ഞോട്ടെ. കുന്നക്കുടി വൈദ്യനാഥൻ വയലിനിൽ വായിച്ച അയ്യപ്പഭക്തിഗാനങ്ങൾ, കദ്രി ഗോപാൽനാഥ് സാക്സോ ഫോണിൽ വായിച്ച അയ്യപ്പഭക്തിഗാനങ്ങൾ എന്നീ ആൽബംസ് പരീക്ഷണാർത്ഥം ചെയ്ത റെക്കോർഡിങ്സ് ആയിരുന്നെങ്കിലും അവ വൻ വിജയങ്ങളായിരുന്നു. ശരത്തിന്റെ ആദ്യത്തെ ക്ലാസിക്കൽ മ്യൂസിക് ആൽബം 1995 ൽ ഞാൻ മാഗ്നസൗണ്ടിനുവേണ്ടി ണ്ടി റെക്കോർഡ് ചെയ്തപ്പോൾ, അതൊരു അനുഗ്രഹീത ഗായകന്റെ പുറപ്പാട് ആണെന്ന ബോധം മനസ്സിൽ നല്ല പോലെ തെളിഞ്ഞു വന്നിരുന്നു.
എന്റെ സംഗീതയാത്രയിൽ ഏറ്റവും സംഭവബഹുലവും അവിസ്മരണീയവുമായ കാലം ഗാനഗന്ധർവ്വനുമായി അടുത്തിടപഴകിയ എന്റെ BMG നാളുകളായിരുന്നു. തരംഗിണി യുമായി BMG ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിൽ, പുതിയ റെക്കോർഡിങ്സ്, sales& marketing, എന്നീ കാര്യങ്ങളുടെ ചുമതല എന്നിൽ നിക്ഷിപ്തമായിരുന്നു. ദാസേട്ടനുമായി നിരവധി റെക്കോർഡിങ്സ് ചെയ്യുവാനുള്ള ഭാഗ്യം ലഭിച്ചു എന്നു മാത്രമല്ല, അക്കാലത്ത് BMG-തരംഗിണി ഇറക്കിയ നിരവധി ഗാന സമാഹാരങ്ങൾ, സംഗീത ആസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ച് സംഗീതലോകത്ത് ഒരു പുതിയ ഉണർവ്വും ഉദ്ഗതിയും സൃഷ്ടിച്ചെടുക്കാൻ സഹായിക്കുകയും ചെയ്തു. ഒരു സ്വന്തം സഹോദരനെ പോലെ എന്നെ സ്നേഹിച്ചിരുന്ന ദാസേട്ടനും പ്രഭ ചേച്ചിക്കും എന്റെ ആത്മാർത്ഥമായ പ്രണാമങ്ങൾ!! എന്റെ നിർവ്വഹണത്തിൽ ആ കാലങ്ങളിൽ BMG- തരംഗിണി ഇറക്കിയ പ്രണവം, ആവണിപ്പൊൻപുലരി, തിരുവോണ കൈനീട്ടം, ഹരിമുരളി, സൗപർണ്ണികാ തീർത്ഥം, നാമാർച്ചന എന്നീ ഗാന സമാഹാരങ്ങൾ എടുത്തുപറയേണ്ടവയാണ്.
30 വർഷത്തോളം നീണ്ടുനിന്ന എന്റെ സംഗീത യാത്രയിലൂടെ കടന്നുപോയ, കണ്ടുമുട്ടിയ, ഇടപഴകിയ കലാകാരന്മാർ ഇനിയും നിരവധിയുണ്ട്. അവരെ എല്ലാവരെയും കുറിച്ച് ഒരു വാക്കെങ്കിലും പറയാതെ ഈ ലേഖനം അവസാനിപ്പിക്കേണ്ടി വരുന്നതിൽ അതിയായ ഖേദമുണ്ട്. പക്ഷേ അവരിൽ ചിലരെയൊക്കെ ഒരിക്കലും ഒഴിവാക്കുവാൻ സാധിക്കുകയില്ല. ജയ വിജയ ജയൻ, ഉണ്ണിമേനോൻ, ബിജു നാരായണൻ, ദേവാനന്ദ്, ആർ കെ ദാസ്, എ. വി.വി.പോറ്റി പി ആർ മുരളി, കൃഷ്ണദാസ് (ഇടയ്ക്ക) കൃഷ്ണകുമാർ(സിത്താർ) ഇവരൊക്കെ എന്റെ സംഗീതയാത്രയിൽ കൂടെ യാത്ര ചെയ്തവരാണ്. എല്ലാവർക്കും എന്റെ ആത്മാർത്ഥമായ പ്രണാമങ്ങൾ! അവരുടെ വിലയേറിയ സംഭാവനകൾ ഞാൻ ഇന്നും നന്ദിപൂർവം സ്മരിക്കുന്നു!
ഈയടുത്തകാലത്ത് ഞാൻ എഴുതി സംഗീതം ചെയ്ത അരളികൾ പൂക്കുമീ, സ്വപ്നങ്ങളും മോഹങ്ങളും എന്നീ ഗാനങ്ങൾ സാബു ജോസഫ്, പ്രിയനായർ എന്നിവർ പാടിയിരിക്കുന്നു. ജയപ്രകാശ് ഓർക്കസ്ട്രേഷൻ നൽകിയിരിക്കുന്ന ഈ ഗാനങ്ങൾ യൂട്യൂബിൽ വളരെ നല്ല രീതിയിൽ പ്രചാരത്തിലാവുകയും പ്രതീക്ഷിച്ചതിലുപരി വളരെ നല്ല comments ലഭിക്കുകയും ചെയ്തു എന്ന സന്തോഷവർത്തമാനം നിങ്ങളെ ഏവരെയും അറിയിക്കുവാൻ ആഗ്രഹിക്കുന്നു.
സംഗീതത്തെക്കുറിച്ച് എത്രതന്നെ എഴുതിയാലും മതിയാവില്ല. അത്രക്കും ശ്രേഷ്ഠമായ അനുഭവങ്ങളും, നല്ല ഓർമകളും സമ്മാനിച്ച കാലങ്ങൾ ആയിരുന്നു ആ യാത്ര എനിക്ക് സമ്മാനിച്ചത്. ജീവിതത്തിലെ സുവർണ്ണ കാലങ്ങൾ എന്നുതന്നെ വിശേഷിപ്പിക്കാം.സംഗീതം, 78 rpm/ LP records/EP records എന്നിവയിലാരംഭിച്ചു പിന്നീട് cassette/CD/MP3, Pendrive അങ്ങിനെ സാങ്കേതികമായി വന്ന മാറ്റങ്ങളിലൂടെ മുന്നേറി ഇന്ന് യൂട്യൂബിലും, മറ്റ് ഡിജിറ്റൽ പ്ലാറ്റഫോംസിലും നിറഞ്ഞുനിൽക്കുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സാങ്കേതികവിദ്യയിലും, സംഗീതത്തിലും വന്നുകൊണ്ടിരിക്കുന്നു. ആസ്വാദകരുടെ ആസ്വാദന ശീലങ്ങൾ എത്ര മാറിയാലും, എത്ര കാലങ്ങൾ കഴിഞ്ഞാലും, പഴയ സംഗീതം ഇന്നും എന്നും പുതുമയോടെ തന്നെ നിലനിൽക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അവയ്ക്ക് മരണമില്ല, അവ എന്നും വാടാമലരുകൾ ആയി, നിറസൗരഭ്യവുമേകി നമ്മുടെ ഹൃദയങ്ങളിൽ പൂത്തുലഞ്ഞു നിൽക്കും!!