പത്തനംതിട്ട : നഗരത്തെ നടുക്കിയ തീപിടിത്തത്തെ തുടർന്ന് ഒഴിവാക്കിയിരുന്ന എണ്ണപ്പലഹാര നിർമാണം പുനരാരംഭിക്കാനുള്ള നീക്കവുമായി സ്വകാര്യ ബസ്സ്റ്റാൻഡിലെ വ്യാപാരികൾ. ഓഫിസുകൾ പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപായാണ് നിലവിൽ ഇവിടെ എണ്ണപ്പലഹാര നിർമാണം പുനരാരംഭിച്ചിരിക്കുന്നത്. രാവിലെ 10 മണിക്കു മുൻപായി ഇത് അവസാനിപ്പിക്കുകയും പിന്നീട് 6 മണിയോടെ വീണ്ടും തുടങ്ങുകയും ചെയ്യുന്നതായി നഗരത്തിലെ യാത്രക്കാർ പറയുന്നു.
ജനുവരി മാസത്തിൽ സെൻട്രൽ ജംക്ഷനിലെ ചിപ്സ് കടകളിലുണ്ടായ തീപിടിത്തത്തെ തുടർന്നു നടന്ന വ്യാപക പരിശോധനകൾക്കു ശേഷമാണ് ബസ്സ്റ്റാൻഡിൽ വിവിധ കടകളോടു ചേർന്നു പ്രവർത്തിച്ചിരുന്ന ചിപ്സ്, പലഹാര നിർമാണം തുടങ്ങിയവ നിർത്തി വച്ചത്. യാത്രക്കാർ കടന്നു പോകുന്ന വഴിയിൽ വലിയ ചീനച്ചട്ടികളിലാണ് എണ്ണ തിളപ്പിച്ച് പലഹാരങ്ങൾ നിർമിച്ചിരുന്നത്. സ്കൂൾ കുട്ടികൾ മുതൽ വയോധികർ വരെ നൂറുകണക്കിന് യാത്രക്കാർ കടന്നു പോകുന്ന വഴിയിൽ എണ്ണ തിളപ്പിക്കുന്നതിന് എതിരെ ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. എന്നിട്ടും അധികാരികൾ വിഷയത്തിൽ ഇടപെടാതിരുന്നതിനു പിന്നാലെയാണു നഗരത്തിൽ തീപിടിത്തം ഉണ്ടായത്.
കടയുടെ മുൻവശത്ത് ഫുട്പാത്തിനോടു ചേർന്ന് ചിപ്സ് ഉണ്ടാക്കിക്കൊണ്ടിരുന്ന എണ്ണയ്ക്കു തീപിടിച്ചതിനെ തുടർന്ന് നാലു കടകളാണ് കത്തി നശിച്ചത്. കടകളിൽ സൂക്ഷിച്ചിരുന്ന 3 ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ചു. അഗ്നിരക്ഷാ സേന തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെയും പൊട്ടിത്തെറിയുണ്ടായി.
ഈ സംഭവത്തിനു ശേഷമാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചതും ബസ്സ്റ്റാൻഡിൽ പലഹാര നിർമാണം നിലച്ചതും. വീണ്ടും ഇത് പൂർണതോതിൽ ആരംഭിക്കാനുള്ള നീക്കമാണ് സ്വകാര്യ ബസ്സ്റ്റാൻഡിൽ നടക്കുന്നതെന്നാണ് ആരോപണം. മൂന്നും നാലും സിലിണ്ടറുകളാണ് ഇത്തരം കടകളിൽ സൂക്ഷിക്കുന്നത്. തീ പിടിത്തം ഉണ്ടായാൽ അതു നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ബസ്സ്റ്റാൻഡിൽ ഇല്ലാത്തതും പ്രശ്നം സങ്കീർണമാക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം