കോഴിക്കോട് : കഴുത്തിൽ 150 ഗ്രാം ഭാരമുള്ള മുഴയുമായി ജനിച്ച കുഞ്ഞ് അത്ഭുതകരമാം വിധം സാധാരണ ജീവിതത്തിലേക്ക്. ഗർഭപാത്രത്തിലിരിക്കെ തലച്ചോറിലേക്കുള്ള സുപ്രധാന രക്തക്കുഴലുകളെയും ശ്വാസനാളിയെയും അന്നനാളത്തേയും തടസ്സപ്പെടുത്തി വളർന്ന മുഴ, വിദഗ്ധഡോക്ടർമാരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനും പ്രാർത്ഥനകൾക്കുമൊടുവിൽ സുരക്ഷിതമായി നീക്കം ചെയ്തു. കോഴിക്കോടെ ആസ്റ്റർ മിംസാണ് സംഘർഷഭരിതമായ നിമിഷങ്ങൾക്ക് സാക്ഷിയായത്.
ബംഗളുരുവിൽ താമസിക്കുന്ന യുവമലയാളി ദമ്പതികളുടെ നവജാതശിശുവിന്റെ കഴുത്തിലാണ് അസാധാരണമായ വലിപ്പമുള്ള മുഴ കണ്ടെത്തിയത്. ഗർഭിണിയായ അമ്മയിൽ മുപ്പതാമത്തെ ആഴ്ചയിൽ നടത്തിയ അൾട്രാസൗണ്ട് സ്കാനിലാണ് സെർവിക്കൽ ടെറാടോമ എന്ന അത്യപൂർവ മുഴവളർച്ച കണ്ടെത്തിയത്. അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. പ്രസവശേഷം കുഞ്ഞിന് ശ്വസിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ജനിച്ച് മൂന്ന് മിനിറ്റിനുള്ളിൽ ശ്വാസമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കുഞ്ഞിനെ നഷ്ടമാകുമെന്ന് മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. തുടർന്ന് പല ആശുപത്രികളെയും ബന്ധപ്പെട്ടെങ്കിലും കോഴിക്കോട്ടെ ആസ്റ്റർ മിംസിൽ നിന്നാണ് പ്രത്യാശ നൽകുന്ന മറുപടി കിട്ടിയത്. വ്യത്യസ്ത വകുപ്പുകളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ ഒരു സമിതി തന്നെ രൂപീകരിച്ചുകൊണ്ടാണ് ആസ്റ്റർ മിംസ് ഈ ദൗത്യം ഏറ്റെടുത്തത്.
നിർണായകമായ പ്രസവശസ്ത്രക്രിയക്ക് മുന്നോടിയായി എല്ലാ സജ്ജീകരണങ്ങളും തയാറാണെന്ന് ഉറപ്പിക്കാൻ തലേദിവസം ഒരു ട്രയൽ റണ്ണും നടത്തി. ജനിച്ചയുടൻ കുഞ്ഞിന് ശ്വാസമെടുക്കാൻ പ്രത്യേക സംവിധാനം ഒരുക്കണം. എക്സ്ട്രാ യൂറ്ററീൻ ഇൻട്രാപാർട്ടം ട്രീറ്റ്മെന്റ് എന്ന അത്യാധുനിക ചികിത്സാരീതിയാണ് ഇതിനായി ഉപയോഗിച്ചത്. കുഞ്ഞിനെ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പകുതിമാത്രം പുറത്തെടുത്ത് നടത്തുന്ന ചികിത്സയാണിത്. അമ്മയെ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന പൊക്കിൾകൊടി മുറിക്കാതെ തന്നെ ദൃതഗതിയിൽ കുഞ്ഞിന്റെ ശ്വാസനാളത്തിൽ ഒരു ട്യൂബിട്ട് കുഞ്ഞിന്റെ ജീവൻ പരിരക്ഷിക്കുക എന്നതായിരുന്നു ആദ്യത്തെ കടമ്പ. അങ്ങനെ അമ്മയിൽ നിന്ന് തന്നെ കുഞ്ഞിന് ഓക്സിജൻ കിട്ടിക്കൊണ്ടിരുന്നു. ഇതേ സമയം കുഞ്ഞിന് സ്വന്തമായി ശ്വാസമെടുക്കാനുള്ള ഒരു ട്യൂബ് ഡോക്ടർമാർ നൽകി. കഴുത്തിലെ ഈ മുഴ വളരെ വലുതായിരുന്നതിനാൽ ഈ പ്രക്രിയ വളരെ ശ്രമകരമായിരുന്നു. എങ്കിലും പിഴവുകളൊന്നും കൂടാതെ ഇത് ഡോക്ടർമാർ വിജയകരമായി പൂർത്തിയാക്കുകയും നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞിനെ നവജാതശിശുക്കൾക്കുള്ള ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.
ശ്വാസകോശം, അന്നനാളം, തലച്ചോറിലേക്കുള്ള ഞരമ്പുകൾ എന്നിവയെയെല്ലാം തടസപ്പെടുത്തി നിലനിന്നിരുന്ന മുഴ, അപകടമൊന്നും കൂടാതെ നീക്കം ചെയ്യുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. ആ ഘട്ടവും വിജയകരമായി പൂർത്തിയാക്കാൻ ഡോക്ടർമാർക്ക് സാധിച്ചു.
Read More:ബിഗ് ബോസ് സർപ്രൈസുകൾ; കണ്ണ് നിറഞ്ഞ് ഷിജു
തങ്ങൾക്ക് അതുവരെയുണ്ടായിരുന്ന പരിചയസമ്പത്തിനെയും അറിവിനേയും പരീക്ഷിച്ച സംഭവമായിരുന്നു ഈ സർജറിയെന്ന് പീഡിയാട്രിക് സർജറി വിഭാഗം തലവനും സീനിയർ കൺസൾട്ടന്റുമായ ഡോ. എബ്രഹാം മാമ്മൻ പറഞ്ഞു. എത്ര സങ്കീർണമായ സ്ഥിതിവിശേഷമാണെങ്കിലും അമൂല്യമായ ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഏതറ്റം വരെയും പോവുക എന്നതായിരുന്നു ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
20 ഡോക്ടർമാർ അടങ്ങുന്ന സംഘത്തിൽ നവജാതശിശുക്കളുടെയും കുട്ടികളുടെയും ചികിത്സാവിഭാഗങ്ങളും ഒപ്പം അനസ്തേഷ്യ വിദഗ്ധരും പ്രത്യേക പരിശീലനം നേടിയ നേഴ്സുമാരും ദൗത്യത്തിൽ പങ്കാളികളായി. ഡോ. എബ്രഹാം മാമ്മനോടൊപ്പം പീഡിയാട്രിക് സർജറി വിഭാഗത്തിലെ ഡോ. റോഷൻ സ്നേഹിത്, ഡോ ബിനീഷ് എ എന്നിവരും, നവജാതശിശുരോഗ വിഭാഗത്തിൽ നിന്നും ഡോ. പ്രീത രമേശ്, ഡോ. വിഷ്ണുമോഹൻ, ഡോ. ആനന്ദ് എന്നിവരും, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. കിഷോർ കെ , ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നാസർ ടി. കൺസൽട്ടൻറ് ഡോ. സിന്ധു പി സി എന്നിവരും, ഹെഡ് ആൻഡ് നെക്ക് ശസ്ത്രക്രിയ വിദഗ്ധൻ ഡോ. സജിത്ത് ബാബു, ശ്വാസകോശരോഗ ചികിത്സാവിഭാഗത്തിൽ നിന്നുള്ള ഡോ. അനൂപ് എം പി എന്നിവരും യജ്ഞത്തിൽ പങ്കെടുത്തു.
പ്രസവശേഷം രണ്ടുമാസം പിന്നിട്ട കുഞ്ഞ് ഇപ്പോൾ പൂർണആരോഗ്യത്തോടെ ഇരിക്കുന്നു. കൃത്യമായ ഇടവേളകളിൽ അമ്മയോടൊപ്പം കോഴിക്കോട് ആസ്റ്റർ മിംസിൽ പരിശോധനകൾക്കായി എത്താറുണ്ട്. ബേബി ഡി എന്ന പേരിട്ടാണ് ഈ ദൗത്യം ഡോക്ടർമാർ ഏറ്റെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം