ന്യൂഡല്‍ഹി: ബാലസോർ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയിൽവേ ജൂനിയർ എഞ്ചിനിയർ ഒളിവിൽ പോയെന്ന വ്യാജ പ്രചരണം തള്ളി അധികൃതർ. തിങ്കളാഴ്ച അന്വേഷണ ചുമതലയുള്ള സിബിഐ സംഘം എൻജിനിയറുടെ വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതായി കണ്ടെത്തി എന്നായിരുന്നു വാർത്തകൾ. എന്നാൽ, ഈ പ്രചാരണം തെറ്റാണെന്ന് ദക്ഷിണ -പൂർവ റെയിൽവേ അറിയിച്ചു. എല്ലാ ജീവനക്കാരും സിബിഐയോട് സഹകരിക്കുന്നുണ്ടെന്നും റെയിൽവേ വ്യക്തമാക്കി.
രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ വ്യാജ- വിദ്വേഷ പ്രചരണവുമായി സംഘ്പരിവാർ അനുകൂല മാധ്യമങ്ങളും സോഷ്യൽമീഡിയ ഹാൻഡിലുമാണ് രംഗത്തെത്തിയത്. അമീർ ഖാൻ എന്ന് പേരുള്ള റെയിൽവേയിലെ മുസ്‍ലിമായ ജൂനിയർ എൻജിനീയർ അപകടത്തിന് ശേഷം ഒളിവിലാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് സംഘ്പരിവാർ അനുകൂല മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.
എല്ലാ ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സൗത്ത് ഈസ്റ്റേൺ റെയിൽവേ സിപിആർഒ ആദിത്യ കുമാർ ചൗധരി വ്യക്തമാക്കി. ’ബഹനാഗ റെയിൽവെ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ ഒളിവിലാണെന്നും കാണാതായെന്നും ചില മാധ്യമ റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇത് വസ്തുതാപരമായി തെറ്റാണ്. മുഴുവൻ ജീവനക്കാരും ഹാജരുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി അവർ സിബിഐക്ക് മുന്നിൽ ഹാജരാകുന്നുമുണ്ട്’- ആദിത്യ കുമാർ ചൗധരി വീഡിയോയിൽ പറഞ്ഞു.
It is to be clarified none of the staff involved in the ongoing query are missing or absconding.
-CPRO/SER pic.twitter.com/il4GRn2WrA— Spokesperson Railways (@SpokespersonIR) June 20, 2023
ബാലസോർ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്തം മുസ്‍ലിം ജൂനിയർ എൻജിനീയർ അമീർ ഖാന്റെ മേൽ ചുമത്തി വലതുപക്ഷ ഹാൻഡിലുകളും ഗോഡി മീഡിയയും ആഘോഷിക്കുകയാണെന്നും സർക്കാരിൽ നിന്ന് കുറ്റം മുസ്‌ലിമിന്റെ തലയിലേക്ക് മാറ്റാൻ പരമാവധി ശ്രമിക്കുകയാണെന്നും വീഡിയോ പങ്കുവച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ കുറിച്ചു.
നേരത്തെയും, ഒഡീഷ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ അനുകൂല സോഷ്യൽമീഡിയ ഹാൻഡിലുകൾ വ്യാജ- വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരുന്നുത്. അപകടം നടന്ന സ്ഥലത്തിനടുത്ത് മുസ്‍ലിം പള്ളിയുണ്ടെന്നും വെള്ളിയാഴ്ച അപകടം നടന്നത് ദുരൂഹമാണെന്നുമായിരുന്നു ആദ്യത്തെ കുപ്രചരണം. അപകടം നടന്ന ട്രാക്കിന് സമീപമുള്ള വെള്ളനിറത്തിലുള്ള കെട്ടിടത്തിന് നേരെ ആരോമാർക്ക് നൽകിയ ചിത്രം സഹിതമായിരുന്നു പ്രചാരണം. എന്നാൽ, അത് പള്ളിയല്ലെന്നും ഇസ്കോൺ ക്ഷേത്രമാണെന്നും പിന്നീട് വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസടക്കമുള്ളവ തെളിയിച്ചു.
പിന്നീട് ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററായ ‘ഷരീഫ്’ അപകടത്തിന് പിന്നാലെ ഒളിവിലാണെന്നായിരുന്നു രണ്ടാമത്തെ പ്രചാരണം. ബാലസോറിൽ നടന്നത് ഒരു അപകടമോ അശ്രദ്ധയോ അല്ലെന്നും ഒളിവിൽ കഴിയുന്ന സ്റ്റേഷൻ മാസ്റ്റർ ഷെരീഫ് മനഃപൂർവം നടപ്പിലാക്കിയതാണ് എന്നുമായിരുന്നു പ്രചരണം. എന്നാൽ ഇങ്ങനെയൊരാൾ ആ സ്റ്റേഷനിൽ ജോലി ചെയ്യുന്നില്ലെന്ന് ആൾട്ട് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
ജൂണ്‍ 2 ന് ചെന്നൈയിലേക്ക് പുറപ്പെട്ട കൊറമാണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൌറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസുമായി കൂട്ടിയിടിച്ച് 292 പേരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ 1100 പേര്‍ക്ക് പരിക്കേറ്റിരുന്നു. ട്രെയിൻ ദുരന്തത്തിൽ നാലു മലയാളികളും ഉൾപ്പെട്ടിരുന്നു. ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ അഞ്ച് പേരെ ഇതിനോടകം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് സിബിഐ. ബെഹനഗ റെയിൽവേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറുമാണ് കസ്റ്റഡിയിലുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം