പതിനെട്ടടവും പയറ്റിയിട്ടും സംഘപരിവാറിന് കേരള നിയമസഭയിൽ പച്ചതൊടാനായിട്ടില്ല. മണിപ്പൂർ പള്ളിതകർക്കലിനും കൂട്ടക്കൊലയ്ക്കും ശേഷം ക്രിസംഘികളിലൂടെ ക്രിസ്ത്യൻ സമുദായത്തിലേക്കു കയറാമെന്ന പൂതിയും അവസാനിച്ചിരിക്കുകയാണ്. അപ്പോൾ പിന്നെ എന്തു മാർഗ്ഗം? കശ്മീരിനെപ്പോലെ കേരളത്തെയും കേന്ദ്രഭരണ പ്രദേശമായി മാറ്റുന്നതിനുള്ള ഗൂഡാലോചന തുടങ്ങിയിരിക്കുകയാണ്. നിയമസഭ പിരിച്ചുവിടുക, പ്രസിഡന്റ് ഭരണം ഏർപ്പെടുത്തുക, സംസ്ഥാനത്തിനുവേണ്ടി ഗവർണ്ണർ കേന്ദ്രത്തിന്റെ ഇംഗിതത്തിനു സമ്മതംമൂളുക, കേരളത്തെ രണ്ടോ മൂന്നോ ആയി വിഭജിക്കുക, മാഹി പോലെ കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുക.
ഈ ബിജെപിക്കാർക്ക് മനസിലാകാത്ത ഒരു കാര്യമുണ്ട്. അത് വള്ളത്തോൾ പാടിയതാണ്:
“ഭാരതമെന്ന പേർ കേട്ടാലഭിമാന-
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളിൽ”
ഞാൻ ഇന്ത്യൻ പൗരൻ എന്ന പോലെ മലയാളിയുമാണ്. ഐക്യകേരള രൂപീകരണത്തിൽ ഒരു പങ്കുമില്ലാത്ത ബിജെപിക്ക് ഇതു മനസിലാകില്ല. അതുകൊണ്ട് കേരളത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കാൻ വരുന്നവർക്ക് തക്കസമ്മാനം മലയാളികൾ നൽകും.
സി.ആർ. രവീന്ദ്രനാഥ് എന്ന പേരിൽ ഒരാൾ ന്യൂസ് 18 ഇംഗ്ളീഷ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒപ്പീനിയൻ പേജിലെ ലേഖനത്തിൽ സംഘപരിവാർ അകത്തളങ്ങളിലെ ഈ ഭാവന ഒരു നിർദ്ദേശമായി ഔപചാരികമായി അവതരിപ്പിച്ചിരിക്കുകയാണ്. കേരളം അഭിവൃദ്ധിപ്പെടാൻ ഏറ്റവും നല്ല മാർഗ്ഗം പരിമിതമായ സ്വയംഭരണം മാത്രമുള്ള കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുക എന്നതാണ്.
എന്താണ് കേരളീയർക്ക് നൽകുന്ന പ്രലോഭനം? കശ്മീർ കേന്ദ്രഭരണ പ്രദേശമായപ്പോൾ പശ്ചാത്തലസൗകര്യങ്ങളുടെ നിർമ്മാണത്തിന് പണം വാരിക്കോരി കൊടുത്തത്രേ. ബിജെപി ആയാൽ മാത്രമേ സംസ്ഥാനങ്ങൾക്ക് കേന്ദ്രസഹായം ലഭിക്കൂവെന്ന ഡബിൾ എഞ്ചിൻ വികസന ദർശനം ദേശവിരുദ്ധമാണ്. കേന്ദ്രം സഹായിച്ചില്ലെങ്കിലും ദ്രോഹിക്കാതിരുന്നാൽ മതി. കിഫ്ബിയെ അട്ടിമറിക്കുന്നതിനുള്ള നീക്കം ഉപേക്ഷിച്ചാൽ കേരളത്തിന്റെ പശ്ചാത്തലസൗകര്യ പിന്നോക്കാവസ്ഥ പരിഹരിക്കാൻ കഴിയുമെന്നത് നമ്മുടെ അനുഭവമാണല്ലോ.
ഇപ്പോൾ എന്താ കേരളത്തിലെ പ്രശ്നം? ഏഷ്യാനെറ്റ് അടക്കമുള്ള കേരളവിരുദ്ധ മാദ്ധ്യമങ്ങൾ കഴിഞ്ഞ ഏതാനും മാസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ആക്ഷേപങ്ങളൊക്കെ നല്ല ഇംഗ്ലീഷ് ഭാഷയിൽ എണ്ണിപ്പറഞ്ഞിട്ടുണ്ട്.
• കേരളത്തിന്റെ വരുമാനമാർഗ്ഗം ലോട്ടറിയും കള്ളുകച്ചവടവുമാണ്.
• പെട്രോളിയത്തിനും വാഹനങ്ങൾക്കും ഭൂമിക്കും ഏറ്റവും കൂടുതൽ നികുതി പിരിക്കുന്ന സംസ്ഥാനം.
• അതേ ശ്വാസത്തിൽതന്നെ സ്വന്തമായി നികുതി പിരിക്കാത്ത സംസ്ഥാനമെന്ന ശാപവും.
• കടം വാങ്ങി എത്ര കാലം കഴിയും?
• ഒരു പശ്ചാത്തല വികസനത്തിനു കാശില്ല.
• പിള്ളേരൊന്നും ഇവിടെ നിക്കുന്നില്ല, നാടു വിടുകയാണ്.
കേരളത്തിന്റെ ഉയർന്ന സാമൂഹ്യക്ഷേമ നിലയെക്കുറിച്ച് അംഗീകരിക്കാതിരിക്കാൻ നിർവ്വാഹമില്ലല്ലോ. പക്ഷേ, അതല്ല പ്രധാനമെന്നാണ് ലേഖനത്തിലെ വാദം. കേരളത്തിന്റെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ 40 ശതമാനത്തിലേറെ ഉയർന്നതാണെന്ന വസ്തുതയും തമസ്കരിക്കാനാവില്ല. എന്നാൽ ഗൾഫ് പണവരുമാനം ഇല്ലാതായാൽ ഈ നേട്ടം തകരും. അപ്പോൾ പിന്നെ കേരളത്തിന് ഏകരക്ഷാമാർഗ്ഗം കേന്ദ്രഭരണപ്രദേശമായി മാറുകയാണത്രേ.
ലേഖകൻ പറയുന്നതല്ലാതെ കേരളത്തിനു വേറെ മാർഗ്ഗമുണ്ട്. അതാണ് നവകേരള പരിപാടിയിലൂടെ കേരളീയരുടെ മുന്നിൽവച്ചിരിക്കുന്നത്. അതിന് കേരളജനത കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കീഴ്വഴക്കങ്ങൾ മാറ്റിവച്ച് അംഗീകാരവും നൽകിയിട്ടുണ്ട്.
പക്ഷേ, ഇതൊന്നും സംഘികൾക്ക് ബാധകമല്ല. കേരള സംസ്ഥാനത്തെത്തന്നെ ഇല്ലാതാക്കി കേരളീയരെ രക്ഷിക്കാനുള്ള പരിപാടികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ് അവർ. ഇംഗ്ലീഷിൽ എഴുതിയ ലേഖനം ഇപ്പോൾ കേരളത്തെക്കുറിച്ച് സാമൂഹ്യമാദ്ധ്യമ ഫ്ലാറ്റ്ഫോമുകളിൽ ചർച്ചകൾ നടക്കുമ്പോൾ അവിടെക്കൊണ്ടുപോയി സംഘികൾ പതിക്കുന്നുമുണ്ട്. ഈ കേരള വിരുദ്ധർക്കെതിരെ “തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളിൽ”.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം