തമിഴ്നാട്ടിലെ എസ്‌എസ്‌സി, എച്ച്‌എസ്‌സി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും മനംകവർന്ന് സൂപ്പർതാരം വിജയ്. തങ്ങളുടെ ഇഷ്ടതാരത്തെ അടുത്തുകാണാനും പരിചയപ്പെടാനും കഴിഞ്ഞതിന്റെ സന്തോഷം കുട്ടികളിൽ പ്രകടമായിരുന്നു. നൂറ് കണക്കിനു കുട്ടികൾക്കും മാതാപിതാക്കൾക്കും സമ്മാനത്തുകയും സർട്ടിഫിക്കറ്റും വിജയ് നേരിട്ട് വിതരണം ചെയ്തു. അറുന്നൂറില്‍ അറുന്നൂറുമാര്‍ക്കും നേടിയ നന്ദിനി എന്ന കുട്ടിക്ക് ഡയമണ്ട് നെക്ലസാണ് വിജയ് സമ്മാനമായി നൽകിയത്. വിജയ്‌യുടെ ആരാധക സംഘടന വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച സമ്മേളനം നീലാങ്കരയിലുള്ള ആര്‍.കെ. കണ്‍വെന്‍ഷന്‍ സെന്ററില്‍വച്ചാണ് നടന്നത്.
തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിൽ നിന്നും മികച്ച വിജയം നേടിയ കുട്ടികളെയാണ് ക്ഷണിച്ചിരുന്നത്. ഒരോ നിയമസഭാ മണ്ഡലത്തില്‍നിന്ന് ആറ് വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. പൊതുജനങ്ങളെ ശല്യപ്പെടുത്തുന്ന രീതിയിൽ താൻ പങ്കെടുക്കുന്ന ചടങ്ങ് പ്രമോട്ട് ചെയ്യരുത് എന്ന് അദ്ദേഹം ആരാധകരോട് അഭ്യർഥിച്ചിരുന്നു.
വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള നടപടിയുടെ ഭാഗമായിട്ടാണ് ശനിയാഴ്ച ഇത്തരം ഒരു സമ്മേളനം നടത്തുന്നതെന്നാണ് വിലയിരുത്തല്‍. ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ വിജയ് രാഷ്ട്രീയ സൂചന നൽകുകയും ചെയ്തു. നാളത്തെ വോട്ടർമാർ നിങ്ങളാണെന്ന് വിജയ് കുട്ടികളെ അഭിസംബോധന ചെയ്തു പറഞ്ഞു. പണം വാങ്ങി വോട്ട് ചെയ്യരുതെന്നും നടൻ കുട്ടികളോടു വ്യക്തമാക്കി.
‘‘നമ്മുടെ വിരൽ വച്ച് സ്വന്തം കണ്ണുകൾ തന്നെ കുത്തുകയെന്നു കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോൾ നടക്കുന്നത്. കാശു വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ നമ്മളും അതാണു ചെയ്യുന്നത്. ഒരു വോട്ടിന് 1000 രൂപ എന്നു വിചാരിക്കുക. ഒന്നര ലക്ഷം പേർക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കിൽ 15 കോടി വരും. ജയിക്കാൻ 15 കോടി ചെലവാക്കുന്നവർ അതിലുമെത്ര നേരത്തേ സമ്പാദിച്ചുകാണുമെന്നു ചിന്തിച്ചാൽ മതി.വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികൾക്ക് ഇതെല്ലാം പഠിപ്പിച്ചുകൊടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാശു വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോടു നിങ്ങൾ ഓരോരുത്തരും പറയണം.’’ – പരിപാടിയുടെ വിഡിയോ ഇപ്പോൾ വൈറൽ ആയി.
ലോക പട്ടിണി ദിനത്തിൽ തമിഴ്നാട്ടിൽ എല്ലായിടത്തും ഫാൻസ് അസോസിയേഷനുകൾ വിജയ്ക്കുവേണ്ടി ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നു. അംബേദ്കർ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ അംബേദ്കർ പ്രതിമകളിലും ഹാരാർപ്പണം നടത്തണമെന്നും വിജയ് നിർദേശിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം കുറച്ച് സീറ്റുകൾ നേടിയിരുന്നു. ആ ആത്മവിശ്വാസം മുൻനിർത്തിയാണ് വിജയ് കരുക്കൾ നീക്കുന്നതെന്നാണു സൂചന.
ഫാൻസ് ക്ലബ്ബുകൾ വഴി നിരവധി ക്ഷേമ പ്രവർത്തനങ്ങളിലും വിജയ് ഏർപ്പെടുന്നുണ്ട്. അതിനിടെ, വിജയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. 2026 ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പാണ് താരം ലക്ഷ്യമിടുന്നതെന്നും അതിനാലാണ് ഇത്തരം ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതെന്നുമാണ് ചിലരുടെ അഭിപ്രായം.
സംവിധായകൻ ലോകേഷ് കനകരാജിന്റെ ‘ലിയോ’യിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂൺ 22 ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആരാധകർക്ക് സമ്മാനമായി പുറത്തിറക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം