കൊച്ചി: ആസ്റ്റർ ഇന്റർനാഷണൽ എമർജൻസി മെഡിസിൻ കോൺക്ലേവിന്റെ രണ്ടാം പതിപ്പ്, എമർജൻസ്- 2023, ഔദ്യോഗികമായി കൊച്ചിയിലെ നിഹാര റിസോർട്ടിൽ ആരംഭിച്ചു. ജൂൺ 16 മുതൽ 18 വരെ നടക്കുന്ന ഈ പരിപാടിയിൽ യുകെ, യുഎസ്എ, ഖത്തർ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമടക്കം 1000-ലധികം ഡോക്ടർമാരും മെഡിക്കൽ രംഗത്തെ വിദഗ്ദരുമാണ് പങ്കെടുക്കുന്നത്. എമർജൻസി മെഡിസിനുമായി ബന്ധപ്പെട്ട 60ഓളം വിഷയങ്ങളിൽ നിരവധി പഠനങ്ങൾ ഈ മൂന്നു ദിവസങ്ങളിലായി അവതരിപ്പിക്കപ്പെടുന്നതായിരിക്കും.
പ്രശസ്ത സാമൂഹിക പ്രവർത്തകനും 2008-ൽ മഗ്സസെ അവാർഡ് ജേതാവുമായ പത്മശ്രീ ഡോ. പ്രകാശ് ബാബ ആംതെയാണ് ഔദ്യോഗികമായി ശനിയാഴ്ച കോൺക്ലേവ് ഉദ്ഘാടനം ചെയുന്നത്. ദൗത്യനിർവഹണത്തിനിടയിൽ രോഗിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിനെ യോഗം അനുസ്മരിക്കും. ഇന്ത്യയിലെ മുഴുവൻ ആരോഗ്യപ്രവർത്തകരോടുമുള്ള ഐക്യദാർഢ്യത്തിന്റെ വേദി കൂടിയായിരിക്കും സമ്മേളനം.
എമർജെൻസ്-2023, അത്യാഹിത ചികിത്സയെ കുറിച്ചുള്ള അറിവുകൾ ബലപ്പെടുത്തുന്നതിലായിരിക്കും ഇത്തവണത്തെ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുക. യഥാർത്ഥ കേസുകൾ ആസ്പദമാക്കിയുള്ള ചർച്ചകൾ നടക്കും. ഇന്ത്യക്കകത്തു നിന്നും പുറത്തുനിന്നുമുള്ള പ്രഗത്ഭ ഡോക്ടർമാർ അവരുടെ അത്യാഹിത വിഭാഗത്തിലെ അവരുടെ അനുഭവങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കും. അത്യാഹിത ചികിത്സാവിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ (ഇഡി, ഐസിയു തുടങ്ങിയവ) നടത്തുന്നവർക്കും ഈ ത്രിദിന സമ്മേളനം ഏറെ പ്രയോജനപ്പെടും. ഒപ്പം വിവിധതരം മത്സരങ്ങൾക്കും സംവാദങ്ങൾക്കും പ്രഗത്ഭരുടെ വിഷയാവതരണങ്ങൾക്കും സമ്മേളനം സാക്ഷിയാകും.
read also : കാട്ടാക്കട ക്രിസ്ത്യൻ കോളജ് ആൾമാറാട്ടം; മുൻ പ്രിൻസിപ്പാളിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി
പദ്മശ്രീ ഡോ. പ്രകാശ് ആംതെക്ക് പുറമെ, ഇ.എം. സൊനോളജി ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ഡോക്ടർ കീയ്ത് ബോണഫീസ് (യുഎസ്എ), വിൽഡർനസ് മെഡിസിൻ വിദഗ്ധൻ കെറി ക്രൈഡൽ (യുഎസ്എ), ടെലിമെഡിസിൻ സിഇഒ ഡോ. സുനിൽ ബുധ്രാണി (യുഎസ്എ), ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (SRIHER) സർവകലാശാലയിൽ നിന്നുള്ള ഡോ. ടിവി രാമകൃഷൻ, അപ്പോളോ ഹോസ്പിറ്റൽസിലെ ഡോ. ധവപളനി, ക്ലൗഡ് ഫിസിഷ്യൻ സ്ഥാപകൻ ഡോ. ദിലീപ് രാമൻ, ആസ്റ്റർ ഹോസ്പിറ്റൽസ് പ്രതിനിധി ഡോ. വേണുഗോപാലൻ പിപി, യുകെ ഗവൺമെന്റിന്റെ ദുരന്തനിവാരണ ഉപദേശകൻ ഡോ. രാമചന്ദ്രൻ മാധവൻ, എന്നീ പ്രമുഖ വ്യക്തികളും പങ്കെടുക്കും. കാഹോ, പെഡിസ്റ്റാർസ്, ഐസിഎടിടി , ഹമദ് മെഡിക്കൽ കോർപ്പറേഷൻ, ജിഡബ്ലിയു യൂണിവേഴ്സിറ്റി,യുഎസ്എ എന്നിവയുടെ സാന്നിധ്യവും ഉണ്ടായിരിക്കും.
എമർജെൻസ്-23ന്റെ ഭാഗമായി കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി, നിഹാര റിസോർട്ട്, പിഎസ് മിഷൻ ഹോസ്പിറ്റൽ മരട്, എംബിഎംഎം ഹോസ്പിറ്റൽ കോതമംഗലം, മോഡേൺ ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കഴിവുകൾ വികസിപ്പിക്കാൻ ഉതകുന്നതരത്തിലുള്ള 12 – ലധികം പ്രീ കോൺഫറൻസ് വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം