കൊച്ചി: പി.വി ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്കറിയക്കെതിരെ ചുമത്തിയ കേസില്‍ വീണ്ടും തിരിച്ചടി. ഷാജന്‍ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
കഴിഞ്ഞ ദിവസം ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അറിയിച്ചിരുന്നു. അറസ്റ്റ് തടയണമെന്ന ഷാജൻ സ്‌കറിയയുടെ ആവശ്യമാണ് കോടതി തള്ളിയത്.
നേരത്തെ പട്ടികജാതി പട്ടികവര്‍ഗ പീഡന വിരുദ്ധ നിയമം ചുമത്തിയത് നിലനില്‍ക്കില്ലെന്നും അറസ്റ്റ് തടയണമെന്നും ഷാജന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇത് നിരാകരിച്ചാണ് ഷാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് തള്ളിയത്. ഇനി ഹൈക്കോടതിയെ സമീപിക്കുകയല്ലാതെ ഷാജന്‍ സ്‌കറിയയുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല.
read also: കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി കോടതി
പി വി ശ്രീനിജിന്‍ നല്‍കിയ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജനെതിരെ കേസെടുത്തത്. ഷാജന്‍ സ്‌കറിയ, സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിന്‍ എംഎല്‍എ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആസൂത്രിതമായ അജണ്ടയുടെ ഭാഗായി വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ശ്രീനിജിന്‍ എംഎല്‍എ ആരോപിച്ചിരുന്നു
വ്യാജ വാർത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന എം.എൽ.എയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചും ഐ.ടി – ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് എളമക്കര പൊലീസ് ഷാജന്‍ സ്കറിയക്കെതിരെ കേസെടുത്തത്.
അതേസമയം, ‘മറുനാടൻ മലയാളി’യെ ശ്വാസംമുട്ടിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത മാധ്യമവേട്ടയാണ് ഇപ്പോൾ നടക്കുന്നത്. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഏഷ്യാനെറ്റ് ലേഖിക അഖില ഒരു വാർത്ത റിപ്പോർട്ട് ചെയ്യുകയാണുണ്ടായത്. നേരത്തെ വിനു വി. ജോൺ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. ഇപ്പോൾ ഏറ്റവും അവസാനമായി ‘മറുനാടൻ മലയാളി’യെ ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയാണ്. ‘മറുനാടൻ മലയാളി’യുടെ വാർത്തകൾക്കെതിരെ പരാതിയുണ്ടെങ്കിൽ അതിനെ നിയമപരമായാണ് നേരിടേണ്ടത്. അതിനു പകരം അവരെ ശ്വാസംമുട്ടിക്കാനും ഭീഷണിപ്പെടുത്താനുമുള്ള നീക്കം കേരളം പോലുള്ള സംസ്ഥാനത്ത് ഒരിക്കലും അനുവദിച്ചുകൊടുക്കാനാകില്ല-ചെന്നിത്തല വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















