സർക്കാർ സേവനങ്ങൾ ലഭിക്കാൻ ഓഫിസുകളിൽ നിന്ന് ഓഫിസുകളിലേക്ക് ഓടി നടക്കേണ്ടതില്ല. കയ്യിൽ സ്മാർട് ഫോൺ ഉണ്ടെങ്കിൽ എന്തും സാധ്യം. റേഞ്ച് ഉള്ളിടത്ത് ഇരുന്നാൽ മതി. അത്തരത്തിലുള്ള ആപ്ലിക്കേഷനുകളിൽ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ചിലത്.
ഉമാങ് UMANG
കേന്ദ്ര –സംസ്ഥാന സർക്കാരുകൾ നൽകുന്ന സേവനങ്ങളുടെ ഇന്റഗ്രേറ്റഡ് പോർട്ടലാണ് ‘ഉമാങ്’. മലയാളമടക്കം 13 ഭാഷകളിൽ ലഭ്യമാണ്. പ്രോവിഡന്റ് ഫണ്ട്, പാൻ കാർഡ്, ആധാർ കാർഡ്, ഡിജിലോക്കർ, ഭാരത് ബിൽ പേയ്മെന്റ്, ദേശീയ സ്കോളർഷിപ് പോർട്ടൽ, ജൻ ഔഷധി കേന്ദ്രങ്ങളുടെ വിവരങ്ങൾ, ഇലക്ട്രിസിറ്റി, പാചകവാതകം, കൃഷി ഇൻഷുറൻസ്, കാലാവസ്ഥാ നിരീക്ഷണം, ഇൻകം ടാക്സ്, ഗതാഗത വകുപ്പ്, നാഷനൽ ഡിജിറ്റൽ ലൈബ്രറി എന്നിവയടക്കം 1500ൽ കൂടുതൽ സേവനങ്ങൾക്കായി ഉപയോഗിക്കാം.
ജൻസമർഥ് (JANSAMARTH)
വിദ്യാഭ്യാസം, കൃഷി, ബിസിനസ് എന്നിവയ്ക്കു കേന്ദ്രസർക്കാരിന്റെ സബ്സിഡിയോടെ വായ്പ ലഭിക്കാനുള്ള ഏകജാലക പദ്ധതിയാണിത്. കേന്ദ്ര മന്ത്രാലയങ്ങളുടെ 13 ലോണുകൾക്ക് ഇതുവഴി അപേക്ഷിക്കാം. 4 കാറ്റഗറികളിലാണു ലോൺ ലഭിക്കുക. ബിസിനസ് ആവശ്യങ്ങൾക്കു ധനസഹായം നൽകുന്ന മുദ്ര ലോണിന് അപേക്ഷിക്കേണ്ടതും ഇതുവഴിയാണ്. ഒരു ചാർജും ഈടാക്കുന്നില്ല.
യുടിഎസ്(UTS)
റിസർവേഷൻ ഒഴികെയുള്ള ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങളുമായി റെയിൽവേ പുറത്തിറക്കിയ ആപ്പാണ് ‘യുടിഎസ് ഓൺ മൊബൈൽ’. സാധാരണ യാത്രാ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും സീസൺ ടിക്കറ്റും ഇതുവഴി എടുക്കാം.സ്റ്റേഷനിലെത്തിയ ശേഷം യുടിഎസ് ആപ്പിലെ ‘ക്യുആർ ബുക്കിങ്’ ഓപ്ഷൻ ഉപയോഗിക്കണം. ഏതു തരം ടിക്കറ്റാണു വേണ്ടതെന്ന് ആപ്പിൽ സിലക്ട് ചെയ്യണം. തുടർന്ന്, സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിന്റെ സമീപത്തു പതിച്ചിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യാം. ഏതു സ്റ്റേഷനിൽ നിന്നാണോ സ്കാൻ ചെയ്യുന്നത് അവിടെ നിന്നുള്ള ടിക്കറ്റ് കിട്ടും. യഥാർഥ ടിക്കറ്റ് നിരക്കു മാത്രം നൽകിയാൽ മതി. ആപ്പിലെ റെയിൽ വോലറ്റിൽ പണം നിക്ഷേപിച്ചോ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ, പേയ്മെന്റ് വോലറ്റുകൾ എന്നിവയിലൂടെയോ പണമടയ്ക്കാം. വോലറ്റിൽ നിക്ഷേപിക്കുന്ന തുകയ്ക്കു 3% ബോണസ് ലഭിക്കും.
Read More:യുവത്വംകാക്കാൻ പച്ചക്കറികൾ നല്ലത്
പരിശോധനാ സമയത്തു മൊബൈൽ ഫോണിൽ ടിക്കറ്റ് കാണിച്ചാൽ മതി. ഇനി, പേപ്പർ ടിക്കറ്റ് തന്നെ വേണമെന്നുള്ളവർക്ക് ടിക്കറ്റിന്റെ നമ്പർ നൽകി സ്റ്റേഷനിലുള്ള ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനിൽ നിന്നു സൗജന്യമായി പ്രിന്റ് എടുക്കാം.
ആഭ ( ABHA)
ഓരോ പൗരന്റെയും സമ്പൂർണ ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ പരിഷ്കരിച്ച ആപ്. റജിസ്റ്റർ ചെയ്യുന്നവർക്കു സവിശേഷ തിരിച്ചറിയൽ നമ്പർ ലഭിക്കും. ലാബ് റിപ്പോർട്ടുകൾ, ഡോക്ടറുടെ കുറിപ്പടികൾ, വ്യക്തിയുടെ മെഡിക്കൽ ഹിസ്റ്ററി, മുൻപു നടത്തിയ ചികിത്സയുടെ വിവരങ്ങൾ, ആശുപത്രികളിലെ ബില്ലുകൾ അടയ്ക്കുന്നത്, വാക്സിനേഷൻ തുടങ്ങിയ വിവരങ്ങൾ ഇതിൽ ലഭിക്കും. ആരോഗ്യസേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഈ ഹെൽത്ത് ഐഡി ആയിരിക്കും അടിസ്ഥാനം.
ഇ–ഹെൽത്ത് (E-HEALTH)
കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ ഇ ഹെൽത്ത് സൗകര്യമുള്ള ആശുപത്രികളിൽ ഓൺലൈൻ ബുക്കിങ് വഴി നിശ്ചിത ദിവസവും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും. ഒപി ടിക്കറ്റുകൾ, ടോക്കൺ സ്ലിപ്പുകൾ എന്നിവ പ്രിന്റെടുക്കാനും കഴിയും.വ്യക്തിക്കു ലഭിച്ച തിരിച്ചറിയൽ നമ്പറും പാസ്‌വേഡും ഉപയോഗിച്ചു പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്ന്റ്മെന്റ് ക്ലിക്ക് ചെയ്യുക. റഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്മെന്റും തിരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്ന്റ്മെന്റ് വേണ്ട തീയതി തിരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ ദൃശ്യമാകും. സൗകര്യപ്രദമായ സമയത്തു ടോക്കൺ എടുക്കാം.
ഡിജിലോക്കർ (DIGILOCKER)
സർക്കാരിൽ നിന്നു വ്യക്തികൾക്കു ലഭിക്കുന്ന ഔദ്യോഗിക രേഖകൾ ഡിജിറ്റലായി ഫോണിൽ സൂക്ഷിക്കാനുള്ള മാർഗമാണ് ഡിജിലോക്കർ. ആധാറുമായി ബന്ധിപ്പിച്ച എല്ലാ സർക്കാർ രേഖകളിലെയും വിലാസം എളുപ്പത്തിൽ മാറ്റാനുള്ള സംവിധാനം ഡിജിലോക്കറിൽ ഉടനെത്തും. ആധാർ, റേഷൻ കാർഡ്, പാൻ, കോവിഡ് സർട്ടിഫിക്കറ്റ്, സ്കൂൾ / സർവകലാശാല മാർക്ക് ഷീറ്റുകൾ, ഡ്രൈവിങ് ലൈസൻസ്, ജാതി സർട്ടിഫിക്കറ്റ് അടക്കം ഇതിലൂടെ ഡിജിറ്റലായി ലഭ്യമാകും. തിരിച്ചറിയൽ ആവശ്യത്തിനായി ഇവ കാണിക്കാനും സാധിക്കും. എല്ലാ രേഖകളും പ്രിന്റഡ് രൂപത്തിൽ കൊണ്ടുനടക്കുന്നത് ഒഴിവാക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ പ്ലേ സ്റ്റോർ അടക്കമുള്ള അംഗീകൃത ആപ്സ്റ്റോറുകളിൽനിന്നു മാത്രം ആപ് ഇൻസ്റ്റാൾ ചെയ്യുക.
∙സേവനത്തിനു പണം അടയ്ക്കുന്നതിനു മുൻപ് നൽകിയിരിക്കുന്ന വിവരങ്ങൾ, സേവനങ്ങൾ എന്നിവ കൃത്യമാണോയെന്ന് ഉറപ്പാക്കുക.
∙ആപ്പിൽ റജിസ്ട്രേഷനു നൽകുന്ന ഫോൺ നമ്പർ, മെയിൽ ഐഡി എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുക.
∙ഒടിപി, പാസ്‌വേഡ്, യൂസർനെയിം എന്നിവ പങ്കുവയ്ക്കാതിരിക്കുക.
∙പബ്ലിക് വൈഫൈ, നെറ്റ് വേഗം കുറഞ്ഞ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് ഈ സേവനങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം