ചന്ദ്രനില്‍ പോലും ജീവന്റെ സാന്നിധ്യം ഉണ്ടായേക്കാമെന്നു നാസയുടെ ശാസ്ത്രജ്ഞന്‍. ചില മൈക്രോബുകള്‍ക്ക് ചന്ദ്രന്‍റേതു പോലെയുളള ഏറ്റവും ദുരിതപൂര്‍ണ്ണമായ പരിസ്ഥിതികളില്‍ പോലും പിടിച്ചു നില്‍ക്കാന്‍ സാധിക്കുമെന്നു നാസയുടെ ഗോഡാര്‍ഡ സ്‌പെയ്സ് സെന്ററിലെ പ്ലാനറ്ററി സയന്റിസ്റ്റായ പ്രബല്‍ സക്‌സേന പറഞ്ഞതായി റിപ്പോർട്ടുകൾ. ഇക്കാര്യം അടുത്ത ചാന്ദ്ര ദൗത്യത്തില്‍ത്തന്നെ കണ്ടെത്താൻ സാധിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു.
വായുവില്ലാത്ത ഗ്രഹങ്ങളില്‍ പോലും ചിലയിടങ്ങളില്‍ വാസയോഗ്യമായ സ്ഥലങ്ങള്‍ ഉണ്ടായേക്കാമെന്നാണ് പ്രബല്‍ കരുതുന്നത്. ഇതെല്ലാം പഠനവിധേയമാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും നാസ 2025ലെ ആര്‍ടമിസ് 3 ദൗത്യം നടത്തുക. ചന്ദ്രനില്‍ 13 ഇടങ്ങളില്‍ എവിടെയെങ്കിലും ആര്‍ട്ടമിസ് 3 ഇറക്കുകയാണ് നാസ ലക്ഷ്യമിടുന്നത്.
ചന്ദ്രനിൽ ചിലയിടങ്ങളിൽ എപ്പോഴും ഇരുട്ടാണ്. അതിനാൽ അവിടെ വിനാശശേഷിയുള്ള വികിരണങ്ങള്‍ എത്തില്ല. ഇത്തരം ഇടങ്ങള്‍ എക്ട്രീം മൈക്രോബ്‌സ് എന്ന വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന സൂക്ഷ്മ ജീവികള്‍ക്ക് സുരക്ഷിത താവളമായിരിക്കുമെന്നാണ് പ്രബലിന്റെയും സഹഗവേഷകരുടെയും അനുമാനം.
മൈക്രോബുകള്‍ ഭൂമിയില്‍നിന്നു ചന്ദ്രനിലേക്കു പോയവയോ?
മൈക്രോബുകള്‍ ചന്ദ്രനില്‍ ഉണ്ടെങ്കില്‍ അവ നേരത്തേ ഭൂമിയില്‍നിന്നു നടത്തിയ ചാന്ദ്ര ദൗത്യങ്ങള്‍ക്കുപയോഗിച്ച ലൂണാര്‍ ലാന്‍ഡറുകളില്‍ പറ്റിക്കൂടി എത്തിയതായിരിക്കാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. മൈക്രോബുകള്‍ ഉണ്ടായിരിക്കാം എന്ന അനുമാനത്തിന് മറ്റൊരു തരത്തിലും പ്രാധാന്യമുണ്ട്. ഇനി ഇപ്പോള്‍ ചന്ദ്രനില്‍ ഇല്ലെങ്കില്‍ പോലും, താമസിയാതെ മനുഷ്യര്‍ ചാന്ദ്രോപരിതലം ഒരു പ്രവര്‍ത്തന മേഖലയാക്കുകയാണെങ്കില്‍ അവിടെ ഉറപ്പായും എത്തുമെന്നും പ്രബല്‍ പറയുന്നു.
പ്രബല്‍ എന്താണ് ചെയ്യുന്നത്?
നമ്മുടെ സൗരമണ്ഡലത്തിനു വെളിയില്‍ അന്യഗ്രഹജീവികള്‍ ഉണ്ടോ എന്ന പഠനം നടത്തുന്നവരില്‍ ഒരാളായിരുന്നു പ്രബല്‍. എന്നാല്‍, അടുത്തിടെയായി അന്വേഷണം ഭൂമിക്കടുത്തു തന്നെ ഏതെങ്കിലും ഗ്രഹത്തില്‍ ജീവന്‍ ഉണ്ടാകുമോ എന്നതായി. മൈക്രോബുകള്‍ക്ക് ചന്ദ്രന്റേതുപോലെയുള്ള ഉപരിതലങ്ങളില്‍ വസിക്കാന്‍ സാധിച്ചേക്കും എന്ന അദ്ഭുതപ്പെടുത്തുന്ന കണ്ടെത്തലില്‍ താനും സഹഗവേഷകരും എത്തിച്ചേര്‍ന്നു എന്നാണ് പ്രബല്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
സാധ്യത ഇങ്ങനെ
ഉദാഹരണത്തിന്, ഡെയ്‌നോകൊക്കസ് റേഡിയോ ഡ്യൂറാന്‍സ് (Deinococcus radiodurans) എന്നു വിളിക്കുന്ന ബാക്ടീരിയം ഇന്റര്‍നാഷനല്‍ സ്‌പെയ്‌സ് സ്റ്റേഷന്റെ (ഐഎസ്എസ്) പുറത്ത് ഒരു വര്‍ഷം ജീവിച്ചു എന്നു കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. ടാര്‍ഡിഗ്രേഡ്‌സ് (Tardigrades) എന്ന് വിളിക്കുന്ന വിഭാഗത്തില്‍ പെട്ട ബാക്ടീരിയത്തിനും ഐഎസ്എസിലെ ദുഷ്‌കരമായ സാഹചര്യത്തെ അതിജീവിക്കാനായി എന്നും ഗവേഷകര്‍ കണ്ടെത്തി.
ഇത്തരത്തിലുള്ള, ഏതെല്ലാം വിഭാഗങ്ങളില്‍ പെടുന്ന സൂക്ഷ്മജീവികള്‍ക്കാണ് ചന്ദ്രന്റേതു പോലെയുള്ള ഉപരിതലത്തില്‍ വസിക്കാൻ സാധിക്കുക എന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തിവരികയാണ് തങ്ങള്‍ ഇപ്പോള്‍ എന്നും പ്രബല്‍ പറഞ്ഞു.
പ്രബലിന്റെയും കൂട്ടരുടെയും അനുമാനം ശരിയാണെങ്കില്‍ മൈക്രോബുകള്‍ക്ക് ചന്ദ്രനില്‍ അതിജീവനം നടത്താന്‍ മാത്രമല്ല, അവിടെ തഴച്ചുവളരാനും സാധിച്ചേക്കുമത്രെ. പ്രത്യേകിച്ചും ചന്ദ്രനിലെ സദാ നിഴല്‍ വീണുകിടക്കുന്ന ക്രെയ്റ്ററുകളില്‍ ഇനി വളര്‍ന്നേക്കുമെന്നാണ് നിരീക്ഷണം.
കോവിന്‍ ഡേറ്റ ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് സർക്കാർ
ഇന്ത്യക്കാരുടെ കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച ഡേറ്റ സൂക്ഷിച്ചിരിക്കുന്ന കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ഡേറ്റ ചോർച്ച ഉണ്ടായെന്ന വാര്‍ത്ത വന്‍ വിവാദത്തിനു തുടക്കമിട്ടിരുന്നല്ലോ.
ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍) നടത്തിയ പഠനത്തില്‍ സർക്കാരിന്റെ കോവിന്‍ പോര്‍ട്ടലില്‍ നിന്ന് നേരിട്ട് ഡേറ്റ ചോര്‍ത്തിയിട്ടില്ലെന്ന് കണ്ടെത്തിയെന്ന് ഐടി സഹമന്ത്രി രാജിവ് ചന്ദ്രശേഖര്‍. നേരത്തേ പുറത്തെത്തിയ ഒരു വിവരശേഖരണത്തില്‍ നിന്നാണ് ടെലിഗ്രാം ബോട്ട് ഡേറ്റ എടുത്തതെന്ന് അദ്ദേഹം പറയുന്നു. അതേസമയം, കേന്ദ്ര ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ ടെലിഗ്രാം ബോട്ട് എങ്ങനെയാണ് ഡേറ്റ പുറത്തുവിട്ടത് എന്നതിനെക്കുറിച്ചുള്ള വിശദീകരണമില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഗൂഗിളിന്റെ പരസ്യ ബിസിനസിന്റെ കുറച്ചു ഭാഗം വില്‍ക്കാന്‍ ആവശ്യപ്പെട്ടേക്കും
ഇന്റര്‍നെറ്റിലെത്തുന്ന പരസ്യങ്ങളുടെ സിംഹഭാഗവും കയ്യടക്കിവച്ചിരിക്കുന്നത് രണ്ടു കമ്പനികളാണ്- ഗൂഗിളും ഫെയ്‌സ്ബുക്കും. ഒരു കാലത്ത് പരസ്യ ബിസിനസ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നത് ഗൂഗിളായിരുന്നു. എന്നാല്‍, 2017ല്‍ ഫെയ്‌സ്ബുക് ഇതു പൊളിക്കാനായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇരുകമ്പനികളും തമ്മില്‍ പരസ്യങ്ങള്‍ പങ്കുവയ്ക്കാമെന്ന ധാരണയിലെത്തി. എന്നാല്‍, ഈ രണ്ടു ഭീമന്മാരില്‍ മാത്രം പരസ്യ വരുമാനത്തിലേറെയും ഒതുങ്ങുന്നത് മറ്റു കമ്പനികള്‍ക്ക് വളരാനുള്ള സാധ്യത കുറയ്ക്കുന്നു.
യൂറോപ്യൻ യൂണിയന്റെ പ്രധാന ആന്റിട്രസ്റ്റ് വിഭാഗമായ യൂറോപ്യന്‍ കമ്മിഷന്‍ ഈ ആഴ്ച തന്നെ ഗൂഗിളിന് ഇക്കാര്യത്തില്‍ നോട്ടിസ് നല്‍കിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഡിജിറ്റല്‍ പരസ്യ ബിസിനസിന്റെ ഒരു പങ്കെങ്കിലും ഗൂഗിള്‍ കൈവിടണം എന്ന ആവശ്യമായിരിക്കും ഇയു ഉന്നയിക്കുക. ഇക്കാര്യത്തില്‍ ഇയു നേരത്തെ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും ഗൂഗിള്‍ മറുപടി നല്‍കാത്തതും ഇയുവിന് ഇഷ്ടക്കേടുണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
വില കുറഞ്ഞ വിഷന്‍ വണ്‍ ഹെഡ്‌സെറ്റും ആപ്പിള്‍ പുറത്തിറക്കിയേക്കും
ആപ്പിള്‍ അടുത്തിടെ പുറത്തിറക്കിയ എംആര്‍ ഹെഡ്‌സെറ്റായ വിഷന്‍ പ്രോയ്ക്ക് വില 3499 ഡോളറാണ്. ഇത് സാധാരണ ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന തുകയല്ല. എന്നാല്‍, അത്തരക്കാര്‍ക്കുള്ള ഒരു ഹെഡ്‌സെറ്റും ആപ്പിള്‍ നിര്‍മിക്കുന്നുണ്ടാകാമെന്നാണ്, ആപ്പിള്‍ കമ്പനിയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സാമാന്യം വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന ആളായി കരുതുന്ന ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക് ഗുര്‍മന്‍ തന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
Read More:ഛിന്നഗ്രഹം ഭൂമിയിലേയ്ക്ക് ;ഭയക്കേണ്ടതുണ്ടോ?
പേര് വിഷന്‍ വണ്‍ എന്നോ?
പുതിയ ഹെഡ്‌സെറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, അതിന് വില കുറഞ്ഞ ഘടകഭാഗങ്ങളായിരിക്കും ഉപയോഗിക്കുക എന്ന് അനുമാനിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷന്‍ പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നതിനേക്കാള്‍ വില കുറഞ്ഞ സ്‌ക്രീനും ശക്തി കുറഞ്ഞ പ്രോസസറും ആയിരിക്കാം ഉപയോഗിക്കുക.
3ഡി ക്യാമറകളും വേണ്ടന്നുവച്ചേക്കും. പുതിയ ഹെഡ്‌സെറ്റിന്റെ പേര് വിഷന്‍ വണ്‍ എന്നായിരിക്കാമെന്നും പറയുന്നു. മെറ്റാ തുടങ്ങിയ കമ്പനികളുടെ ഹെഡ്‌സെറ്റ് വാങ്ങിയിരിക്കുന്നവരെയും ആകര്‍ഷിക്കാന്‍ പുതിയ ഹെഡ്‌സെറ്റ് വഴി ആപ്പിളിനു സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
എഐ അവസരങ്ങള്‍ മുതലാക്കി യുകെ ടെക് തലസ്ഥാനമാകണമെന്ന് സുനക്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ടുവരുന്ന പുതിയ അവസരങ്ങള്‍ മുതലാക്കി ബ്രിട്ടൻ ലോക ടെക്‌നോളജിയുടെ തലസ്ഥാനമാകണമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. ഇതിനായി ഉടനടി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് സുനക് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടൻ ലോകത്തിന്റെ ടെക്‌നോളജി തലസ്ഥാനങ്ങളില്‍ ഒന്നായാല്‍ പോരാ, അതിനപ്പുറത്തേക്കു പോകണം എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം