സയൻസ് ഫിക്‌ഷൻ സിനിമകളൊക്കെ കാണുന്ന ആളുകളാണെങ്കിൽ എന്നെങ്കിലും ഭൂമിയില്‍ ഒരു കൂറ്റന്‍ ഉല്‍ക്കയോ ഛിന്നഗ്രഹമോ വന്നിടിക്കുമോ എന്ന ആശങ്ക ഒരിക്കലെങ്കിലും തോന്നാം. എന്നാൽ ഇതാ ഒരു ‘സയൻസ് ഫിക്‌ഷൻ ബ്ളോക് ബസ്റ്റർ’ നമ്മുടെ ‘തലയ്ക്കു മുകളിൽ’ സംഭവിക്കുന്നു. ഒന്നല്ല, രണ്ട് ഉല്‍ക്കകളാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിക്കരികിലേക്കു വന്നതും കടന്നു പോകാനൊരുങ്ങുന്നതും. 500 മുതല്‍ 850 മീറ്റര്‍ വലുപ്പമുള്ള ഈ ഛിന്നഗ്രഹങ്ങള്‍ സൂര്യനെ ഭ്രമണം ചെയ്യുന്നതിനിടെയാണ് ഭൂമിക്കു നേരെയും വന്നത്.
488453 (1994എക്‌സ്ഡി), 2020 ഡിബി5 എന്നിങ്ങനെ പേരുള്ള ഛിന്നഗ്രഹങ്ങളാണ് ഭൂമിക്കു നേരെ വരുന്നത്. ഇതില്‍ 488453 (1994എക്‌സ്ഡി) ജൂണ്‍ 12 തിങ്കളാഴ്ച ഭൂമിയുടെ പരിസരത്തെത്തി, ജൂൺ 13 അതായത് ഇന്ന്, ഇരുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറ്റി നാലായിരം കിലോമീറ്ററോളം മാത്രം അകലെ എത്തും. 2020 ഡിബി5 ജൂണ്‍ 15 നാണ് ഭൂമിയുടെ ഏറ്റവും അടുത്തെത്തുക. 150 മീറ്ററിൽ കൂടുതല്‍ വലുപ്പമുള്ളതുകൊണ്ടുതന്നെ ഈ ഛിന്നഗ്രഹങ്ങളെ ‘ഭൂമിക്ക് ഭീഷണിയാവുന്നവ’ എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.
ഒൻപതടിയോളം വലുപ്പമുള്ള ഭീമൻ ജീവികൾ വീട്ടുവളപ്പിൽ
മണിക്കൂറില്‍ 77,292 കിലോമീറ്റര്‍ വേഗത്തിലാണ് 488453 (1994എക്‌സ്ഡി) സഞ്ചരിക്കുന്നത്. ഭൂമിയില്‍നിന്നു 31.62 ലക്ഷം കിലോമീറ്റര്‍ അടുത്തു വരെ ഈ ഛിന്നഗ്രഹം എത്തുമെന്നാണ് പ്രതീക്ഷ. ഒരു ദശാബ്ദത്തിനു മുമ്പ് 2012 നവംബര്‍ 27നാണ് ഇതിനുമുൻപ് 488453 (1994എക്‌സ്ഡി) ഭൂമിക്കരികിലൂടെ കടന്നു പോയത്. ഇനിയൊരു ഏഴു വര്‍ഷം കൂടി കഴിഞ്ഞ് 2030ലായിരിക്കും ഈ ഛിന്നഗ്രഹത്തിന്റെ അടുത്ത വരവ്.
ജൂണ്‍ 15ന് 2020 ഡിബി5 എന്ന ഉല്‍ക്ക ഭൂമിക്ക് 43.08 ലക്ഷം കിലോമീറ്റര്‍ വരെ അടുത്തെത്തുമെന്നാണ് കരുതപ്പെടുന്നത്. മണിക്കൂറില്‍ 34,272 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന 2020 ഡിബി5 1995ലാണ് അവസാനമായി ഭൂമിക്കരികിലൂടെ കടന്നു പോയത്. ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയുടെ കണക്കുകൂട്ടല്‍ പ്രകാരം 2048 മേയ് രണ്ടിനായിരിക്കും 2020 ഡിബി5 വീണ്ടും ഭൂമിക്കരികിലെത്തുക.
ഭൂമിയേയും മറ്റു ഗ്രഹങ്ങളേയും പോലെ ഉല്‍ക്കകളും സൂര്യനെ ഭ്രമണം ചെയ്യുന്നുണ്ട്. പല ഗ്രഹങ്ങളുടെയും ഗുരുത്വാകര്‍ഷണത്തിന് വിധേയമാവുന്ന ഇവയുടെ സഞ്ചാരപഥങ്ങള്‍ക്ക് സ്ഥിരതയില്ലെന്നതാണ് പ്രധാന വെല്ലുവിളി. ദിവസവും നിരവധി ചെറു ഉല്‍ക്കകള്‍ ഭൂമിയിലേക്ക് വീഴുന്നുണ്ടെങ്കിലും അവ നമ്മുടെ അന്തരീക്ഷത്തിലെ ഘര്‍ഷണത്തില്‍പെട്ട് കത്തിത്തീരുകയാണ് പതിവ്. എന്നാല്‍ വലുപ്പമുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിച്ചാല്‍ അവ സമാനതകളില്ലാത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിക്കും.
2013ല്‍ റഷ്യയിലെ ചെന്യാബിന്‍സ്‌കില്‍ പതിച്ച ഉല്‍ക്കയ്ക്ക് 20 മീറ്റര്‍ വലുപ്പമുണ്ടായിരുന്നു. ആകാശത്ത് 23 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് പൊട്ടിത്തെറിച്ച സൂപ്പര്‍ബൊളൈഡ് എന്ന ഈ ഉല്‍ക്ക ഹിരോഷിമയില്‍ അമേരിക്ക ഇട്ട അണുബോംബിനു സമാനമായ ഊര്‍ജമാണ് പുറന്തള്ളിയത്. ഈ ഉല്‍ക്കാ പതനത്തെ തുടര്‍ന്ന് മൂവായിരത്തോളം കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാവുകയും ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 20 മീറ്റര്‍ വലുപ്പമുള്ള ഈ ഉല്‍ക്ക ഇത്രയേറെ പ്രശ്‌നങ്ങളുണ്ടാക്കിയെങ്കില്‍ 500 മുതല്‍ 850 മീറ്റര്‍ വരെ വലുപ്പമുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിച്ചാല്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ കണക്കുകൂട്ടുക പോലും എളുപ്പമല്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം