ലഖ്നൌ: ഗുസ്തി ഫെഡറേഷൻ സംഘടന തെരഞ്ഞെടുപ്പ് ജൂലൈ നാലിന് നടത്തുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസറായി മുൻ ജമ്മു കശ്മീർ ചീഫ് ജസ്റ്റിസ് മഹേഷ് കുമാർ മിത്തലിനെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അഡ്‌ഹോക്ക് കമ്മിറ്റി നിയമിച്ചു. മൂന്ന് തവണയായി പന്ത്രണ്ട് വർഷം ബ്രിജ്ഭൂഷണ് ശരൺ സിംഗാണ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് ഉണ്ടായിരുന്നത്.
ഗുസ്തി താരങ്ങളുടെ സമരത്തിൻ്റെ പശ്ചാത്തലത്തിൽ 45 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് രാജ്യാന്തര ഒളിമ്പിക്സ് അസോസിയേഷൻ നിർദ്ദേശം നൽകിയിരുന്നു. ബ്രിജ് ഭൂഷണിൻ്റെ കുടുംബക്കാരിൽ നിന്നോ കൂട്ടാളികളിൽ നിന്നോ ആരും മത്സരിക്കില്ലെന്ന് ഗുസ്തി താരങ്ങൾക്ക് കേന്ദ്രം ഉറപ്പുകൊടുത്തിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത് വനിതയാവണമെന്ന് ഗുസ്തി താരങ്ങൾ ആവശ്യമുന്നയിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രം ഉറപ്പുനൽകിയിട്ടില്ല.
ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ പൊലീസിന് തെളിവുകൾ കൈമാറിയിരുന്നു. ലൈംഗികാരോപണം ഉന്നയിച്ച ആറ് വനിതാ താരങ്ങളിൽ നാലുപേരും തങ്ങളുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ നൽകിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ജൂൺ 15 വരെ സമരം വെച്ചിരുന്നു. ആ കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.
read also :നിഹാലിൻ്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ഇതിനിടെ, ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ മൊഴി പ്രായപൂർത്തിയാകാത്ത ഗുസ്തിതാരം മാറ്റിയത് കടുത്ത സമ്മർദം മൂലമാണെന്ന് സാക്ഷി മാലിക് പറഞ്ഞിരുന്നു. കേസിൽ വിട്ടുവീഴ്ച ചെയ്യാൻ കടുത്ത സമ്മർദമാണ് തങ്ങൾ അനുഭവിക്കുന്നതെന്ന് സാക്ഷി മാലികും ബജ്രംഗ് പുനിയയും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്‍റെ മണ്ഡലമായ കൈസർഗഞ്ചിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ പറഞ്ഞു. മത്സരിക്കുക മാത്രമല്ല, വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ബ്രിജ് ഭൂഷൺ അവകാശപ്പെട്ടു. ഉത്തർപ്രദേശിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.പിയിലെ ബിഷ്ണോഹർപൂരിൽനിന്നാണ് റാലി ആരംഭിച്ചത്. റാലിയിൽ ബി.ജെ.പി പ്രവർത്തകർ ബ്രിജ്ഭൂഷന് വൻ സ്വീകരണമാണ് ഒരുക്കിയത്. മോദി സർക്കാരിന്റെ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. ബ്രിജ്ഭൂഷണിനെ പുറത്താക്കാൻ പാർട്ടിക്കു മുകളിൽ സമ്മർദം വർധിച്ചു വരുന്നത്തിന് ഇടയിലാണ് ബ്രിജ് ഭൂഷൺ റാലി നടത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















