തിരുവനന്തപുരം: മാധ്യമസ്വാതന്ത്ര്യം എന്നത് ഗൂഢാലോചന നടത്തലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഷോയുടെ പരാതി അന്വേഷിക്കും. അതിൽ ആർക്കും പൊള്ളേണ്ടതില്ലെന്നും ഗൂഢാലോചനക്കാരെ പുറത്ത് കൊണ്ടു വരുമെന്നും ഗോവിന്ദൻ പറഞ്ഞു.
കെഎസ്‌യു ഉയർത്തിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്കെതികായ ആരോപണം തത്സമയം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ വീണ്ടും ന്യായീകരിക്കുകയാണ് എംവി ഗോവിന്ദൻ. കണ്ണൂരിൽ വെച്ചായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. മാധ്യമങ്ങൾ പി കെ കുഞ്ഞനന്തനെ ഭീകരവാദിയായാണ് ചിത്രീകരിച്ചത്. മാധ്യമങ്ങൾ എന്താണ് ചെയ്തിരുന്നതെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുഞ്ഞനന്തനോടുള്ള സമീപനം. കണ്ണൂർ പാറാലിൽ പി കെ കുഞ്ഞനന്തൻ ദിനാചരണത്തിലാണ് എം വി ഗോവിന്ദന്റെ പരാമർശം.
റിപ്പോര്‍ട്ടറെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചു.”അന്വേഷണത്തിന്റെ ഭാഗമായി തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ, അത് ആരെയായാലും അവർക്കെതിരെ കേസെടുക്കണം. ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യണം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടും ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചനയിൽ പങ്കാളികളായ എല്ലാവരെയും പുറത്ത് കൊണ്ടുവരണം. ഈ കേസ് വ്യത്യസ്തമാണ്. മാധ്യമത്തിന്റെ പേരും പറഞ്ഞ് കേസിൽ നിന്ന് ഒഴിവാകാൻ കഴിയില്ല”. ഇനിയും കേസെടുക്കും നേരത്തെയും കേസെടുത്തിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
read more: കണ്ണൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11 വയസുകാരന് ദാരുണാന്ത്യം
അഖില നന്ദകുമാറിനെതിരെ കേസെടുത്ത സംഭവത്തിൽ ഇടതുമുന്നണിയിൽ തന്നെ ഭിന്നതയുണ്ട്. സിപിഐ നേതാവ് സി. ദിവാകരൻ സർക്കാർ നടപടിയിൽ കനത്ത പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു. റിപ്പോർട്ടർ അഖില നന്ദകുമാർ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ലെന്നും സർക്കാർ നടപടിയിലെ വിയോജിപ്പ് അനുയോജ്യമായ വേദിയിൽ പറയുമെന്നും സി. ദിവാകരൻ തുറന്നടിച്ചിരുന്നു.
കഴിഞ്ഞ ജൂൺ ആറിനാണ് മഹാരാജാസ് കോളേജിൽ വ്യാജരേഖാ കേസിലെ കെഎസ്‌യു പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ അഖില പോയത്. ആ സമയത്ത് കെഎസ്‌യു പ്രവർത്തകർ പ്രിൻസിപ്പലുമായി സംസാരിക്കുന്ന മുറിയിലേക്ക് അഖില പ്രവേശിക്കുകയും ഇവിടെ വെച്ച് പ്രിൻസിപ്പലിന്റെയും കെഎസ്‌യു പ്രവർത്തകരുടെയും തത്സമയ പ്രതികരണം അഖില തേടുകയും ഉണ്ടായി. ഈ ഘട്ടത്തിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഉന്നയിച്ച പി എം ആർഷോക്കെതിരായ മാർക്ക് ലിസ്റ്റ് ആരോപണം, രാഷ്ട്രീയ ആരോപണമെന്ന നിലയിലാണ് അഖില റിപ്പോർട്ട് ചെയ്തത്. ഈ സംഭവത്തിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















