തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു. വടക്കന്‍ ജില്ലകളില്‍ വ്യാപകമായി മഴ ലഭിച്ചു തുടങ്ങി. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
15-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കു സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. ഞായറാഴ്ച തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Read also: നെടുമങ്ങാട് ആശുപത്രിയിൽ ഒന്നര വയസുകാരി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
മഴ ശക്തമായേക്കാന്‍ സാധ്യതയുള്ളതിനാല്‍ കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്. അടുത്ത നാലുദിവസംവരെ കേരളം- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍വരെയും ചിലയവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍വരെയും വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കേരളാ തീരത്ത് ഞായാറാഴ്ച രാത്രി 11.30 വരെ മൂന്നുമുതല്‍ 3.3 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിന്റെ വേഗം സെക്കന്‍ഡില്‍ 45 സെന്റീമീറ്ററിനും 75 സെന്റീമീറ്ററിനും ഇടയിലായിരിക്കുമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശാനുസരണം തീരങ്ങളിൽനിന്ന് മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. കടലിലിറങ്ങിയുള്ള വിനോദങ്ങള്‍ പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















