കൊച്ചി : ഗതാഗതക്കുരുക്ക് അഴിക്കാൻ പണിത വൈറ്റില മേൽപാലം മൂലമുള്ള കുരുക്ക് ആരഴിക്കും? നാട്ടുകാർ ഈ ചോദ്യം ചോദിക്കാൻ തുടങ്ങിയിട്ടു നാളേറെയായി. പക്ഷേ, കുരുക്ക് മുറുകുന്നതല്ലാതെ അഴിയുന്ന പ്രശ്നമില്ല. മേൽപാലം പണിതതോടെ ഇടപ്പള്ളി– അരൂർ റൂട്ടിൽ യാത്ര സുഗമമായി. പക്ഷേ, എറണാകുളം– തൃപ്പൂണിത്തുറ റൂട്ടിൽ വൈറ്റില ജംക്‌ഷൻ കടക്കണമെങ്കിൽ ഇപ്പോൾ മണിക്കൂറുകളോളം കാത്തു നിൽക്കണം.
തിരക്കുള്ള സമയങ്ങളിൽ കുരുക്കു മുറുകി മുറുകി എറണാകുളം ഭാഗത്ത് എളംകുളം വരെയും തൃപ്പൂണിത്തുറ ഭാഗത്ത് തൈക്കൂടം വരെയും വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകും. ഓഫിസ് വിട്ട ശേഷം വൈറ്റില കടക്കണമെങ്കിൽ മണിക്കൂറുകൾ കാത്തു കിടക്കണം. എറണാകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് ഇടപ്പള്ളി ഭാഗത്തേക്കു പോകാൻ ‘ഫ്രീ ലെഫ്റ്റ്’ ഉണ്ടെന്നാണു വയ്പെങ്കിലും അങ്ങനെ ഫ്രീയായി പോകുന്നത് സ്വപ്നങ്ങളിൽ മാത്രം സാധ്യം.
Read More:കാർ കൊക്കയിലേക്കു മറിഞ്ഞു; പരുക്കേൽക്കാതെ ഡ്രൈവർ
വൈറ്റിലയിലെ ഗതാഗതക്കുരുക്കു പരിഹരിക്കാൻ മന്ത്രി തലത്തിൽ യോഗം ചേർന്നു ചർച്ചകൾ നടത്തിയിട്ട് 2 കൊല്ലമാകാൻ പോകുന്നു. പ്രശ്നം പരിഹരിക്കാൻ തയാറാക്കിയ മാസ്റ്റർപ്ലാൻ ചർച്ച ചെയ്യാൻ മേയർ, എംഎൽഎ, കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർ പങ്കെടുത്തു വൈറ്റില ജംക്‌ഷനിൽ തന്നെ അന്നു യോഗം ചേർന്നിരുന്നു. വൈറ്റിലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്രമങ്ങൾ അടിയന്തരമായി നടപ്പാക്കുമെന്ന ഉറപ്പോടെയാണ് അന്ന് യോഗം പിരിഞ്ഞത്.
എന്നാൽ പ്രശ്ന പരിഹാരത്തിനുള്ള ഒരു നടപടിയും വൈറ്റില ജംക്‌ഷനിൽ നടപ്പാക്കിയില്ല. കിഴക്കൻ ഭാഗങ്ങളിൽ നിന്നു നഗരത്തിലെ ആശുപത്രികളിലേക്കു വരുന്ന ആംബുലൻസുകൾ പോലും വൈറ്റിലയിൽ കുടുങ്ങുന്നു. തൃപ്പൂണിത്തുറ– എറണാകുളം റൂട്ടിൽ വാഹനപ്പെരുപ്പം രൂക്ഷമായതിനാൽ ട്രാഫിക് പൊലീസുകാർക്കു പോലും നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലാണു കാര്യങ്ങൾ.
വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നതു മൂലമുണ്ടാകുന്ന ഇന്ധന നഷ്ടം, സമയ നഷ്ടം, പരിസര മലിനീകരണവും ചില്ലറയല്ല. സ്കൂളുകൾ തുറന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായെന്നും പ്രശ്നം പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്നും കോൺഗ്രസ് വൈറ്റില മണ്ഡലം പ്രസിഡന്റ് എം.എക്സ്. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ആവശ്യമായ സ്ഥലമേറ്റെടുത്തു ജംക്‌ഷൻ വികസനം സാധ്യമാക്കി വാഹന ഗതാഗതം സുഗമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം