തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടന വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അനുനയത്തിന് വഴങ്ങാതെ ഐ ഗ്രൂപ്പ്. കോൺഗ്രസ് പുനഃസംഘടനയിൽ കെപിസിസി നടപടികളിൽ തൃപ്തിയില്ലെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചു. അതുകൊണ്ടാണ് ഹൈക്കമാൻഡിനെ സമീപിച്ചത്. ഇനി തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. കെപിസിസി പ്രസിഡന്റ് വിളിച്ചത് കൊണ്ടാണ് ചർച്ചയ്ക്ക് വന്നത് എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
”വിളിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം കേട്ടു. പരിഹാരമുണ്ടാകുമോ എന്ന് നോക്കാം. എന്തായാലും ഈ വിഷയങ്ങൾ ഹൈക്കമാന്റിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അതിന്റെ കാര്യങ്ങൾ എന്താണെന്ന് നോക്കാം. അത്രയേ എനിക്ക് ഇപ്പോൾ പറയാനുളളൂ.” കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ രമേശ് ചെന്നിത്തല പറഞ്ഞു.
വിഡി സതീശനാണോ പ്രശ്നത്തിന് കാരണമെന്ന ചോദ്യത്തിന് നിങ്ങൾ വിലയിരുത്തൂ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. കെപിസിസി പുനസംഘടനയിൽ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയ എംഎം ഹസൻ കെപിസിസി ഓഫീസിൽ എത്തി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംഎം ഹസനുമായും ചർച്ച നടത്തും.
Read more: ‘ഇവർ എന്നെ ചതിച്ചതാണ്, വായ്പയെടുത്തത് 70,000 രൂപ മാത്രം’; ആത്മഹത്യാക്കുറിപ്പിൽ രാജേന്ദ്രൻ നായർ
സംസ്ഥാന കോൺഗ്രസിലെ പോര് ഒഴിവാക്കാനുള്ള ചർച്ചയുമായി മുന്നോട്ട് നീങ്ങുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയുമായി കെപിസിസി ഓഫീസിൽ ചർച്ച നടത്തി. ഗ്രൂപ്പ് പോര് ഒഴിവാക്കാനാണ് കെപിസിസി പ്രസിഡന്റിന്റെ ശ്രമം. പാർട്ടിക്കകത്തുള്ളത് ചെറിയ ചെറിയ കാറ്റാണെന്നും പ്രശ്നം പരിഹരിക്കുമെന്നും നേരത്തേ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരാതിക്കാരെ നേരിൽ കാണുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്.
എന്നാൽ എ ഗ്രൂപ്പ് നീക്കത്തിൽ കടുത്ത വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത് വന്നു. ഗ്രൂപ്പ് തർക്കം നടത്തുന്നവർ ഉമ്മൻ ചാണ്ടിയെ വലിച്ചിഴയ്ക്കരുതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടത്. രോഗാവസ്ഥയിൽ അദ്ദേഹത്തെ വിവാദ നായകനാക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന ക്രൂരതയാണെന്ന് തിരുവഞ്ചൂർ വിമർശിച്ചു. ഉമ്മൻചാണ്ടി കോൺഗ്രസിന്റെ പൊതുസ്വത്താണെന്നും എ ഗ്രൂപ്പിനെതിരായ വിമർശനത്തിൽ കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തല, എംഎം ഹസ്സൻ, ബെന്നി ബെഹനാൻ, ജോസഫ് വാഴക്കൻ, എംകെ രാഘവൻ അടക്കമുള്ള മുതിർന്ന നേതാക്കളാണ് മസ്ക്കറ്റ് ഹോട്ടലിൽ യോഗം ചേർന്നത്. അടുത്തയാഴ്ച നേതാക്കൾ ഒരുമിച്ച് ദില്ലിയിലെത്തി കോൺഗ്രസ് അധ്യക്ഷന് പരാതി നൽകും. ഇനി വിട്ടുവീഴ്ചക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഭിന്നതകളെല്ലാം മറന്ന് എ-ഐ ഗ്രൂപ്പുകൾ പാർട്ടിയിൽ കൈകോർത്തത്. പഴയ ഗ്രൂപ്പ് പോരിന്റെ കാലമോർമ്മിപ്പിച്ചാണ് രണ്ടും കൽപ്പിച്ചുള്ള മുതിർന്ന നേതാക്കളുടെ യോഗം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















