തിരുവനന്തപുരം: എസ്എഫ്ഐയെ തകർക്കാൻ ആസൂത്രിതമായ നീക്കം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ നിരപരാധിയാണെന്ന് വിലയിരുത്തിയ സെക്രട്ടേറിയറ്റ്, മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയ്ക്കെതിരെയുള്ള ആരോപണം അതീവ ഗുരുതരമാണെന്ന അഭിപ്രായത്തിലെത്തി. നിയമം അതിൻ്റെ വഴിക്ക് പോകട്ടെ. വിദ്യക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് അന്വേഷണത്തിൽ തെളിയട്ടെ എന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
വിവാദമുണ്ടായപ്പോൾ ആർഷോ സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകിയിരുന്നു. എഴുതാത്ത പരീക്ഷ വിജയിച്ചതായി കാണിച്ചതിൽ തനിക്കു പങ്കില്ലെന്നും കരുതിക്കൂട്ടി ചിലർ നടത്തിയ തിരിമറിയാണെന്നുമാണ് ആർഷോയുടെ വിശദീകരണം. സംഭവത്തിലെ വസ്തുത പുറത്തുവരാൻ ആർഷോ ഡിജിപിക്കും പരാതി നൽകിയിരുന്നു. മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇൻ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചറൽ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിനും ആർഷോയ്ക്ക് മാർക്കോ ഗ്രേഡോ ഇല്ലായിരുന്നു.
Read more: ജാക്കി ഷ്റോഫിന്റെ ഭാര്യ ആയിഷയിൽനിന്ന് 58 ലക്ഷം തട്ടി; കേസെടുത്ത് മുംബൈ പൊലീസ്
എന്നാൽ, മാർക്ക് ലിസ്റ്റിൽ പാസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ആര്‍ഷോയുടെ ഭാഗത്ത് തെറ്റില്ലെന്ന് കോളജ് അധികാരികളും വിശദീകരിച്ചിരുന്നു. മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോ നിരപരാധിയാണെന്നും വിശദീകരണം തൃപ്തികരമാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
വിദ്യയുമായി ബന്ധപ്പെട്ട ക്രമക്കേട് എസ്എഫ്ഐയുടെ മുകളിൽ കൊണ്ടുപോയി കെട്ടേണ്ട കാര്യമല്ല എന്ന് വ്യക്തമാക്കിയ ആർഷോ വിഷയത്തിൽ സംഘടനാ നിലപാട് വ്യക്തമാക്കിയെന്ന് അറിയിച്ചു. അത് നിഷ്കളങ്കമായ ശ്രമം അല്ല. തനിക്ക് ഈ വിവാദത്തിൽ പങ്കുണ്ട് എന്ന തരത്തിൽ വരെ ആരോപണം ഉന്നയിച്ചു. എന്നാൽ ഇതിന്റെ ഒരു തെളിവും പുറത്തുവിട്ടിട്ടില്ല എന്നും പറഞ്ഞു.
കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയായ കാസർകോട് തൃക്കരിപ്പൂർ സ്വദേശിനി വിദ്യ ഗെസ്റ്റ് ലക്‌ച്ചർ നിയമനത്തിനായി വ്യാജ പ്രവൃത്തി സർട്ടിഫിക്കറ്റ് മഹാരാജാസ് കോളജിന്റെ പേരിൽ ഹാജരാക്കിയെന്നാണ് കേസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















