തിരുവനന്തപുരം: സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന് സുരാജ് വെഞ്ഞാറമൂട്. നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയില്‍ എത്തിച്ചവരെ മറ്റ് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുന്നത് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയില്‍ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുന്നത് ഭൂഷണമല്ല. അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുക. നീതിയുടെ സാക്ഷികള്‍ ആകുക’, സുരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ എന്നിവരെ ഡല്‍ഹി പോലീസ് നേരിടുന്നതിന്റെ ചിത്രത്തിനൊപ്പം അവര്‍ കരസ്ഥമാക്കിയ നേട്ടങ്ങളും പങ്കുവെച്ചായിരുന്നു സുരാജിന്റെ പ്രതികരണം.
Read more: കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ആത്മഹത്യ ചെയ്യും: വാദിച്ച് ബ്രിജ് ഭൂഷൺ
നേരത്തേ, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, അപര്‍ണാ ബാലമുരളി, സംവിധായിക അഞ്ജലി മേനോന് എന്നിവരും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ് ഉയര്‍ത്തിപ്പിടിച്ചവരാണ് ഗുസ്തി താരങ്ങളെന്നും എതിര്‍പക്ഷത്ത് നില്ക്കുന്നവര് ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടുകൂടായെന്നുമായിരുന്നു ടൊവിനോ പറഞ്ഞത്.
നമ്മുടെ ചാമ്പ്യന്മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്നുവെന്നായിരുന്നു അപര്‍ണാ ബാലമുരളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് ഒരു സമൂഹത്തെ അളക്കുന്നതെന്ന് സംവിധായിക അഞ്ജലി മേനോനും പ്രതികരിച്ചു.
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി മലയാളി കായിക താരങ്ങളായ സി.കെ. വിനീതും ടോം ജോസഫും എത്തിയിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ട സമയം അതിക്രമിച്ചെന്നും പൂജിക്കേണ്ട താരങ്ങളെയാണ് ഉപദ്രവിക്കുന്നതെന്നും മുന്‍ ഇന്ത്യന്‍ ഫുട്ബോളറായ സി.കെ. വിനീത് പറഞ്ഞിരുന്നു.
ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങും ചില പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും വധഭീഷണി മുഴക്കിയെന്നും ആരോപിച്ച് ജനുവരി 18ന് ആണ് താരങ്ങൾ ആദ്യം സമരരംഗത്തെത്തുന്നത്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 7 വനിതാ ഗുസ്തി താരങ്ങൾ ഡൽഹി പൊലീസിൽ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നായിരുന്നു താരങ്ങൾ മുന്നോട്ടുവച്ച മറ്റൊരാവശ്യം. താരങ്ങളുടെ പരാതി സുപ്രീംകോടതിയിൽ എത്തിയതോടെ മുഖം രക്ഷിക്കാനായി ഡബ്ല്യുഎഫ്ഐ പ്രസിഡന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. പക്ഷേ, നടപടികൾ അവിടെവച്ച് അവസാനിച്ച മട്ടാണ്. താരങ്ങൾ ഉന്നയിച്ച മറ്റാവശ്യങ്ങളോടു കേന്ദ്രസർക്കാർ ഇപ്പോഴും മുഖംതിരിച്ചുനിൽക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam