തൃശൂർ: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിന്റെ ഹണി ട്രാപ്പ് കൊലപാതകത്തിൽ കൂടുതൽ തെളിവ് കണ്ടെത്തി അന്വേഷണ സംഘം. സിദ്ദീഖിന്റെ എടിഎം കാർഡും ചെക്ക്ബുക്കും തോർത്തും തൃശൂർ ചെറുതുരുത്തിയിലെ പൊട്ടക്കിണറ്റിൽ കണ്ടെത്തി. എടിഎം കാർഡും ചെക്ക്ബുക്കും കിണറിൽ ഉപേക്ഷിച്ചെന്ന് പ്രതിയായ ഷിബിലി പൊലീസിനോട് പറഞ്ഞിരുന്നു. ഷിബിലിയുമായി തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് സംഘം മടങ്ങി.
സിദ്ദീഖിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളുൾപ്പെടെയുള്ളവ നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു. പെരിന്തൽമണ്ണക്കടുത്തെ ചീരട്ട മലയിൽ നിന്നാണ് ആയുധങ്ങളും, തെളിവ് നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും കണ്ടെത്തിയത്. കേസിലെ പ്രതികളായ ഫർഹാനയെയും, ഷിബിലിയെയും എത്തിച്ചാണ് പൊലീസ് പ്രദേശത്ത് തെളിവ് ശേഖരിച്ചത്. സിദ്ദീഖ് കൊലക്കേസിലെ പ്രതികളിൽ ഒരാളായ ഫർഹാനയാണ് ചീരട്ടമലയിൽ ആയുധങ്ങളുൾപ്പെടെയുള്ള വസ്തുക്കൾ ഉപേക്ഷിച്ചത്.
ഫർഹാന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റബർ തോട്ടത്തിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് പൊലീസ് നടത്തിയ തെരച്ചിലിൽ , സിദ്ദീഖിന്‍റെ തലക്കടിക്കാനുപയോഗിച്ച ചുറ്റികയും, ദേഹത്ത് മുറിവേൽപ്പിച്ച കത്തിയും, കൊലക്ക് ശേഷം മൃതദേഹം വെട്ടിമുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും, ഹോട്ടൽ മുറിയിലെ രക്തക്കറ കളയാൻ ഉപയോഗിച്ച തുണികളും , ഡീ കാസ ഹോട്ടലിന്‍റെ മുദ്രയുള്ള തലയണക്കവറും, കണ്ടെടുത്തിരുന്നു. ഇത് കൂടാതെ സിദ്ദീഖിന്‍റേതെന്ന് കരുതുന്ന രണ്ട് എ.ടി.എം കാർഡുകളും, ചെരിപ്പുകളും കൂടി പ്രദേശത്ത് നിന്ന് ലഭിച്ചിരുന്നു.
കൊലപാതകത്തിലെ പ്രതികളെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഫർഹാന, ഷിബിലി എന്നിവരെ ആണ് കസ്റ്റഡിയിൽ ലഭിച്ചത്. കൃത്യം നടത്തിയ ശേഷം രക്ഷപെടാൻ പ്രതികൾക്ക് ആരെങ്കിലും സഹായം നൽകിയോ എന്നതിൽ കൂടുതൽ വ്യക്തത വേണം. ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഷിബിലിയുടെ പരിചയക്കാരനായ ആസാം സ്വദേശിയായ തൊഴിലാളിയുടെ വീട്ടിലേക്കാണ് പ്രതികൾ കടക്കാൻ ശ്രമിച്ചത്. നേരത്തെ പെരിന്തൽമണ്ണയിൽ ഹോട്ടലിൽ ജോലി ചെയ്യുമ്പോഴാണ് ഇയാളെ ഷിബിലി പരിചയപ്പെട്ടത്.
കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിന്‍റെ കൊലപാതകത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 18 വയസ് മാത്രം പ്രായമുള്ള ഫർഹാന ആസൂത്രണം ചെയ്ത തേൻകെണിയും പ്രാഫഷണൽ കില്ലർമാരെ വെല്ലുന്ന ആസൂത്രണവും അന്വേഷണ ഉദ്യോഗസ്ഥരെ വരെ അമ്പരപ്പിച്ചിരിക്കുകയാണ്.
സുഹൃത്തുക്കളായ ഷിബിലിയെയും ആഷിഖിനെയും ഒപ്പം നിർത്തിയായിരുന്നു ഫർഹാനയുടെ ഹണിട്രാപ്പും കൊലപാതകവും. നഗ്നഫോട്ടോ പകർത്തി പണം തട്ടുകയായിരുന്നു പ്രതികളുടെയും ലക്ഷ്യം, ഒടുവിൽ ഫർഹാന കൊണ്ടു വന്ന ചുറ്റിക ഉപയോഗിച്ചാണ് സിദ്ദിഖിന്റെ തലയ്ക്കടിച്ച് പ്രതികള്‍ കൊലപ്പെടുത്തി. ചെന്നൈയിൽ പിടിയിലായ 22കാരൻ ഷിബിലിയെയും പെൺസുഹൃത്ത് ഫർഹാനയെയും തിരൂരിലെത്തിച്ചതോടെ നേരം പുലരാൻ പോലും അന്വേഷണ സംഘം കാത്തിരുന്നില്ല. പ്രമാദമായ കേസിൽ പ്രതികളെ ഒന്നിച്ചിരുത്തിയും വെവ്വേറെ ഇരുത്തിയും ചോദ്യം ചെയ്യാൻ തുടങ്ങിയതോടെയാണ് കൊടും ക്രൂരതയുടെ ചുരുളഴിഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു