ഭോപ്പാൽ: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയം മധ്യപ്രദേശിലും ആവർത്തിക്കുമെന്ന് പാർട്ടി മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളിൽ 150 ലും കോൺഗ്രസ് വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രാഹുലിന്‍റെ പ്രതികരണം.
“ഞങ്ങൾ ഒരു നീണ്ട ചർച്ച നടത്തി. കർണാടകയിൽ 136 സീറ്റുകള്‍ കിട്ടി.മധ്യപ്രദേശില്‍ 150 സീറ്റുകള്‍ നേടും. കര്‍ണാടകയിലേത് മധ്യപ്രദേശിലും ആവര്‍ത്തിക്കാന്‍ പോവുകയാണ്” യോഗത്തിന് ശേഷം രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പം മധ്യപ്രദേശിൽ നിന്നുള്ള ഉന്നത പാർട്ടി നേതാക്കളുമായി നടത്തിയ യോഗത്തിൽ എല്ലാ സംസ്ഥാന നേതാക്കളും പാർട്ടിക്കുള്ളിലെ ഐക്യത്തിന് ഊന്നൽ നൽകി.മുൻ മുഖ്യമന്ത്രിയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായ കമൽനാഥ്, എഐസിസി ചുമതലയുള്ള പി അഗർവാൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.എല്ലാ നേതാക്കളും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും സംസ്ഥാനത്ത് പാർട്ടിയെ വിജയിപ്പിക്കുകയും ചെയ്യണമെന്ന് എല്ലാവർക്കും തോന്നി,” യോഗത്തിന്‍റെ വിശദാംശങ്ങളെക്കുറിച്ച് അഗർവാൾ പറഞ്ഞു.
മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥും വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കായി നടപ്പിലാക്കുന്നത് ഒരോന്നായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ അദ്ദേഹം നാലര മാസം കഴിഞ്ഞാണ് തെരഞ്ഞെടുപ്പെന്നും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നും വ്യക്തമാക്കി.
മധ്യപ്രദേശിൽ ബിജെപി 200-ലധികം സീറ്റുകൾ നേടുമെന്ന് രാഹുലിന്റെ പ്രസ്താവനയോട് പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. കോണ്‍ഗ്രസ് പകല്‍ സ്വപ്നത്തില്‍ തുടരട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു