ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. കലാപ ശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതു കൂടാതെ പിഡിപിപി ആക്ടിലെ സെക്ഷൻ മൂന്നും ചുമത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരത്തിന് രണ്ട് കിലോമീറ്റർ അകലെയാണ് സംഘർഷം. പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കത്തിനിടെയായിരുന്നു സംഘർഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്നായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപത്തേക്കുള്ള മാർച്ച്. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ബലംപ്രയോഗിച്ചു.
സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജനാധിപത്യത്തെ പരസ്യമായി കൊല്ലപ്പെടുത്തിയെന്ന് വിനേഷ് ഫോഗട്ട് ട്വീറ്റ് ചെയ്തു. സംഘർഷത്തിലേക്ക് നയിച്ചത് പൊലീസാണെന്നും സാക്ഷി കുറ്റപ്പെടുത്തി.
ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൻ ശരൺസിങ്ങിനെ അറസ്റ്റ് ചെയണമെന്ന് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ ഡൽഹി പൊലീസിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങളെ വിട്ടയക്കണമെന്നും കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും സ്വാതി മലിവാൾ പൊലീസിനോട് ആവശ്യപ്പെട്ടു. ഗുസ്തിതാരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൻ ശരൺസിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു