ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളായ സംഗീതാ ഫോഗട്ടും വിനേഷ് ഫോഗട്ടും പോലീസ് കസ്റ്റഡിയില്‍ ചിരിച്ചുകൊണ്ട് ഇരിക്കുന്നുവെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന ചിത്രം വ്യാജമാണെന്ന് ബജ്‌റംഗ് പുനിയ. പ്രചരിപ്പിക്കപ്പെടുന്ന മോര്‍ഫ് ചെയ്ത ഫോട്ടോയ്‌ക്കൊപ്പം യഥാര്‍ഥ ചിത്രം പങ്കുവെച്ചായിരുന്നു ബജ്‌റംഗ് പുനിയയുടെ ട്വീറ്റ്. ഐ.ടി. സെല്ലിലെ ആളുകള്‍ വ്യാജ ചിത്രം പ്രചരിപ്പിക്കുകയാണ്. മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് നിർമിച്ചതാണെന്നാണ് സൂചന. ഒളിമ്പിക്സ് ചാമ്പ്യന്മാരെ ഇകഴ്ത്താൻ ഇത്തരം വൃത്തികെട്ട രീതികളാണ് ഐ.ടി സെൽ ഉപയോഗിക്കുന്നതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധവുമായെത്തിയ ഗുസ്തി താരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്ന സമയത്ത് പ്രതിഷേധ മാര്‍ച്ചുമായെത്തിയ സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് എന്നിവരെടക്കമുള്ളവരെയായിരുന്നു പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ഡല്‍ഹി പോലീസ് ജന്തര്‍ മന്തറിലെ സമരപ്പന്തല്‍ പൊളിച്ചിരുന്നു.
ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സാക്ഷി മാലിക്, ബജ്റംഗ് പുനിയ, സംഗീത ഫോഗട്ട്, വിനേഷ് ഫോഗട്ട് എന്നിവർ ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ സമരം തുടങ്ങിയത്. പുതിയ പാർലമെന്റിന്റെ ഉദ്ഘാടന ദിവസം ജന്തർ മന്തറിൽനിന്ന് പാർലമെന്‍റിലേക്ക് മാർച്ച് നടത്താനുള്ള താരങ്ങളുടെ നീക്കം പൊലീസ് തടഞ്ഞതോടെ തലസ്ഥാനത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. തുടർന്ന് താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമര വേദിയായിരുന്ന ജന്തര്‍ മന്തറിലെ ടെന്റുകൾ പൊളിച്ചുമാറ്റിയ പൊലീസ് താരങ്ങളുടെ കിടക്കകളും മറ്റും നീക്കം ചെയ്യുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു