ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് ഉദ്ഘാടനത്തെ സ്വന്തം കിരീടധാരണമായാണ് മോദി കണക്കാക്കുന്നതെന്ന് രാഹുൽ വിമർശിച്ചു.
‘പാർലമെന്റ് ജനങ്ങളുടെ ശബ്ദമാണ്. എന്നാൽ, കിരീടധാരണം പോലെയാണ് പ്രധാനമന്ത്രി പാർലമെന്റ് ഉദ്ഘാടനത്തെ കൈകാര്യം ചെയ്യുന്നത്.’-രാഹുൽ ട്വീറ്റ് ചെയ്തു.
കിരീടധാരണം കഴിഞ്ഞു. ‘അഹങ്കാരിയായ രാജാവ്’ തെരുവിൽ ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുകയാണ്-ഗുസ്തി താരങ്ങളെ പൊലീസ് തെരുവിൽ നേരിടുന്ന ദൃശ്യങ്ങൾ പങ്കുവച്ച് രാഹുൽ കുറിച്ചു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഗുസ്തിതാരങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയെ വിമർശിച്ചു. ഗുസ്തി താരങ്ങൾ നെഞ്ചിലണിഞ്ഞ മെഡൽ രാജ്യത്തിന്റെ അഭിമാനമാണ്. കഠിനാദ്ധ്വാനത്തിലൂടെ കായികതാരങ്ങൾ നേടിയെടുത്ത മെഡൽ രാജ്യത്തിന്റെ യശസുയർത്തി. വനിതാ താരങ്ങളുടെ ശബ്ദത്തെ യാതൊരു അനുകമ്പയുമില്ലാതെ ബൂട്ടുകൾക്കിടയിൽ ചവിട്ടി മെതിക്കുന്ന തരത്തിലേക്ക് ബി.ജെ.പി സർക്കാരിന്റെ ധാർഷ്ട്യം വളർന്നിരിക്കുന്നു. സർക്കാരിന്റെ ഈ ധാർഷ്ട്യവും അനീതിയും രാജ്യം മുഴുവൻ കാണുകയാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഡബ്ല്യൂഎഫ്ഐ തലവൻ ബ്രിജ് ഭൂഷണ് എം പിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ടാണ് ജന്തര്‍മന്ദറില്‍ നിന്ന് പുതിയ പാര്‍ലമെന്റിലേക്ക് ‘മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്’എന്ന പേരിൽ ഗുസ്തിതാരങ്ങൾ മാർച്ച് നടത്തിയത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടിക്കടന്ന ഗുസ്തി താരങ്ങള്‍ മുന്നോട്ട് പോവുകയായിരുന്നു. ഇതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമായി.
സാക്ഷി മാലിക് ഉൾപ്പടെയുള്ള ഗുസ്തിതാരങ്ങളെ റോഡിൽ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. താരങ്ങളെ കസ്റ്റഡിയിലെടുത്ത് നീക്കിയതിനു പിന്നാലെ ജന്തർ മന്തറിലെ സമരവേദിയിലെ കൂടാരങ്ങളും പൊലീസ് പൊളിച്ചുനീക്കി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധപരിപാടിയായ ‘മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്’ എന്തുവിലകൊടുത്തും നടത്തുമെന്ന് നേരത്തേ ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ഗുസ്തിതാരങ്ങൾ അവിടേക്ക് മാർച്ച് നടത്തിയത്.
ഗുസ്തി താരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പൊലീസ് നടപടിയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അപലപിച്ചു. ഇന്ത്യന്‍ കായിക മേഖലക്ക് ദുഃഖകരമായ ദിവസമാണ് ഇന്നത്തേതെന്ന് ഗുസ്തിതാരമായ സാക്ഷി മാലിക് ട്വീറ്റ് ചെയ്തു. താരങ്ങള്‍ തെരുവില്‍ വലിച്ചിഴക്കപ്പെടുമ്പോള്‍, ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ് പാര്‍ലമെന്റില്‍ ഇരിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. ഏതെങ്കിലും രാജ്യം തങ്ങളുടെ ചാമ്പ്യന്മാരോട് ഇങ്ങനെ പെരുമാറുമോയെന്ന് ബജ്റംഗ് പൂനിയ ചോദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















