തിരുവനന്തപുരം; കുപ്രസിദ്ധ കള്ളൻ അനിൽകുമാറിന്‍റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ 47 പവൻ സ്വര്‍ണവും ഡോളർ ശേഖരവും കണ്ടെത്തി. കവിൽകടവിൽ നടത്തിയ മോഷണത്തിൽ അറസ്റ്റിലായ അനിൽകുമാറുമായി നടത്തിയ തെളിവെടുപ്പിലാണു തൊണ്ടിമുതൽ കണ്ടെത്തിയത്.
കഴിഞ്ഞ 18ാം തീയതി തിരുവനന്തപുരം കാവില്‍കടവിലെ വീട് കുത്തിത്തുറന്ന് ഡോളറും വെള്ളിയാഭരണങ്ങളും മോഷണം നടത്തിയ കേസിലാണ് അനില്‍കുമാര്‍ എന്ന ജയകുമാര്‍ പിടിയിലായത്. 22ന് മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലും ഇയാൾ മോഷണം നടത്തി. ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയുമായി തമ്പാനൂര്‍, മെഡിക്കൽ കോളജ് സിഐമാരുടെ നേതൃത്വത്തില്‍ വിളപ്പില്‍ശാലയില്‍ നടത്തിയ പരിശോധനയിലാണു സ്വര്‍ണ്ണവും മോഷണ മുതലുകളും പിടികൂടിയത്. ആള്‍വാസമില്ലാത്ത വീടിനുള്ളിൽ കുഴിയെടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മോഷണ വസ്തുക്കൾ ഉണ്ടായിരുന്നത്.
തിരുവനന്തപുരം ജില്ലയില്‍ ഇരുപതിലധികം കേസുകളുള്ള പ്രതി നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 13ാം വയസില്‍ മോഷണം ആരംഭിച്ച ഇയാൾ വിളപ്പില്‍ശാലയില്‍ കഴിഞ്ഞ ജനുവരിയിലാണ് 10 ലക്ഷം കൊടുത്ത് പുതിയ വീട് വാങ്ങിയത്.