ഹൈദരാബാദ്: വൈഎസ്ആർടിപി നേതാവ് വൈ.എസ് ശർമിളയെ പാളയത്തിലെത്തിക്കാൻ കോൺഗ്രസ് നീക്കം. ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്) നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിനെ ഭരണത്തിൽ നിന്നും പുറത്താക്കാൻ ആരുമായും ചർച്ചയ്ക്കു തയാറാണെന്ന് ശർമിള പറഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസ് പുതിയ കരുനീക്കവുമായി രംഗത്ത് വന്നത്.
കോൺഗ്രസ് ഹൈക്കമാൻഡാണ് ശർമിളയെ പാളയത്തിലെത്തിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ നീക്കം നടത്തുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്നത് പ്രിയങ്ക ഗാന്ധിയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യഘട്ടത്തിൽ വൈഎസ്ആർടിപിയെ കോൺഗ്രസിൽ ലയിപ്പിക്കുന്നതിനാണ് നീക്കം നടത്തിയത്. ഇതിനു ശർമിള വഴങ്ങിയില്ലെന്നാണ് റിപ്പോർട്ടുകൾ.
രാജ്യസഭാ സീറ്റും ആന്ധ്രാ പ്രദേശില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവുമാണ് കോണ്‍ഗ്രസ് ശര്‍മിളയ്ക്ക് വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ശര്‍മിള ഈ വാഗ്ദാനത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളാണ് ശര്‍മിള. നിലവിലെ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമാണ്.
















