നിർണായക മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പർ ജയൻറ്‌സിന് ഒരു റൺ വിജയം. ജയത്തോടെ ടീം പ്ലേ ഓഫ് റൗണ്ടിൽ ഇടം ഉറപ്പിച്ചു. 14 മത്സരങ്ങളിൽ നിന്ന് 17 പോയിൻറുള്ള ടീം മൂന്നാമതാണുള്ളത്. ആദ്യം ബാറ്റ് ചെയ്ത് ലഖ്‌നൗ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള കൊൽക്കത്തൻ പോരാട്ടം ഒരു റൺ അകലെ വരെയെത്തി. 67 റൺസടിച്ച് അവസാന പന്ത് വരെ പോരാടിയ റിങ്കു സിംഗിന്റെ പ്രയത്‌നം വിജയിച്ചില്ല. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് ടീം നേടിയത്.
മികച്ച തുടക്കം ലഭിച്ച ശേഷമാണ് കൊല്‍ക്കത്ത മത്സരം കൈവിട്ടത്. ഓപ്പണിങ് വിക്കറ്റില്‍ ജേസണ്‍ റോയ് – വെങ്കടേഷ് അയ്യര്‍ സഖ്യം 35 പന്തില്‍ 61 റണ്‍സടിച്ച ശേഷമാണ് പിരിഞ്ഞത്. 15 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 24 റണ്‍സെടുത്ത വെങ്കടേഷിനെ കൃഷ്ണപ്പ ഗൗതം പുറത്താക്കുകയായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ നിതീഷ് റാണ (8) കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ മടങ്ങി.
പിന്നാലെ 28 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 45 റണ്‍സെടുത്ത റോയിയെ മടക്കി ക്രുണാല്‍ പാണ്ഡ്യ കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി.
തുടര്‍ന്ന് റഹ്‌മാനുള്ള ഗുര്‍ബാസും (10), ആന്ദ്രേ റസ്സലും (7) പെട്ടെന്ന് മടങ്ങിയതോടെ കൊല്‍ക്കത്തയ്ക്ക് മത്സരത്തിലെ പിടി അയഞ്ഞു. പിന്നീടായിരുന്നു റിങ്കു സിങ്ങിന്റെ ഒറ്റയാള്‍ പോരാട്ടം.
നേരത്തെ, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ എല്‍എസ്‌ജി 20 ഓവറില്‍ 8 വിക്കറ്റിന് 176 റണ്‍സെടുക്കുകയായിരുന്നു. നിക്കോളാസ് പുരാന്‍റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗാണ് ലഖ്‌നൗവിനെ രക്ഷിച്ചത്. നേരിട്ട 28-ാം പന്തില്‍ സിക്‌സോടെ അര്‍ധസെഞ്ചുറി തികച്ച പുരാന്‍ 30 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സറും സഹിതം 58 റണ്‍സെടുത്ത് മടങ്ങി. കരണ്‍ ശര്‍മ്മ(5 പന്തില്‍ 3), ക്വിന്‍റണ്‍ ഡികോക്ക്(27 പന്തില്‍ 28), പ്രേരക് മങ്കാദ്(20 പന്തില്‍ 26), മാര്‍ക്കസ് സ്റ്റോയിനിസ്(2 പന്തില്‍ 0), ക്രുനാല്‍ പാണ്ഡ്യ(8 പന്തില്‍ 9), ആയുഷ് ബദോനി(21 പന്തില്‍ 25), രവി ബിഷ്ണോയി(2 പന്തില്‍ 2), കൃഷ്‌ണപ്പ ഗൗതം(4 പന്തില്‍ 11*), നവീന്‍ ഉള്‍ ഹഖ്(3 പന്തില്‍ 2*) എന്നിങ്ങനെയായിരുന്നു ലഖ്‌നൗവിലെ മറ്റ് ബാറ്റര്‍മാരുടെ സ്കോറുകള്‍. കെകെആറിനായി വൈഭവ് അറോറയും ഷര്‍ദ്ദുല്‍ താക്കൂറും സുനില്‍ നരെയ്‌നും രണ്ട് വീതവും ഹര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റും നേടി.