കൊല്ലം: ബ്യൂട്ടീഷൻ സുചിത്ര പിള്ള വധക്കേസിലെ പ്രതി പ്രശാന്ത് നമ്പ്യാർക്ക് ജീവപര്യന്തം തടവ്. കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 14 വർഷം കഠിനതടവ് കൂടി അനുഭവിക്കണം. 2.5 ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
2020 മാർച്ച് 20നായിരുന്നു കൊലപാതകം. മുഖത്തല തൃക്കോവിൽവട്ടം നടുവിലക്കര ശ്രീ വിഹാറിൽ ശിവദാസിന്റെ ഏകമകൾ സുചിത്ര പിള്ളയെ (42) പാലക്കാട്ടെ വാടക വീട്ടിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണു പ്രതി സംഗീതാധ്യാപകൻ കോഴിക്കോട് വടകര തൊടുവയൽ വീട്ടിൽ പ്രശാന്ത് നമ്പ്യാരെ (35) കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി റോയ് വർഗീസ് ശിക്ഷിച്ചത്.
കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററിൽ ബ്യൂട്ടീഷൻ ട്രെയിനർ ആയി ജോലി ചെയ്യുകയായിരുന്ന തന്റെ മകൾ സുചിത്രയെ കാണാനില്ല എന്നുകാട്ടി അമ്മ വിജയലക്ഷ്മി ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയുടെ പശ്ചാത്തലത്തിൽ നടന്ന അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
പ്രശാന്ത് നമ്പ്യാരുടെ ഭാര്യാവീട്ടുകാരുടെ കുടുംബസുഹൃത്താണ് അകന്ന ബന്ധു കൂടിയായ സുചിത്ര പിള്ള. സമ്പന്ന കുടുംബത്തിൽപ്പെട്ട വിവാഹ മോചിതയായ സുചിത്രാ പിള്ളയുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ച പ്രശാന്ത് നമ്പ്യാർ 2.56 ലക്ഷം രൂപയും കൈക്കലാക്കി.
അവിവാഹിതയായ അമ്മയായി കഴിയാൻ പ്രശാന്ത് നമ്പ്യാരുടെ കുഞ്ഞിനെ പ്രസവിക്കണമെന്നു സുചിത്ര പിള്ള വാശിപിടിച്ചതാണു കൊലയിലേക്കു നയിച്ചതെന്നാണു പ്രോസിക്യൂഷൻ കേസ്. പാലക്കാട് മണലിയിലെ വാടകവീട്ടിലെത്തിച്ച സുചിത്ര പിള്ളയെ തല തറയിലിടിച്ചു പരുക്കേൽപിച്ചും കഴുത്തിൽ ഇലക്ട്രിക് വയർ മുറുക്കി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം കാലുകളും പാദങ്ങളും വെട്ടിമാറ്റി. ശരീരഭാഗങ്ങൾ കുഴിയിലിട്ടു കത്തിച്ച ശേഷം മറവു ചെയ്തു.
















