കോഴിക്കോട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തെ സംബന്ധിച്ച് വ്യാജവാർത്തകൾ നൽകിയെന്ന് ചൂണ്ടിക്കാട്ടി ഓൺലൈൻ മാധ്യമമായ ‘മറുനാടൻ മലയാളി’ക്കെതിരെ നിയമനടപടിയുമായി മകൻ ചാണ്ടി ഉമ്മൻ. തുടർച്ചയായി പിതാവിന്റെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെതിരെയും വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകുന്ന മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനും, ഷാജൻ സ്കറിയക്കും എതിരെ മാനനഷ്ട കേസിൽ നോട്ടീസ് അയച്ചതായി ചാണ്ടി ഉമ്മൻ അറിയിച്ചു.
മറുനാടൻ മലയാളിക്കു പുറമെ എഡിറ്റർ ഷാജൻ സ്‌കറിയ, മാനേജിങ് എഡിറ്റർ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ എം. റിജു എന്നിവർക്കാണ് വക്കീൽ നോട്ടിസ്. ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് നിരന്തരം വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ചു, ചികിത്സ നടന്ന ബംഗളൂരുവിലെ എച്ച്.സി.ജി ആശുപത്രിയിൽനിന്നെന്നു ചൂണ്ടിക്കാട്ടി വ്യാജരേഖ ചമച്ചു, ഭാര്യയും മകൻ ചാണ്ടി ഉമ്മനും മകളും ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വക്കീൽ നോട്ടിസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
നോട്ടിസ് ലഭിച്ച് അഞ്ചു ദിവസത്തിനകം വിഷയത്തിൽ നിരുപാധികം മാപ്പ് പ്രസിദ്ധീകരിക്കണമെന്ന് നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് തുടർന്ന് വാർത്തകൾ പ്രസിദ്ധീകരിക്കരുത്. ഇതിൽ വീഴ്ചവരുത്തിയാൽ സിവിൽ, ക്രിമിനൽ കേസുകളുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പുണ്ട്. ചാണ്ടി ഉമ്മൻ ഫേസ്ബുക്കിലൂടെയാണ് വക്കീൽ നോട്ടിസ് അയച്ച വിവരം പുറത്തുവിട്ടത്.
നേരത്തെ, വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസുഫലിക്കെതിരായ അപകീർത്തി പരമാർശങ്ങളിൽ മറുനാടൻ മാപ്പുപറഞ്ഞിരുന്നു. യൂസുഫലി ലഖ്‌നൗവിലടക്കം മാനനഷ്ടക്കേസ് നൽകിയതിനു പിന്നാലെയായിരുന്നു ഷാജൻ സ്‌കറിയയുടെ പരസ്യ ഖേദപ്രകടനം.
കഴിഞ്ഞ ദിവസം മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനും, ഷാജൻ സ്കറിയക്കുമെതിരെ പൃഥ്വിരാജും നിയമടപടിയുമായി രംഗത്തുവന്നിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി താൻ 25,00,00,000 രൂപ അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമ്മിക്കുന്നുവെന്നും ആരോപിച്ച് തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകിയ മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
















