തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തിനായി സര്‍ക്കാര്‍ പണമനുവദിച്ചു. രണ്ടാംഗഡു ശമ്പളത്തിനായി 30 കോടി രൂപയാണ് അനുവദിച്ചത്. രണ്ടു ദിവസത്തിനകം ജീവനക്കാർക്ക് ലഭ്യമാകും. മുഴുവന്‍ ശമ്പളവും അനുവദിക്കാത്തതില്‍ ജീവനക്കാര്‍ പ്രതിഷേധത്തിലായിരുന്നു.
അഞ്ചാം തീയതി ശമ്പളം നല്‍കുമെന്നാണ് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചിരുന്നത്. അതിനായി 50 കോടി വേണമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. മുഴുവന്‍ ശമ്പളവും ലഭിക്കാത്തതിനാല്‍ യൂണിയനുകള്‍ സമരത്തിലാണ്.
ജീവനക്കാരുടെ രണ്ടാം ഗഡു ശമ്പളത്തിന് ഈ തുക മതിയാകില്ല. കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ ഇപ്പോഴുള്ള തുകയും ടിക്കറ്റ് കലക്ഷനും മാറ്റിവച്ച് ബാക്കി തുക നൽകാമെന്നാണ് മാനേജ്‌മെന്റ് സൂചിപ്പിക്കുന്നത്. ഗഡുക്കളായുള്ള ശമ്പള വിതരണം ആറ് മാസം കൂടി തുടരേണ്ടിവരുമെന്ന നിലപാടിലാണ് മാനേജ്മെന്റ്.
















