ഏറെ കാലത്തിനു ശേഷം നിര്‍മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഗൂഗിളിന്റെ ബാർഡ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ ഔദ്യോഗിമായി അവതരിപ്പിച്ചു. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന മറ്റൊരു സർവീസായ ചാറ്റ്ജിപിടിക്ക് പുതിയ വിഷയങ്ങളിൽ പ്രതികരിക്കാൻ കഴിയുന്നില്ലെങ്കിൽ ഗൂഗിൾ ബാർഡിന് കഴിഞ്ഞ ദിവസം സംഭവിച്ച വിഷയങ്ങൾ വരെ കൃത്യമായി അവതരിപ്പിക്കാൻ സാധിക്കുന്നുണ്ട്. ബാർഡ് ഇപ്പോൾ 180 രാജ്യങ്ങളിൽ ലഭ്യമാണ്. ഇംഗ്ലിഷിന് പുറമെ ജാപ്പനീസ്, കൊറിയൻ ഭാഷകളിലും ബാർഡിനോട് ചാറ്റ് ചെയ്യാം. വൈകാതെ 40 ഭാഷകളിൽ കൂടി അവതരിപ്പിക്കുമെന്നാണ് ഗൂഗിൾ അറിയിച്ചത്.
∙ എങ്ങനെയാണ് ബാര്‍ഡ് പ്രവര്‍ത്തിക്കുന്നത്?
മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള ഓപ്പണ്‍എഐ പുറത്തിറക്കിയ ചാറ്റ്ജിപിടി കുറഞ്ഞ സമയത്തിനിടെ ലോകമെമ്പാടും തരംഗമായതോടെ, ഇനി കാത്തിരുന്നാല്‍ ശരിയാവില്ലെന്നു ഗൂഗിളിന് തോന്നിയതിന്റെ ഫലമാണ് ബാര്‍ഡ് എന്ന പുതിയ ചാറ്റ് സംവിധാനം. ഇന്റര്‍നെറ്റ് സേര്‍ച്ചിന്റെ പര്യായം തന്നെയായി മാറിയ ഗൂഗിള്‍ അവതരിപ്പിച്ച എഐ ചാറ്റ്‌ബോട്ടിന്റെ പേരാണ് ബാര്‍ഡ്. കമ്പനി വികസിപ്പിച്ച ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍ (ലാംഡ) കേന്ദ്രമാക്കിയാണ് ബാര്‍ഡ് പ്രവര്‍ത്തിക്കുന്നത്.
എന്താണ് ഗൂഗിള്‍ സേര്‍ച്ചില്‍ ഉടന്‍ വരുന്ന മാറ്റം? ഇപ്പോള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ നിരവധി ലിങ്കുകള്‍ ലഭിക്കുന്നു. ഈ ലിങ്കുകള്‍ തുറന്ന് വേണ്ട വിവരം നാം തന്നെ കണ്ടെത്തണം. എന്നാല്‍, പേജില്‍ ബാര്‍ഡും എത്തുന്നതോടെ ലിങ്കുകള്‍ തുറന്നു നോക്കാതെ തന്നെ വിവരങ്ങള്‍ ലഭിക്കും, ചാറ്റ് പോലെ. ചാറ്റ് മാത്രമായി എടുത്താല്‍ കൂടുതല്‍ വിവരങ്ങള്‍ താഴെ എഴുതി ചോദിക്കുകയും ചെയ്യാം; മറ്റൊരാളുമായി ചാറ്റ് ചെയ്യുന്നതു പോലെ. ചാറ്റ്ജിപിടിയില്‍ ഇത്തരം ചാറ്റ് മാത്രമെയുള്ളൂ, ലിങ്കുകള്‍ ഇല്ല. അതേസമയം, ഇപ്പോള്‍ ലഭിക്കുന്ന യു.കോമില്‍ എഐ ചാറ്റും ലിങ്കും ലഭിക്കും. മൈക്രോസോഫ്റ്റിന്റെ സേര്‍ച് എൻജിനായ ബിങ്ങും ഇതു തന്നെയാണ് ചെയ്യുന്നത്.
∙ എന്താണ് ബാര്‍ഡ്, ഇതെങ്ങനെ പ്രയോജനപ്പെടുത്താം?
രണ്ടു വര്‍ഷത്തോളമായി കമ്പനിക്കുള്ളില്‍ പരീക്ഷിക്കുന്ന ഈ എഐ സംവിധാനത്തിന്റെ കാര്യത്തില്‍ ഗൂഗിള്‍ വലിയ ജാഗ്രതയാണ് പുലർത്തിയിരുന്നത്. പിച്ചൈ തന്റെ ലേഖനത്തില്‍ പറഞ്ഞതുപോലെ, അത് പരീക്ഷണഘട്ടത്തിലുള്ള ഒരു എഐചാറ്റ് സംവിധാനമാണ്. ലാംഡയുടെ കാര്യത്തില്‍ വളരെയധികം മുന്‍കരുതല്‍ എടുത്ത ഗൂഗിള്‍ ഇത് കേന്ദ്രീകരിച്ചു സൃഷ്ടിച്ചിരിക്കുന്ന ബാര്‍ഡ് അതിവേഗം ആളുകളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ചാറ്റ്ജിപിടി അധികം മുന്നേറുന്നതിനു മുൻപ് ശ്രദ്ധ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിരിക്കാം പുതിയ നീക്കം.
∙ ബാര്‍ഡ് ഇന്റര്‍നെറ്റില്‍നിന്ന് വിവരങ്ങള്‍ എടുക്കുന്നു
ചാറ്റ്‌ബോട്ടായ ബാര്‍ഡിനോട് സംശയം ചോദിച്ചാല്‍ ഉത്തരം നല്‍കാനായി ഈ സംവിധാനം ഇന്റര്‍നെറ്റില്‍നിന്ന് വിവരങ്ങള്‍ എടുക്കുമെന്ന് പിച്ചൈ പറയുന്നു. പുതിയതും ഉന്നത നിലവാരമുള്ളതുമായ പ്രതികരണം നല്‍കാന്‍ കെല്‍പ്പുള്ളതാണ് ബാര്‍ഡ് എന്നാണ് പിച്ചൈ പറയുന്നത്. (ചാറ്റ്ജിപിടി പ്രയോജനപ്പെടുത്തുന്നത് 2021 അവസാനം വരെ ഇന്റര്‍നെറ്റിലുള്ള വിവരങ്ങളാണ്. എന്നാല്‍, ബാര്‍ഡ് ഏറ്റവും പുതിയ വിവരങ്ങള്‍ വരെ ഉള്‍ക്കൊള്ളിച്ച് ഉത്തരം നല്‍കുമെന്നാണ് പിച്ചൈ ഉദ്ദേശിച്ചതെന്നു കരുതുന്നു). ഉത്തരങ്ങള്‍ വളരെ ആഴത്തിലുള്ളതായിരിക്കും. ചാറ്റ്ജിപിടിയിലേതു പോലെ ചാറ്റിങ് സാധിക്കും.
∙ സേര്‍ച്ചിന്റെ അടുത്ത ഘട്ടം
ഇപ്പോള്‍ ചാറ്റ്ജിപിടിയോട് ഉന്നയിക്കാവുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇനി ബാര്‍ഡിനോടും ചോദിക്കാം. ഉദാഹരണത്തിന്, ‘നാസയുടെ ജയിംസ് വെബ് ടെലസ്‌കോപ് നടത്തിയ പുതിയ കണ്ടെത്തലുകള്‍ ഒരു 9 വയസ്സുകാരന് മനസ്സിലാകുന്ന രീതിയില്‍ വിശദീകരിക്കുക’ എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിക്കാം. ലോക ഫുട്‌ബോളിലെ ഏറ്റവും നല്ല സ്‌ട്രൈക്കര്‍മാര്‍ ആരൊക്കെയാണെന്നു പഠിച്ച ശേഷം അവരുടെ ശീലങ്ങള്‍ അനുസരിച്ച് നിങ്ങളുടെ ഫുട്‌ബോള്‍ കളി മെച്ചപ്പെടുത്താന്‍ എന്തു ചെയ്യണമെന്നൊക്കെ ചോദിക്കാമെന്ന് പിച്ചൈ പറയുന്നു.
∙ ബാര്‍ഡ് ചാറ്റ്ജിപിടിയെ മലര്‍ത്തിയടിക്കുമോ?
ബാര്‍ഡ് പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ബാര്‍ഡ് ഉപയോക്താക്കളുടെ പ്രതികരണം അറിഞ്ഞ ശേഷം ഘട്ടംഘട്ടമായി ആയിരിക്കാം സേര്‍ച്ച് എൻജിന്‍ മികവ് കാണിച്ചു തുടങ്ങുക. നിലവില്‍ ചാറ്റ്ജിപിടിയില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിനായിരിക്കും ഊന്നല്‍. തുടക്കത്തില്‍ ബാര്‍ഡിന് ചാറ്റ്ജിപിടിയേക്കാള്‍ മികവ് പുലര്‍ത്താനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ആദ്യഘട്ടത്തിൽ ബാര്‍ഡിന് എന്തുമാത്രം ‘അറിവാണ്’ നല്‍കുന്നത് എന്നതിനെക്കുറിച്ച് ഗൂഗിള്‍ വ്യക്തത നൽകിയിട്ടില്ല. ചാറ്റ്ജിപിടിയുടെ പ്രകടനം 2021 വരെയുള്ള വിവരങ്ങള്‍ വരെയായി പരിമിതപ്പെടുത്തിയിട്ടുണ്ടല്ലോ. ബാര്‍ഡിന് ലാംഡയ്‌ക്കൊപ്പം ട്രാന്‍സ്‌ഫോര്‍മര്‍ ടെക്‌നോളജിയും പ്രയോജനപ്പെടുത്തും. ചാറ്റ്ജിപിടിക്കും മറ്റ് എഐ ചാറ്റുകള്‍ക്കു പിന്നിലും ഇത് പ്രവര്‍ത്തിക്കുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ ടെക്‌നോളജിക്കായി മുന്നോട്ടിറങ്ങിയ കമ്പനിയും ഗൂഗിള്‍ തന്നെയാണ്. പക്ഷേ, ഇത് കമ്പനി 2017ല്‍ ഓപ്പണ്‍ സോഴ്‌സ് ആക്കിയിരുന്നു.