കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി പോലീസ് എത്തിച്ച അധ്യാപകൻ കുത്തിക്കൊലപ്പെടുത്തിയ വനിതാ ഡോക്ടർ വന്ദന ദാസിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിൽ ബുധനാഴ്ച രാത്രി എട്ടോടെയാണ് മൃതദേഹം എത്തിച്ചത്.
പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുവന്നത്. മന്ത്രിമാരായ വി.എൻ.വാസവൻ, റോഷി അഗസ്റ്റിൻ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെയുള്ളവരും വന്ദനയുടെ വീട്ടിലെത്തി. മൃതദേഹം വീട്ടുമുറ്റത്ത് തയാറാക്കിയ പ്രത്യേക പന്തിലിൽ പൊതുദർശനത്തിനുവച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടു വളപ്പിൽ നടക്കും.
അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, എ.ഡി.ജി.പി. എം.ആര്. അജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് എന്നിവരും വന്ദനയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. പൊതുദര്‍ശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏക മകളുടെ വിയോഗം താങ്ങാനാവാതെ നെഞ്ച് പിടയുന്ന അവസ്ഥയിലാണ് വന്ദനയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും. വന്ദനയുടെ മരണവാർത്തയറിഞ്ഞ് നൂറുകണക്കിനാളുകളാണ് മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്കെത്തിയത്. വീട്ടുമുറ്റത്ത് തയാറാക്കിയ പ്രത്യേക പന്തിലിലാണ് പൊതുദർശനം.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വച്ച വന്ദനയുടെ മൃതദേഹത്തിൽ നൂറുകണക്കിനു പേരാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. തുടര്‍ന്ന് വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലും പൊതദര്‍ശനത്തിനു വച്ചപ്പോഴും നിരവധിപ്പേർ വന്ദനയെ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി.
















