തിരുവനന്തപുരം: യുവ ഡോക്ടർ വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി വീണ ജോർജിൻ്റെ പ്രസ്താവനയുടെ ഒരു ഭാഗം പിടിച്ച് സർക്കാരിനെതിരെ പ്രചാരണം അഴിച്ചു വിടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മനുഷ്യത്വമോ മര്യാദയോ ഇല്ലാത്ത വ്യാഖ്യാനമാണ് വീണ ജോർജിൻ്റെ പ്രസ്താവനയ്ക്ക് നൽകുന്നതെന്നു എം.വി ഗോവിന്ദൻ പറഞ്ഞു.
റോഡിൽ മുറിവ് പറ്റി കിടക്കുന്നയാളെ പൊലീസ് ആശുപത്രിയിൽ കൊണ്ട് പോകുകയാണ് ചെയ്തത്. അവിടെത്തിയ ശേഷം അയാൾ എല്ലാവരെയും ആക്രമിക്കുകയായിരുന്നു. നടക്കാൻ പാടില്ലാത്ത സംഭവമാണിത്. ദാരുണമായ സംഭവം നടന്നിട്ട് സർക്കാരിനെതിരെ എങ്ങനെ വാർത്ത ഉണ്ടാക്കാമെന്നാണ് ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും നോക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിൽ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാക്കുകള്‍ വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയാണെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ദുരന്തമുഖത്തുപോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസാണ് ഇവിടെ വെളിവാകുന്നതെന്നും അവർ കുറ്റപ്പെടുത്തി.
ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്. അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസാണ് ഇവിടെ വെളിവാകുന്നത്. താന്‍ പറഞ്ഞ വാക്കുകള്‍ അവിടെ തന്നെയുണ്ട്.
ദുരന്തത്തെക്കുറിച്ച് ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല താനെന്ന് തന്നെ അറിയുന്നവര്‍ക്ക് അറിയാം. വിശദീകരണത്തിനുള്ള സമയമല്ല ഇത്. എങ്കിലും മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോള്‍ ജനങ്ങള്‍ വസ്തുത മനസിലാക്കണമെന്നതുകൊണ്ട് ഇത്രയും പറയുന്നു. ബാക്കി പിന്നീട് പറയാം- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് പുലർച്ചെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച സന്ദീപ് ഹൗസ് സർജനായ വനിതാ ഡോക്ടർ 22 കാരിയായ വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസ്, കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്. കൊലയാളി കുവട്ടൂർ സ്വദേശി സന്ദീപ് നെടുമ്പന യുപി സ്കൂൾ അധ്യാപകനാണ്. ഇയാളെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.
















