തിരൂര്‍: താനൂര്‍ തൂവല്‍ തീരം ബീച്ചിലുണ്ടായ ബോട്ട് അപകടത്തില്‍ ജുഡീഷ്യന്‍ കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. റിട്ട. ജസ്റ്റിസ് വി.കെ. മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷനെയാണ് ഇതിനായി നിയോഗിച്ചത്.
നീലകണ്ഠൻ ഉണ്ണി (റിട്ട. ചീഫ് എഞ്ചിനീയർ, ഇൻലാന്റ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാർ (ചീഫ് എഞ്ചിനീയർ, കേരള വാട്ടർവേയ്‌സ് ആന്റ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ്) എന്നീ സാങ്കേതിക വിദഗ്ധർ കമ്മീഷൻ അംഗങ്ങളായിരിക്കും.
ദുരന്തത്തിൽ മരിച്ച 22 പേരുടെയും കുടുംബത്തിലെ അനന്തരാവകാശികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപാവീതം ധന സഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാചെലവ്, രക്ഷാപ്രവർത്തനം എന്നിവയ്‌ക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുകൂടാതെ പരിക്കേറ്റവരുടെ തുടർ ചികിത്സാ ചെലവ് വഹിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
















