കൊട്ടാരക്കര: യുവ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പൂയപ്പള്ളി സ്വദേശി ജി. സന്ദീപിനെ കോടതി റിമാൻഡ് ചെയ്തു. കൊട്ടാരക്കര ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സന്ദീപിനെ റിമാൻഡ് ചെയ്തത്.
14 ദിവസത്തേക്കാണ് റിമാൻഡ് അനുവദിച്ചത്. ആംബുലൻസിൽ വീൽചെയറിലാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. റിമാൻഡ് ചെയ്ത സന്ദീപിനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. പ്രതിഷേധം കണക്കിലെടുത്ത് കോടതി വളപ്പിൽ പോലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെയും ഡോക്ടർമാരുടെ പണിമുടക്ക് തുടരും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമനം ഓർഡിനൻസായി എത്രയും വേഗം പാസാക്കണമെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇന്ന് പുലർച്ചെയാണ് കേരളത്തെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച സന്ദീപ് ഹൗസ് സർജനായ വനിതാ ഡോക്ടർ 22 കാരിയായ വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസ്, കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്. കൊലയാളി കുവട്ടൂർ സ്വദേശി സന്ദീപ് നെടുമ്പന യുപി സ്കൂൾ അധ്യാപകനാണ്. ഇയാളെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.
















