മലപ്പുറം: താനൂരിൽ അപകടത്തിന് കാരണമായ ബോട്ടിന്‍റെ ഉടമ നാസറിനെ കോടതി റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. നാസറിനെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. പ്രതിക്ക് നേരെ കോടതിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.
നാസറിനെതിരെ പൊലീസ് നേരത്തെ കൊലപാതക കുറ്റം ചുമത്തിയിരുന്നു. കേസിൽ രണ്ടിലധികം പേർ പേർ പിടിയിലാകാനുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇന്നലെ കോഴിക്കോട് വെച്ചാണ് ബോട്ടുടമ നാസറിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. അപകടം നടന്ന ശേഷം ഒളിവിൽ പോയ പ്രതിക്കായി നടത്തിയ തിരച്ചിലിനൊടുവിലാണ് കോഴിക്കോട് വെച്ച് പിടികൂടുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്കെതിരെ കൊലക്കുറ്റം വരുന്ന ഐ.പി.സി 302 അടക്കം ഗുരുതരവകുപ്പുകൾ ചുമത്തി. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് എസ്.പി പറഞ്ഞു.
ബോട്ട് അപകടത്തിൽ തെളിയുന്നത് വിവിധ വകുപ്പുകളുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച്ചയാണ്. നടപടിക്രമങ്ങൾ ലംഘിച്ചിട്ടും പിഴയടച്ച് എല്ലാം മറികടക്കാൻ നാസറിന് വഴിയൊരുങ്ങിയത് ഈ അലംഭാവത്തിലാണ്.
ഉൾനാടൻ ജലഗതാഗതം സുരക്ഷിതമാക്കാനും ബോട്ടുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാനുമുള്ള കർശന വകുപ്പുകൾ ഉൾപ്പെടുന്ന 2021ലെ ഇൻലാൻഡ് വെസൽസ് ആക്ട് നിലവിലുണ്ട്. ഈ നിയമം നടപ്പാക്കുന്നു എന്ന് ഉറപ്പാക്കേണ്ട തുറമുഖ വകുപ്പ്, മേൽനോട്ടം വഹിക്കേണ്ട മരി ടൈം ബോർഡും, എല്ലാം ഉണ്ടായിട്ടും സകല നിയമങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് താനൂർ സ്വദേശി നാസറിന് എങ്ങനെയാണ് അറ്റ്ലാൻറിക് എന്ന ബോട്ട് തൂവൽ തീരത്ത് സർവീസിന് ഇറക്കാൻ കഴിഞ്ഞത് എന്നാണ് ഉയരുന്ന ചോദ്യം. അനുവദനീയമായതിലും അധികം ആളുകളെ കയറ്റി അപകടകരമായ രീതിയിൽ ബോട്ട് സർവീസ് നടത്തുന്നത് സംബന്ധിച്ച് പരാതി ഉയർന്നിട്ടും നോക്കിനിന്ന പൊലീസിനും ടൂറിസം വകുപ്പിനുമടക്കം ഈ ദുരന്തത്തിൽ കൂട്ടുത്തരവാദിത്തമുണ്ട് എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
















